തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാന്‍ പ്രയാസമാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. നിലവില്‍ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന് ആശ്വാസമാകുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചാല്‍ അദ്ദേഹത്തിന് എംഎല്‍എ സ്ഥാനം തിരികെ ലഭിക്കാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയും. ഇതിന്റ ഭാഗമായാണ് ശിക്ഷയും കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവും മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രമാണുള്ളതെന്നും പ്രതി കുറ്റക്കാരനാണെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കോടതി വിലയിരുത്തി. തൊണ്ടിമുതലായ അടിവസ്ത്രം കോടതിയില്‍ നിന്ന് വാങ്ങിയപ്പോഴും തിരികെ ഏല്‍പ്പിച്ചപ്പോഴും ആന്റണി രാജുവാണ് ഒപ്പിട്ടിരിക്കുന്നതെന്ന് വസ്തുതയാണെങ്കിലും ആ വസ്ത്രത്തില്‍ കൃത്രിമം നടത്തിയത് അദ്ദേഹമാണെന്ന് എങ്ങനെ തെളിയിക്കാന്‍ കഴിയുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു.
കൃത്രിമം നടന്നത് എവിടെവച്ച്, ആര് നടത്തി എന്നെല്ലാം കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശ്രദ്ധയില്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ആന്റണി രാജുവിനുമേല്‍ കുറ്റം ആരോപിക്കാന്‍ കഴിയുന്നത് എന്നും കോടതി ചോദിച്ചു. ഹൈക്കോടതി വിജിലന്‍സ് വിഭാഗം മുമ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും കോടതി പരിശോധിച്ചു. സംഭവസമയത്തെ ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ മാത്രം എന്തുകൊണ്ട് നടപടി വന്നുവെന്നും അന്നത്തെ സീനിയര്‍ അഭിഭാഷകര്‍ക്കെതിരെ എന്തുകൊണ്ട് അന്വേഷണം ഉണ്ടായില്ലെന്നും കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha





















