വിധിയുടെ ക്രൂരതയില്‍ തകര്‍ന്ന അച്ഛനും മൂന്ന് കുരുന്നുകളും: അമ്മയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ സഹായം തേടുന്നു

ആലപ്പുഴ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ സഹായം തേടി അച്ഛനും മൂന്ന് കുരുന്നുകളും. സൈക്കിളില്‍ നിന്ന് വീണ് ബിഹാര്‍ സ്വദേശിനിയായ സൈറ ഹാത്തൂന്‍ (30) മരിച്ചതോടെ, പണമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം പോലും നല്‍കാനാവാത്ത സാഹചര്യത്തിലാണ് ഭര്‍ത്താവ് ലഡു. ഇന്നലെ രാത്രി മാന്നാറിലായിരുന്നു അപകടം. ലഡുവിനും ഇളയ കുഞ്ഞിനുമൊപ്പം സൈക്കിളില്‍ പച്ചക്കറി വാങ്ങാന്‍ പോയതായിരുന്നു സൈറ. യാത്രയ്ക്കിടെ സൈക്കിളില്‍ നിന്ന് വീഴാന്‍ പോയ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സൈറ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്ക് മരണത്തിന് കാരണമായി.
സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറായ ലഡുവും കുടുംബവും ആറ് വര്‍ഷമായി കേരളത്തിലുണ്ട്. ഒമ്പതും മൂന്നും രണ്ടും വയസുള്ള മൂന്ന് പെണ്‍കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച്, ഭാര്യയുടെ മൃതദേഹം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന ആഗ്രഹത്തിലാണ് ഇദ്ദേഹം. ചെന്നിത്തലയിലെ വാടകവീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് നിലവില്‍ ആരുടെയും സഹായമില്ല. ജോലി ചെയ്തിരുന്ന കമ്പനി ഉടമ പോലും കൈവിട്ടതോടെ ഇവര്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ഈ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളും അധികൃതരും അടിയന്തരമായി ഇടപെടേണ്ടതുണ്ട്. മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനും ഈ പിഞ്ചുകുഞ്ഞുങ്ങളുടെ വിശപ്പടക്കുന്നതിനും കരുണയുള്ളവരുടെ സഹായം അനിവാര്യമാണ്.
https://www.facebook.com/Malayalivartha























