അനധികൃത മീൻപിടിത്തം നടത്തിയതിന് പിഴയിനത്തിലും മീൻ ലേലം ചെയ്ത് വിറ്റതിലൂടെയും ഫിഷറീസ് വകുപ്പിന് ലഭ്യമായത് 4.22 കോടി രൂപ

അനധികൃത മീൻപിടിത്തം നടത്തിയതിന് പിഴയിനത്തിലും മീൻ ലേലം ചെയ്ത് വിറ്റതിലൂടെയും കഴിഞ്ഞ സാമ്പത്തിക വർഷം ഫിഷറീസ് വകുപ്പിന് ലഭ്യമായത് 4.22 കോടി രൂപ.
3.55 കോടി പിഴയിനത്തിലും 67.56 ലക്ഷം രൂപ മീൻലേലത്തിലും. കടൽതീരമുള്ള സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ തൃശ്ശൂരിൽ നിന്നാണ് കൂടുതൽ തുക ലഭ്യമായത്. പിഴയിനത്തിൽ 89.65 ലക്ഷവും മീൻലേലത്തിലെ 28.21 ലക്ഷവും ചേർത്ത് 1.17 കോടി രൂപ. എറണാകുളമാണ് രണ്ടാമത്. 1.04 കോടി രൂപയാണ് ഇവിടെനിന്ന് ലഭിച്ചത്. 70.89 ലക്ഷം രൂപ കിട്ടിയ കോഴിക്കോടാണ് മൂന്നാമത്.
കടൽ മത്സ്യമേഖലയിൽ ഏറ്റവും കൂടുതൽ നിയമലംഘന കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട്ടാണ്. 106 നിയമലംഘനങ്ങൾ. 96 നിയമലംഘനങ്ങളുമായി കണ്ണൂരാണ് രണ്ടാമത്. 82 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയ ആലപ്പുഴയാണ് മൂന്നാമത്. പിഴത്തുകയിലും മീൻലേലത്തിലും ഏറ്റവും കൂടുതൽ തുക ലഭിച്ച തൃശ്ശൂർ ജില്ല 80 നിയമലംഘന കേസുകളുമായി നാലാം സ്ഥാനത്താണ്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള റെസ്‌ക്യു സംഘം മീൻപിടിത്തത്തിനിടെയുള്ള അപകടങ്ങളിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ചതും തൃശ്ശൂരിലാണ്. 1260 മത്സ്യത്തൊഴിലാളികളെയാണ് തൃശ്ശൂരിൽ രക്ഷിച്ചത്.
https://www.facebook.com/Malayalivartha

























