നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായി. കഴിഞ്ഞ 16 ദിവസമായി ഒളിവിലായിരുന്ന ഇവര്‍, തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് ഇന്ന് രാവിലെ കണ്ണൂര്‍ എസിപി ഓഫീസിലെത്തിയത്. അന്വേഷണ സംഘം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതി ഉത്തരവ് പ്രകാരം ജാമ്യത്തില്‍ വിട്ടയച്ചു.
കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഡോ. സംഗീതയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ ഒന്നാം പ്രതി ഡോ. എം.കെ. റാമും ഡോ. സംഗീതയും ഒളിവിലായിരുന്നു. സംഗീതയ്ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍, ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.
ഡോ. സംഗീതയ്‌ക്കെതിരെ നേരിട്ടുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതാണ് ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമായത്. നിതിന്‍ രാജ് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ എത്തിയ സമയത്ത് സംഗീത അവിടെ ഉണ്ടായിരുന്നില്ലെന്ന വാദം കോടതി കണക്കിലെടുത്തു. എന്നാല്‍, ഡോ. എം.കെ. റാം ചെയ്തതിന് സമാനമായ കുറ്റകൃത്യങ്ങളില്‍ സംഗീതയ്ക്കും പങ്കുണ്ടെന്നാണ് നിതിന്റെ കുടുംബം ഉറച്ചു വിശ്വസിക്കുന്നത്. കുടുംബത്തിന്റെ പരാതിയിലാണ് അധ്യാപകരായ ഇരുവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























