നിയമസഭയിൽ രണ്ടു ഭരണപക്ഷ എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞയിൽ ചട്ടലംഘനം..ആലുവ എം.എൽ.എ. അൻവർ സാദന്റെ സത്യപ്രതിജ്ഞ അസാധുവാണെന്ന് പ്രതിപക്ഷം..തിരുവഞ്ചൂരിന്റെ തീരുമാനം..

നിയമസഭാസമ്മേളനത്തിൽ ഭരണപക്ഷത്തിന് ആദ്യത്തെ കുരുക്കിടാൻ തയ്യാറെടുത്ത് പ്രതിപക്ഷം. നിയമസഭയിൽ രണ്ടു ഭരണപക്ഷ എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞയിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ് വിമർശനം. ഇതിനു പുറമെ, സത്യപ്രതിജ്ഞാച്ചടങ്ങിനിടെ സന്ദർശക ഗാലറിയിൽ ആർപ്പുവിളിയും കൈയടിയും ഉയർന്നത് അച്ചടക്കലംഘനമായി ഉയർത്തിക്കാട്ടും. രാഷ്ട്രീയഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരനായ, തനത് കോട്ടയം ശൈലിയിലുള്ള നയതന്ത്രജ്ഞതയ്ക്ക് പേരുകേട്ട തിരുവഞ്ചൂരിന് സഭാനാഥനെന്ന നിലയില്‍ ഇതോടെ ആദ്യ അഗ്‌നിപരീക്ഷയായി. സ്പീക്കറുടെ റൂളിംഗ് എന്താകുമെന്നതിനെ ആശ്രയിച്ചിരിക്കും സഭയുടെ വരും ദിവസങ്ങളിലെ ഭാവി.
ആലുവ എം.എൽ.എ. അൻവർ സാദത്ത് പ്രതിജ്ഞയ്ക്കിടെ സത്യവാചകത്തിനു പുറമേ, 'എന്റെ പ്രിയപ്പെട്ട ആലുവക്കാർക്കുള്ള നന്ദിയും രേഖപ്പെടുത്തുന്നു' എന്ന് പറഞ്ഞതിലാണ് തർക്കം. ഭരണഘടനയനുസരിച്ച് പ്രതിജ്ഞാവാക്യത്തിൽ ഒന്നും കൂട്ടിച്ചേർക്കാൻ പാടില്ല.അതിനാൽ, അൻവർ സാദത്തിന്റെ സത്യപ്രതിജ്ഞ അസാധുവാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.രക്തസാക്ഷിഫണ്ടിലെ ക്രമക്കേട് ചോദ്യം ചെയ്തതിന്റെ പേരിൽ സി.പി.എമ്മിൽനിന്നും പുറത്താക്കപ്പെട്ട പയ്യന്നൂർ എം.എൽ.എ. വി. കുഞ്ഞികൃഷ്ണനെ ഉന്നമിട്ടാണ് മറ്റൊരു നീക്കം. കുഞ്ഞികൃഷ്ണൻ പ്രതിജ്ഞ ചെയ്യുമ്പോൾ പ്രോടെം സ്പീക്കർ ജി. സുധാകരൻ ചെയറിൽ ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തൽ.
പ്രോടെം സ്പീക്കർക്കു മുൻപാകെയാണ് ശപഥമെടുത്ത് എം.എൽ.എ.മാർ അധികാരമേറേണ്ടെന്നിരിക്കേ, അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലുള്ള പ്രതിജ്ഞയ്ക്കു നിയമസാധുത ഇല്ലെന്നാണ് വാദം.ഇരുവരുടെയും പ്രതിജ്ഞ റദ്ദാക്കാനും വീണ്ടും സത്യവാചകം ചൊല്ലിക്കാനുംആവശ്യപ്പെട്ട് സ്പീക്കർക്കു പരാതി നൽകുമെന്ന് സി.പി.എം. വൃത്തങ്ങൾപറഞ്ഞു.ഇരുവര്‍ക്കും പുറമേ സത്യപ്രതിജ്ഞയ്ക്കിടെ സന്ദർശക ഗാലറിയിലിരുന്ന് കൈയടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തത് സഭാമര്യാദയുടെ ലംഘനമാണെന്നും പ്രതിപക്ഷം ഉന്നയിക്കും.
ഭരണഘടനയുടെ അനുച്ഛേദം-188 അനുസരിച്ചുള്ളതാണ് എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞ. വ്യവസ്ഥാപിതമായി തയ്യാറാക്കിയ വാചകങ്ങൾമാത്രമേ പ്രതിജ്ഞാവേളയിൽ വായിക്കാവൂ. ഇംഗ്ലീഷിലോ ഹിന്ദിയിലോ പ്രാദേശികഭാഷയിലോ പ്രതിജ്ഞ ചെയ്യാം. ശപഥം ദൈവനാമത്തിലോ സഗൗരവമോ ആവാം.വാക്കുകളോ വാചകങ്ങളോപുതുതായോ അധികമായോ കൂട്ടിച്ചേർക്കാൻ പാടില്ല.വ്യതിചലനം വന്നാൽ, പ്രതിജ്ഞ അസാധുവാകും. വീണ്ടും പ്രതിജ്ഞയെടുക്കണം. അതേസമയം, പരാതി ഉയർന്നാൽ സ്പീക്കറുടെ തീരുമാനമായിരിക്കും നിർണായകം.
https://www.facebook.com/Malayalivartha


























