മുഖ്യമന്ത്രി വി ഡി സതീശനെ സി പി എം ട്രാപ്പിലാക്കി...ചീഫ് സെക്രട്ടറിയെയാണ് സി പി എം കരുവാക്കിയത്... ഇതോടെ പുത്തരിയിൽ കല്ലുകടിച്ചു.. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ കട്ട കലിപ്പിലാണ്..

മുഖ്യമന്ത്രി വി ഡി സതീശനെ സി പി എം ട്രാപ്പിലാക്കി.ചീഫ് സെക്രട്ടറിയെയാണ് സി പി എം കരുവാക്കിയത്. ഇതോടെ പുത്തരിയിൽ കല്ലുകടിച്ചു. വി.ഡി. സതീശൻ ചീഫ് സെക്രട്ടറിയുടെ ട്രാപ്പിൽ വീണതിലാണ് മന്ത്രിമാർക്ക് അമർഷം . സഹമന്ത്രിമാർ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്ത് എത്തിയില്ലെങ്കിലും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ കട്ട കലിപ്പിലാണ്. ആർ ഡി ഒ നവീൻ ബാബുവിന്റെ കൊലപാതക കേസിലെ വില്ലനെന്ന് ആരോപണം ഉയർന്ന അരുൺ കെ വിജയനെ തന്റെ വകുപ്പിൽ നിയമിച്ചതിലാണ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് കലിപ്പ്. അടുത്ത മന്ത്രിസഭായോഗത്തിൽ ഈ സ്ഥലംമാറ്റം റദ്ദാക്കും. ചീഫ് സെക്രട്ടറിയെ കുഞ്ഞാലിക്കുട്ടി വലിച്ചുകീറും. ഇത്തരം സങ്കീർണതകൾ സൂക്ഷമതയോടെ കൈകാര്യം ചെയ്യണമെന്ന നിർദ്ദേശം മുഖ്യമന്ത്രിക്ക് സ്നേഹബുദ്ധ്യാ നൽകും.
മുഖ്യതിരഞ്ഞടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതും ചീഫ് സെക്രടറിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാക്കുന്നു. ഇതാണ് അനാവശ്യവിവാദങ്ങൾക്ക് കാരണമായത്.സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് നടത്തിയ വൻ അഴിച്ചുപണിയിൽ കുഞ്ഞാലിക്കുട്ടിക്ക് പുറമേ യുഡിഎഫ് മന്ത്രിമാർക്കിടയിൽ കടുത്ത അതൃപ്തി പുകയുന്നു. ആറ് ജില്ലാ കളക്ടർമാർ അടക്കം 15 മുതിർന്ന ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസം മാറ്റി നിയമിച്ചത്. വകുപ്പ് മന്ത്രിമാരുമായി യാതൊരുവിധ ആശയവിനിമയവും നടത്താതെയാണ് ഈ തീരുമാനമെടുത്തതെന്നാണ് പ്രധാന പരാതി. വ്യവസായ വകുപ്പ് ഡയറക്ടറെ മാറ്റിയത് മന്ത്രി അറിഞ്ഞിട്ടില്ലെന്ന് ലീഗുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഇത് ആഭ്യന്തര കാര്യമാണെന്നും മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.
കുഞ്ഞാലിക്കുട്ടി ഇത്തരം കാര്യങ്ങളിൽ ഒരിക്കലും സർക്കാരിനെതിരെ സംസാരിക്കില്ല. അത് അദ്ദേഹത്തിന്റെ ഔന്നത്യം. ജില്ലാ കളക്ടർമാരെ മാറ്റിയത് റവന്യൂ മന്ത്രിയുടെ അറിവില്ലാതെയാണെന്നതാണ് ലഭിക്കുന്ന വിവരം. കൊല്ലം കളക്ടറുടെ നിയമനത്തിൽ മന്ത്രി ഷിബു ബേബി ജോൺ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റി എം.ഡി.യുടെ നിയമനം ജലവിഭവ വകുപ്പ് മന്ത്രിയെ അറിയിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.മുഖ്യമന്ത്രി ഡൽഹിയിൽ ആയിരുന്നപ്പോൾ ചീഫ് സെക്രട്ടറി ജയതിലക് ഫോൺ മുഖേന അദ്ദേഹവുമായി ചർച്ച ചെയ്താണ് ഈ ഉത്തരവിറക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, വകുപ്പ് മന്ത്രിമാരുടെ താൽപ്പര്യം അന്വേഷിക്കാത്ത ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രിമാർക്ക് അമർഷമുണ്ട്. അവർ മുഖ്യമന്ത്രിയെ പരസ്യമായി കുറ്റം പറയുന്നില്ലെന്നേയുള്ളു.
എന്നാൽ ആരോപണത്തിന്റെ അങ്ങേയറ്റത്ത് മുഖ്യമന്ത്രിയെയാണ് മന്ത്രിമാർ ലക്ഷ്യമിടുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിമാർക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന രീതിയിലുള്ള നീക്കമാണിതെന്ന് ഘടകക്ഷികൾ സംശയിക്കുന്നു. ഭരണ പരിചയമില്ല എന്നതാണ് മുഖ്യമന്ത്രി സതീശന്റെ ഏറ്റവും വലിയ വെല്ലുവിളി. ചീഫ് സെക്രട്ടറിയെ പോലുള്ള ഉദ്യോഗസ്ഥർ വെളിച്ചപ്പാടുമാരാകുന്നത് ഇങ്ങനെയാണ്. തെറ്റായ ഉപദേശങ്ങൾ ഭരണപരിചയക്കുറവിൽ മുഖ്യമന്ത്രി കേൾക്കും.മുഖ്യമന്ത്രിയുടെ ഓഫീസിൽ രത്തൻ ഖേൽക്കറെ നിയമിച്ചത് ഘടകക്ഷികൾക്കിടയിലും കോൺഗ്രസിനുള്ളിലും വലിയ ചർച്ചയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹമെന്നതാണ് പ്രധാന വിമർശനം.
മുൻ സർക്കാർ കൊണ്ടുവന്ന ഭൂപതിവ് ചട്ട ഭേദഗതി പുനർപ്പരിശോധിക്കാനുള്ള നീക്കത്തിലും ചില സഭകൾക്കും നേതാക്കൾക്കും അതൃപ്തിയുണ്ട്.ഇതിന് പിന്നിൽ സിപി എമ്മിന്റെ കള്ളകളിയുണ്ടെന്ന് കരുതുന്ന മന്ത്രിമാർ സർക്കാരിലുണ്ട്.കാരണം ചീഫ് സെക്രട്ടറി പിണറായി വിജയന്റെ വിശ്വസ്തനാണ്. പിണറായി സർക്കാരിന്റെ കാലത്ത് നടന്ന എല്ലാ കുഴപ്പങ്ങൾക്കും ഇദ്ദേഹത്തിന്പങ്കുണ്ടെന്ന് പറയാറുണ്ട്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നിട്ടും ചീഫ് സെക്രട്ടറിയെ മാറ്റാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. അതിന്റെ ഫലം അദ്ദേഹം അനുഭവിക്കും എന്ന് വിശ്വസിക്കുന്ന നിരവധി നേതാക്കളുണ്ട്. ഈ വിഷയങ്ങൾ നാളത്തെ മന്ത്രിസഭാ യോഗത്തിൽ വലിയ ചർച്ചയാകാൻ സാധ്യതയുണ്ട്. മന്ത്രിമാർ തങ്ങളുടെ പ്രതിഷേധം യോഗത്തിൽ നേരിട്ട് അറിയിച്ചേക്കും.
സംസ്ഥാന ഭരണതലപ്പത്ത് വലിയ മാറ്റങ്ങളാണ് ഈ പുതിയ ഉത്തരവിലൂടെ വന്നിരിക്കുന്നത്. നിലവിലെ ജിഎസ്ടി വകുപ്പ് കമ്മീഷണറായ പാറ്റീല്‍ അജിത് ഭഗവത് റാവു ഐഎഎസിനെ ധനകാര്യ (വിഭവ) വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ട്രാന്‍സ്പോര്‍ട്ട് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായ പി. ബി നൂഹ് ഐഎഎസിനെയാണ് പുതിയ ജിഎസ്ടി വകുപ്പ് കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന കെ. ഇമ്പശേഖര്‍ ഐഎഎസാണ് പുതിയ കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍. കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യൂ ചെയിന്‍ മോഡേണൈസേഷന്‍ പ്രൊജക്റ്റിന്റെ (KERA) ജോയിന്റ് പ്രൊജക്റ്റ് ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതലയും ഇദ്ദേഹത്തിനായിരിക്കും. കണ്ണൂര്‍ കളക്ടറായിരുന്ന അരുണ്‍ കെ. വിജയന്‍ ഐഎഎസിനെയാണ് വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചത്. ഈ നിയമനത്തിലാണ് പ്രധാനമായും വ്യവസായ മന്ത്രി അതൃപ്തി അറിയിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് കെഎസ്‌ഐഡിസി (KSIDC) മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന സ്‌നേഹില്‍ കുമാര്‍ സിങ് ഐഎഎസിനെ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി നിയമിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ (Entrance Commissioner) പൂര്‍ണ്ണ അധിക ചുമതലയും ഇദ്ദേഹം നിര്‍വ്വഹിക്കും.തിരഞ്ഞെടുപ്പിന് മുന്നോടിയായി പല ജിലകളിലെയും കളക്ടര്‍മാരെ മാറ്റിയപ്പോള്‍ അരുണ്‍ കെ വിജയനെ മാറ്റാന്‍ തയ്യാറായിരുന്നില്ല. കണ്ണൂരിലെ മുന്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ ഏറെ ആരോപണ വിധേയനായ കളക്ടറാണ് അരുണ്‍ കെ വിജയന്‍. അന്നത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ യാത്രയയപ്പ് യോഗത്തില്‍ എഡിഎം നവീന്‍ ബാബുവിനെ അധിക്ഷേപിച്ചു കൊണ്ടു സംസാരിച്ചപ്പോള്‍ കേട്ടു നിന്ന കളക്ടര്‍ എതിര്‍ത്തില്ലെന്നായിരുന്നു ആരോപണം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും കുടുംബവും കളക്ടര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ മുഖ്യ ഭരണകക്ഷിയുടെ പിന്തുണയുള്ളതിനാല്‍ അദ്ദേഹം കസേരയില്‍ തുടരുകയായിരുന്നു.ആത്മഹത്യ ചെയ്ത എ.ഡി.എമ്മിനെതിരെ അന്വേഷണ കമ്മീഷനു മുന്‍പില്‍ കളക്ടര്‍ മൊഴി നല്‍കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അരുണ്‍ കെ വിജയന്‍ കളക്ടറായി ചുമതലയേറ്റതിനു ശേഷം വിവാദങ്ങളാണ് ഏറെയുണ്ടായത്. ജീവനക്കാരില്‍ നിന്നും കൃത്യമായി അകലം പാലിച്ച ജനങ്ങളോട് ഇടപെഴകാന്‍ തയ്യാറാകാത്ത ബ്യൂറോക്രറ്റായിരുന്നു അരുണ്‍ കെ വിജയനെന്ന ആരോപണം ഉയര്‍ന്നിരുന്നു.മറ്റു പ്രധാന വകുപ്പ് തലപ്പത്തെ നിയമനങ്ങള്‍ പരിശോധിച്ചാല്‍, കൊല്ലം ജില്ലാ കളക്ടറായിരുന്ന ദേവിദാസ് എന്‍ ഐഎഎസിനെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (KILA) ഡയറക്ടറായി നിയമിച്ചു. ഇന്‍പാക്ട് കേരള ലിമിറ്റഡിന്റെ എംഡി ചുമതലയും ഇദ്ദേഹം വഹിക്കും. പ്രവേശന പരീക്ഷാ കമ്മീഷണറായിരുന്ന അരുണ്‍ എസ്. നായര്‍ ഐഎഎസിനെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായി നിയമിച്ചു.
കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ, കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സിഇഒ എന്നീ അധിക ചുമതലകളും ഇദ്ദേഹം വഹിക്കും. പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന പ്രേം കൃഷ്ണന്‍ എസ് ഐഎഎസിനെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറിയായും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായും (OSD) നിയമിച്ചു. ആലപ്പുഴ സബ് കളക്ടറായിരുന്ന സമീര്‍ കിഷന്‍ ഐഎഎസിനെ വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായും നിയമിച്ചു. കയര്‍ വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും ഇദ്ദേഹത്തിനാണ്.വകുപ്പ് തലപ്പത്തെ മാറ്റങ്ങള്‍ക്ക് പുറമേ, സംസ്ഥാനത്തെ പ്രധാന ജില്ലകള്‍ക്ക് പുതിയ കളക്ടര്‍മാരെയും ഉത്തരവിലൂടെ നിയോഗിച്ചിട്ടുണ്ട്. പാലക്കാട് കളക്ടറായിരുന്ന മാധവിക്കുട്ടി എം.എസ് ഐഎഎസിനെ കോഴിക്കോട് ജില്ലാ കളക്ടറായും, കില ഡയറക്ടറായിരുന്ന നിസാമുദീന്‍ എ ഐഎഎസിനെ പത്തനംതിട്ട ജില്ലാ കളക്ടറായും നിയമിച്ചു.
വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ആനി ജൂല തോമസ് ഐഎഎസിനെ കൊല്ലം ജില്ലാ കളക്ടറായും, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായിരുന്ന സുധീര്‍ കെ ഐഎഎസിനെ പാലക്കാട് ജില്ലാ കളക്ടറായും നിയമിച്ചിട്ടുണ്ട്.കൊച്ചി സ്മാര്‍ട്ട് മിഷന്‍ സിഇഒ ആയിരുന്ന ഷാജി വി. നായര്‍ ഐഎഎസാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍. വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന വിഷ്ണുരാജ് പി ഐഎഎസിനെ കണ്ണൂര്‍ ജില്ലാ കളക്ടറായും നിയമിച്ചു. പുതിയ കളക്ടര്‍മാരായി നിയമിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജോയിനിങ് ടൈം ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് 2026 മെയ് 25-ന് തന്നെ അതത് ജില്ലകളില്‍ നേരിട്ടെത്തി ചാര്‍ജ്ജെടുക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് ഭരണരംഗത്ത് അഴിച്ചുപണികള്‍ക്ക് തുടക്കമിട്ടതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തെ ഐ.എ.എസ് വൃത്തങ്ങളിലും ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും വന്‍ പുകിലുകള്‍ക്ക് തിരികൊളുത്തി ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെയുള്ള പുതിയ പെന്‍ഷന്‍ വിവാദം.
സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ജയതിലകിന് ചട്ടങ്ങള്‍ മറികടന്ന് മുന്‍കൂര്‍ പെന്‍ഷന്‍ അനുവദിച്ച മുന്‍ സര്‍ക്കാരിന്റെ നടപടി റദ്ദാക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ പുതിയ സര്‍ക്കാരിന് മുന്നിലെത്തിയിരിക്കുന്നത്. ജയതിലകിനെതിരെ മുന്‍പും നിരവധി പരാതികള്‍ നിലവിലുണ്ടെന്നും അതെല്ലാം പുതിയ സര്‍ക്കാര്‍ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് സൂചന നല്‍കുന്നുണ്ടെങ്കിലും, വിരമിക്കല്‍ ഘട്ടത്തില്‍ കടുത്ത നടപടികളിലേക്ക് കടന്ന് ബ്യൂറോക്രസിയുമായി ഒരു പരസ്യ യുദ്ധത്തിന് മുഖ്യമന്ത്രി തയ്യാറാകുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം.ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്സിംഗ് ആണ് മുഖ്യമന്ത്രി വി.ഡി. സതീശന് ഇത് സംബന്ധിച്ച് നേരിട്ട് പരാതി നല്‍കിയിരിക്കുന്നത്. സാധാരണഗതിയില്‍ ഒരു ഉദ്യോഗസ്ഥന്‍ വിരമിക്കുന്ന ദിവസത്തിലോ അല്ലെങ്കില്‍ അതിന് തൊട്ടുപിറ്റേന്നോ മാത്രമാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിച്ച് പൊതുഭരണവകുപ്പ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കാറുള്ളത്.
എന്നാല്‍ ജയതിലകിന്റെ കാര്യത്തില്‍ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ട വിഷയത്തില്‍, കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിന്റെ അവസാന നാളുകളില്‍ മുന്‍കൂട്ടി ഇടപെടുകയും ജയതിലക് സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ പെന്‍ഷന്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവിറക്കുകയുമായിരുന്നു. ഈ നടപടി പ്രസ്തുത മാനദണ്ഡങ്ങള്‍ക്ക് പൂര്‍ണ്ണമായും വിരുദ്ധമാണെന്നും നിലവിലുള്ള ഭരണവ്യവസ്ഥിതിയെ അട്ടിമറിക്കുന്നതാണെന്നുമാണ് പരാതിയിലെ പ്രധാന ആക്ഷേപം.പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് കൃത്യം ഒരു മാസം തികയുന്ന ഘട്ടത്തിലാണ് നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് വിരമിക്കുന്നത്. ജയതിലകിനെതിരെ ചട്ടലംഘനങ്ങളുടെയും ഭരണപരമായ ക്രമക്കേടുകളുടെയും നിരവധി പരാതികള്‍ പുതിയ സര്‍ക്കാരിന്റെ മുന്നിലുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍, വിരമിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള ഒരു ചീഫ് സെക്രട്ടറിക്കെതിരെ പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കുന്നത് പോലുള്ള പെട്ടെന്നുള്ള കടുത്ത അച്ചടക്ക നടപടികളിലേക്ക് പോകാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് താല്പര്യമില്ലെന്നാണ് സൂചന.
വിരമിക്കല്‍ ഘട്ടത്തില്‍ ഇത്തരമൊരു നടപടി ഉണ്ടാക്കിയേക്കാവുന്ന ഭരണപരമായ പ്രതിസന്ധികളും നിയമപരമായ സങ്കീര്‍ണ്ണതകളും ഒഴിവാക്കാനാണ് സര്‍ക്കാര്‍ താല്കാലികമായി ശ്രമിക്കുന്നത്. എങ്കിലും ജയതിലകിന് അനുവദിക്കപ്പെട്ട ആനുകൂല്യങ്ങള്‍ക്ക് അദ്ദേഹത്തിന് യഥാര്‍ത്ഥത്തില്‍ അര്‍ഹതയുണ്ടോ എന്ന് വിരമിച്ച ശേഷവും പരിശോധിക്കാനുള്ള എല്ലാ പഴുതുകളും സര്‍ക്കാര്‍ തുറന്നിടുന്നുണ്ട്.ഈ വിഷയത്തില്‍ പുതിയ സര്‍ക്കാരിന് ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് കേരളത്തിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെയുള്ള ശക്തമായ ചേരിതിരിവാണ്. ജയതിലകിനെതിരെ ഐ.എ.എസുകാരിലെ ഒരു പ്രമുഖ വിഭാഗം അതിശക്തമായി രംഗത്തുണ്ട്. മുന്‍ ഭരണകാലത്ത് തങ്ങളെ ഒതുക്കാനും വേട്ടയാടാനും ജയതിലക് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് വിശ്വസിക്കുന്ന ഒരു വലിയ നിര ഉദ്യോഗസ്ഥര്‍ പുതിയ ആഭ്യന്തര-വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി വി.ഡി. സതീശനും മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
ചട്ടവിരുദ്ധമായി പെന്‍ഷന്‍ ഓര്‍ഡര്‍ വാങ്ങിയ നടപടിയിലൂടെ ജയതിലക് പുതിയ സര്‍ക്കാരിനെപ്പോലും വെല്ലുവിളിച്ചിരിക്കുകയാണെന്നാണ് ഈ ഉദ്യോഗസ്ഥരുടെ വാദം. അതുകൊണ്ടുതന്നെ ഈ പരാതി വെറുതെ തള്ളിക്കളയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ല.ഭരണത്തിന്റെ ആദ്യ നാളുകളില്‍ ബ്യൂറോക്രസിയില്‍ പൂര്‍ണ്ണമായ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുന്ന വി.ഡി. സതീശന്റെ രാഷ്ട്രീയ നിലപാട് ഈ കേസില്‍ നിര്‍ണ്ണായകമാകും. മുന്‍ സര്‍ക്കാരിന്റെ വിശ്വസ്തനായിരുന്ന ജയതിലകിനോട് മൃദുസമീപനം കാണിച്ചാല്‍ അത് കോണ്‍ഗ്രസ് അനുകൂലികളായ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന ഭയം സര്‍ക്കാരിനുണ്ട്. അതിനാല്‍ പരാതി തള്ളിക്കളയാതെ, കൃത്യമായ ശാസ്ത്രീയ-നിയമ പരിശോധനയ്ക്ക് വിടാനായിരിക്കും മുഖ്യമന്ത്രിയുടെ തീരുമാനം.
ജയതിലകിനെതിരെ നിലവിലുള്ള മറ്റ് വിജിലന്‍സ് പരാതികള്‍ കൂടി ഇതിനൊപ്പം പരിശോധിക്കപ്പെടുന്നതോടെ വിരമിച്ച ശേഷവും മുന്‍ ചീഫ് സെക്രട്ടറിക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി കൈപ്പറ്റാന്‍ നിയമപരമായ കടമ്പകള്‍ ഏറെ കടക്കേണ്ടി വരും.അതായത് മുഖ്യമന്ത്രിയുടെ ഭാവി കൂടുതൽ ദുരിതപൂർണമാകാൻ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha























