ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും കവടിയാർ കൊട്ടാരത്തിലും നടന്ന സ്വർണ്ണ കൊള്ളകൾ തമ്മിൽ ബന്ധമുണ്ടോ... ശബരിമല സ്വർണകൊള്ളക്ക് ശേഷം കേരളം ഞ്ഞെട്ടിപോകുന്ന ചില വസ്തുതകൾ ഇതിലുണ്ട്...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും കവടിയാർ കൊട്ടാരത്തിലും നടന്ന സ്വർണ്ണ കൊള്ളകൾ തമ്മിൽ ബന്ധമുണ്ടോ? കോടികണക്കിന് രൂപയുടെ സ്വർണ്ണമാണ് ഇരു സ്ഥലങ്ങളിൽ നിന്നും കാണാതായത്. ഏതാണ്ട് ഒരേ സമയത്ത്. രണ്ടും തെളിയിക്കപ്പെട്ടില്ല. ശബരിമല സ്വർണകൊള്ളക്ക് ശേഷം കേരളം ഞ്ഞെട്ടിപോകുന്ന ചില വസ്തുതകൾ ഇതിലുണ്ട്. . രാജ്യത്തെ അതിസമ്പന്നവും അതീവ സുരക്ഷയുമുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ കോടിക്കണക്കിന് രൂപയുടെ അമൂല്യ വസ്തുക്കൾ കാണാതായതായി ഡി ജി പി നൽകിയ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കൈമാറിയതോടെയാണ് കോടികളുടെ കൊള്ള പുറം ലോകമറിഞ്ഞത്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള ക്ഷേത്രത്തിൽ നിന്നുമാണ് അമൂല്യ വസ്തുക്കൾ കാണാതായത്.
എസ് പി യുടെ നേതൃത്വത്തിലാണ് നിലവിൽ ക്ഷേത്രത്തിൻറെ സുരക്ഷയുള്ളത്. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്ന അമൂല്യ വസ്തുക്കൾ ചിലത് കാണാതാവുകയും ചിലത് തിരികെ മാറ്റിവയ്ക്കുകയും ചെയ്യുന്നു എന്ന ഗുരുതര ആരോപണങ്ങളാണ് ക്ഷേത്രത്തിനെതിരെ റിപ്പോർട്ടിൽ ഉള്ളത്. സംസ്ഥാന ഇൻറലിജൻസ് വകുപ്പ് മാസങ്ങളായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത് . കൊട്ടാരം അംഗമായ ആദിത്യ വർമ്മയുമായി ബന്ധമുള്ള ചിലർക്ക് യഥേഷ്ടം രാജ്കുടുംബത്തിലെ അംഗങ്ങൾക്ക് പ്രവേശിക്കാനുള്ള പ്രത്യേക വാതിലിലൂടെ ക്ഷേത്രത്തിലേക്ക് പരിശോധനകൾ ഇല്ലാതെ കയറാനും ഇറങ്ങാൻ സാധിക്കുന്നതായി റിപ്പോർട്ട് പറയുന്നു. അതേസമയം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച പോലീസ് റിപ്പോർട്ട് ക്ഷേത്ര ഭരണസമിതി തള്ളി.
നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ളതും അമൂല്യവുമായ വസ്തുക്കളൊന്നും ക്ഷേത്രത്തിൽ നിന്ന് നഷ്ടമായിട്ടില്ലെന്നും ക്ഷേത്ര ഭരണസമിതി അറിയിച്ചു. റിപ്പോർട്ടിനെതിരെ സർക്കാരിനെ കത്ത് നൽകാനാണ് ഭരണസമിതിയുടെ തീരുമാനം.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവറയ്‌ക്ക് പുറത്തുള്ള മുഴുവൻ സ്വർണവും എത്രയും വേഗം സ്‌ട്രോങ് റൂമിലേക്ക് മാറ്റണമെന്ന് പൊലീസ് മേധാവി നിർദ്ദേശിച്ചു. വിശ്വാസികൾ സംഭാവനയായി നൽകുന്ന അമൂല്യവസ്‌തുക്കളെല്ലാം എത്രയും വേഗം ലോക്കറിലേക്ക് മാറ്റി പൊലീസ് കാവൽ ഏർപ്പെടുത്തണമെന്നാണ് നിർദേശം. ഒരാളെപ്പോലും സുരക്ഷാപരിശോധനകളില്ലാതെ ക്ഷേത്രത്തിലേക്ക് കയറ്റരുതെന്നും നിർദേശമുണ്ട്. ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാവീഴ്‌ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇത്തരത്തിലൊരു നിർദേശം മുന്നോട്ട് വച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി ഉടൻ തന്നെ മന്ത്രി ചെന്നിത്തലക്ക് കൈമാറി.
റിപ്പോർട്ടിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം.എന്നാൽ റിപ്പോർട്ട് മന്ത്രിക്ക് കൈമാറുന്നതിന് മുമ്പു തന്നെ പല വിവരങ്ങളും പുറത്തറിഞ്ഞിരുന്നു.ഭക്തർ വഴിപാടായി നൽകിയ ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും കാണാതായി. അറ്റകുറ്റപ്പണിക്കായി മാറ്റിയ സ്വർണവിളക്ക് പിന്നീട് തിരികെയെത്തിയില്ല, പകരമായി ഔദ്യോഗിക രേഖകളിലില്ലാത്ത വെള്ളിവിളക്ക് സ്ഥാപിച്ചു, ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന വജ്രാഭരണമായ വൈര നാമ ആറുമാസമായി കാണാനില്ല തുടങ്ങിയ വിവരങ്ങളാണ് കത്തിലുള്ളത്. ക്ഷേത്രത്തിൽ നിന്നും അമൂല്യവസ്‌തുക്കൾ തുടർച്ചയായി കാണാതാകുന്നുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ക്ഷേത്രത്തിലെ പ്രത്യേകപ്രവേശനകവാടം വഴി സുരക്ഷാപരിശോധനകളില്ലാതെ കയറാൻ സാധിക്കുന്ന കൊട്ടാരവുമായി അടുത്ത ബന്ധമുള്ള ചിലരെയാണ് പൊലീസ് സംശയിക്കുന്നത്. ഇവരുടെ പേര് വിവരങ്ങളും ഇന്റലിജൻസ് പുറത്തുവിട്ടിട്ടുണ്ട്.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് വകകൾ സൂക്ഷിക്കുന്നതിൽ ഗുരുതര വീഴ്ച്ച ചൂണ്ടിക്കാട്ടിയുള്ള പൊലീസ് റിപ്പോർട്ട് ചൂടേറിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. കഴിഞ്ഞ മാസം ഇൻ്റലിജൻസ് ഡിജിപി സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് ക്ഷേത്രസ്വത്തുക്കൾ സൂക്ഷിക്കുന്നതിലുള്ള വീഴ്ചയെപ്പറ്റി ഗുരുതര പരാമർശമുള്ളത്. ഇതാണ് ഇപ്പോൾ മന്ത്രിക്ക് കൈമാറിയത്. ഇതിനിടെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കവർച്ച സംബന്ധിച്ച അന്വേഷണത്തിൽ നിർണായക ദൃശ്യങ്ങൾ കിട്ടി. കവർച്ചക്ക് പിന്നിൽ ക്ഷേത്രവുമായി ബന്ധപെട്ടവർ തന്നെയെന്ന് പൊലീസ് നിഗമനം. ശ്രീകോവിലിന്‍റെ താഴികക്കുടം സ്വർണം പൂശുന്ന ജോലിയാണ് നടക്കുനനതിനിടെയാണ് മോഷണം പോയത്. ക്ഷേത്ര ഭരണസമിതിയുടെ ലോക്കേറിനുള്ളിൽ വെച്ച 13 പവൻ സ്വർണമാണ് മോഷ്ടിച്ചത്.
കലവറയിലെ സ്വർണവുമായി ഇതിനുബന്ധമില്ല. ലോക്കർ പൊളിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഓരോ ദിവസവും സ്വർണം അളന്നാണ് തൊഴിലാളികൾക്ക് നൽകുന്നത്. മൊത്തം തൂക്കിയശേഷമാണ് ജോലിക്കാർക്ക് നൽകുക. കഴിഞ്ഞ ഏഴിനാണ് അവസാനം ജോലി നടന്നത്.മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഫോര്‍ട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് ഡി.സി.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. എന്നാൽ ഇതാണ് ഭരണസമിതി നിഷേധിച്ചത്. രാവിലെ ജോലിക്കാർക്ക് നൽകാൻ സ്വർണം തൂക്കുമ്പോഴാണ് 13 പവൻ നഷ്ടപെട്ടെന്നത് അറിയുന്നത്. മെയ് ഏഴിലെ ജോലി കഴിഞ്ഞു ലോക്കർ പൂട്ടുന്നതിന് മുൻപ് മോഷണം നടന്നിരിക്കാമെന്നാണ് പൊലീസിന്‍റെ നിഗമനം. അന്വേഷണത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. മോഷണം കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ചിലരെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.
ക്ഷേത്ര ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണമായ 'വൈരനാമം' പുറത്ത് കൊണ്ടുപോയി 6 മാസം കഴിഞ്ഞിട്ടും തിരികെ എത്തിച്ചിട്ടില്ലെന്നും ക്ഷേത്രത്തിലെ പലതട്ടുകളുള്ള സ്വർണവിളക്ക് അറ്റകുറ്റപ്പണിക്കെന്നു പറഞ്ഞു കൊണ്ടു പോയി പകരം വെള്ളിവിളക്ക് സ്ഥാപിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഈ നടപടി രേഖകളില്ല.ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണം നഷ്‌ടമായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. 78 ഗ്രാം സ്വർണമാണ് നഷ്‌ടമായതെന്നും ഇതിൽ ചൂണ്ടിക്കാട്ടപ്പെടുന്നു. ക്ഷേത്രസന്ദർശനത്തിനെത്തുന്ന കവടിയാർ കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരും രാജകുടുംബാംഗമായ ആദിത്യ വർമ്മയുടെ അടുപ്പക്കാരുമായ ഗണപതി വി. അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുൺ, കോട്ടുകാൽ ഷൈജു, പദ്‌മേഷ് പരശുരാമൻ, വിമാനക്കമ്പനി ജീവനക്കാരനായ അശോക എന്നിവർ ഒരു പരിശോധനയും കൂടാതെ ക്ഷേത്രത്തിൽ കയറിയിറങ്ങുകയാണെന്നും റിപ്പോർട്ടിലുണ്ട്.
സ്ഥാനമാനങ്ങൾ നോക്കാതെ ക്ഷേത്രത്തിൽ എത്തുന്ന എല്ലാവരെയും കർശന സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.ഇതിന് പുറമേ ക്ഷേത്രത്തിൽ ശ്രീ കോവിൽ സ്വർണം പൂശാൻ പുറത്തെടുത്ത സ്വർണം കാണാതാകുകയും പിന്നീട് കണ്ടെത്തുകയും ചെയ്‌ത സംഭവത്തിൽ ഒരു വർഷമായിട്ടും അന്വേഷണം പൂർത്തിയായില്ല. ക്ഷേത്ര ജീവനക്കാരും സ്വർണപ്പണിക്കാരും ഉൾപ്പെടെ 8 പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി അനുമതി നൽകിയെങ്കിലും ഫോർട്ട് പൊലീസ് തുടർ നടപടി സ്വീകരിച്ചില്ലെന്ന വിവരവും പുറത്ത് വരുന്നുണ്ട്.കഴിഞ്ഞ മേയിലായിരുന്നു സംഭവം. ശ്രീകോവിൽ പതിപ്പിക്കുന്നതിനുള്ള കമ്പികളും തകിടുകളും സഞ്ചിയിലാക്കിയാണ് സ്‌ട്രോങ് റൂമിൽ നിന്ന് നിർമാണം നടത്തുന്ന സ്ഥലത്ത് എത്തിച്ചത്. ഇതിനിടെയാണ് 107 ഗ്രാം (13.25 പവൻ) തൂക്കമുള്ള സ്വർണക്കമ്പി കാണാതായത്. സിസിടിവി പരിശോധിച്ചെങ്കിലും ചിലത് പ്രവർത്തിക്കാത്ത നിലയിലായിരുന്നു.
അടുത്ത ദിവസം മെറ്റൽ ഡിറ്റക്‌ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സ്വർണക്കമ്പി മണലിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. ജീവനക്കാരെയും സ്വർണപ്പണിക്കാരെയും ചോദ്യം ചെയ്‌തതിൽ നിന്നാണ് 8 പേരുടെ പട്ടിക തയാറാക്കി നുണ പരിശോധനയ്ക്ക് അനുമതി തേടിയത്. എന്നാൽ ഫോർട്ട് പൊലീസ് നടപടികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.എന്നാൽ റിപ്പോർട്ടിലെ കാര്യങ്ങൾ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസർ നിഷേധിച്ചു.ക്ഷേത്രത്തെ സംബന്ധിച്ച പൊലീസ് റിപ്പോർട്ട് അടിസ്ഥാനരഹിതവും ക്ഷേത്രത്തിൻ്റെ പ്രതിഛായയ്ക്കു കളങ്കം വരുത്തുന്നതും ആണെന്നു ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസർ വ്യക്തമാക്കി. ക്ഷേത്രം 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലാണ്. സുരക്ഷാ വിഭാഗത്തെ അറിയിച്ച ശേഷം മാത്രമാണ് വിലപിടിപ്പുള്ള വസ്‌തുക്കൾ നീക്കം ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരെയും പരിശോധിച്ച ശേഷം മാത്രമാണ് ഉള്ളിലേക്ക് കടത്തുന്നത്. ഏതെങ്കിലും വസ്‌തു മോഷ്‌ടിക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇനി കവടിയാർ കൊട്ടാരത്തിലെക്ക് വന്നാലോ? കോടികളുടെ മോഷണത്തിൽ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. കവടിയാർ കൊട്ടാരത്തില്‍ മാർച്ച് മാസത്തിൽ നടന്ന കോടികളുടെ മോഷണത്തിലും പൊലീസ് അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. കവടിയാർ കൊട്ടാരത്തിൽ നിന്ന് രണ്ട് കോടിയോളം രൂപ മൂല്യം വരുന്ന പൗരാണിക ആഭരണങ്ങൾ മോഷ്‌ടിക്കപ്പെട്ടതാണ് കേസ്. മോഷണത്തിന് കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം പിന്നീട് മുന്നോട്ട് പോയിട്ടില്ല.കൊട്ടാര അംഗങ്ങളുടെയും, ജീവനക്കാരുടെയും, സ്ഥിര അതിഥികളുടെയും മോഷണം നടന്നതായി കണക്കാക്കുന്ന കാലയളവിലെ കൊട്ടാരത്തിലെ സന്ദർശകരുടെയുൾപ്പടെ ഉള്ളവരുടെയും യൂട്യൂബേഴ്‌സിൻ്റെയും മൊഴി രേഖപെടുത്തിയിരുന്നു. നിലവിൽ കൻ്റോൺമെൻ്റ് എസിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല.
കൊട്ടാരത്തെക്കുറിച്ചു നല്ല ധാരണയുള്ളയാളാണ് 2-ാം നിലയിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിലെ ലോക്കറിൽ നിന്ന് ആഭരണം മോഷ്‌ടിച്ചതെന്ന് നേരത്തെ തന്നെ നിഗമനമുണ്ടായിരുന്നു. സുരക്ഷാ ജീവനക്കാരും സിസിടിവിയുമുള്ള കൊട്ടാരത്തിൽ പുറത്തു നിന്നുള്ളവർക്ക് മോഷണം എളുപ്പമല്ലെന്ന് പൊലീസ് കരുതുന്നു.ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് കൊട്ടാരത്തിലെത്തി അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി അടക്കം രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്തിരുന്നു. ഗൗരി ലക്ഷ്‌മിഭായിയുടെ അലമാരയിൽ നിന്നാണ് വജ്രാഭരണങ്ങളും പുരാതന സ്വർണശേഖരവുമടക്കം നഷ്‌ടമായത്. 40 ൽ അധികം ജീവനക്കാരും നാലു കുടുംബങ്ങളുമാണ് കൊട്ടാരത്തിലുള്ളത്.2025 നവംബറിൽ ബെംഗളൂരുവിൽ പോകുന്നതിന് മുമ്പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്‌ടമായത് അറിഞ്ഞതെന്നായിരുന്നു ഗൗരി ലക്ഷ്‌മിഭായി പൊലീസിനോട് പറഞ്ഞത്.
മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ സമ്മാനിച്ചവയും നഷ്‌ടമായ ആഭരണങ്ങളിലുണ്ട്. കൊട്ടാരത്തിൽ വിശദ പരിശോധന നടത്തിയിട്ടും ലഭിക്കാതെ വന്നതോടെയാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയതെന്നും അവർ വ്യക്തമാക്കി. കൊട്ടാരത്തിൽ നിന്നും ശേഷിക്കുന്ന ആഭരണങ്ങൾ പൊലീസിൻ്റെ നിർദേശ പ്രകാരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.2025 ഒക്ടോബർ, നവംബർ മാസത്തിനിടയ്ക്കുള്ള ഏതോ സമയം കള്ളൻ പരാതിക്കാരി താമസിച്ചു വന്നിരുന്ന കവടിയാർ കൊട്ടാരത്തിൽ അതിക്രമിച്ചു കയറി ആവലാതിക്കാരിയുടെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷണം പോയെന്നാണ് 0364 എന്ന നമ്പറിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള എഫ്‌ഐആറിലുള്ളത്.
ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണമുത്തും ഇടകലർന്ന ഉദ്ദേശം അര പവൻ വരുന്ന സ്വർണ ചെയിൻ, ഉദ്ദേശം 3 പവൻ വരുന്ന പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വർണപാദസരം, കറുത്ത മുത്തും സ്വർണമുത്തും ഇടകലർന്ന ഉദ്ദേശം 2 പവൻ വരുന്ന പാദസരം, ഉദ്ദേശം 4 പവൻ വരുന്ന വീതിയുള്ള ഇല ഡിസൈനോടുകൂടിയ 2 വളകൾ, 3 പവൻ വരുന്ന വീതി കുറഞ്ഞ രണ്ട് സ്വർണ പിരിവള , കുഞ്ച ചുവപ്പ് കല്ല് പതിപ്പിച്ച വലിയ 2 കമ്മലും തൂക്കും (സ്വർണത്തിൽ തീർത്തത് - വില നിശ്ചയമില്ല )2.5 പവൻ വരുന്ന സ്വർണത്തിൽ പച്ച ഇനാമൽ 2 ഇലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണ പതക്കവുംസ്വർണ പിരി ചെയിനും, ഉദ്ദേശം 5 പവനോളം വരുന്ന സ്വർണ കുഴിമിന്നുമാല, ഉദ്ദേശം 8 ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗ പട കമ്മലും മാലയും പതക്കവും, ഉദ്ദേശം 2 പവൻവരുന്ന സ്വർണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടി
ഉദ്ദേശം 6 പവൻ വരുന്ന റൂബി കല്ലുകളും ഡയമണ്ട്കളും പതിച്ച വീതിയുള്ള ഒഴുക്കൻ വള 2 എണ്ണവും, ഉദ്ദേശം 1 പവൻ വരുന്ന വളരെ നേർത്ത ചെയിനിൽ പദ്‌നാഭ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്‌ത സ്വർണ പതക്കവും ചെയിനും, ഒരു പവൻ വീത തൂക്കം വരുന്ന അഞ്ച് കുതിര പവൻ നാണയങ്ങൾ എന്നിവ ഉൾപ്പെടെ ആകെ 2 കോടിയോളം രൂപ വിലവരുന്ന മുതലുകൾ മോഷണം പോയി എന്നാണ് എഫ്‌ഐആറിൽ പറയുന്നത്.എന്നാൽ പോലീസ് ഇക്കാര്യത്തിൽ ഇപോൾ പുലർത്തുന്നത് കുറ്റകരമായ അനാസ്ഥയാണ്. കൊട്ടാരം സഹകരിക്കാത്തതുകാരണമാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തതെന്നും പറയപ്പെടുന്നു. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
ക്ഷേത്രത്തിലെ പൊലീസ് റിപ്പോര്‍ട്ടിനെക്കുറിച്ച് ക്ഷേത്ര ഭരണ സമിതിയോട് ദേവസ്വം മന്ത്രി കെ.മുരളീധരന്‍ വിശദീകരണം തേടിയിരുന്നു. ഇന്‍റലിജൻസ് എഡിജിപി പി. വിജയന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി രവദ ചന്ദ്രശേഖർ ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് കത്തു നൽകുകയായിരുന്നു. പിന്നാലെയാണ് ഈ റിപ്പോർട്ടിൽ വാസ്തവമില്ലെന്ന് വ്യക്തമാക്കി ക്ഷേത്രം ഭരണ സമിതി വാർത്താകുറിപ്പ് ഇറക്കിയത്.ഒരു രാജകുടുംബത്തിന്റെ സുഹൃത്തുക്കൾ ക്ഷേത്രത്തിൽ പരിശോധനകൾ ഇല്ലാതെ കയറിയിറങ്ങുന്നു എന്ന പോലീസിന്റെ ആക്ഷേപം ഏറെ ഗൗരവതരമാണ്. ഇതിൽ പോലീസ് , അന്വേഷണം ആവശ്യപ്പെടുമ്പോൾ ക്ഷേത്രഭരണ സമിതി എന്തുകൊണ്ടാണ് അതിനെ എതിർക്കുന്നതെന്ന് വ്യക്തമല്ല. മുമ്പും ക്ഷേത്രത്തിൽ സ്വർണം കാണാതെ വന്നപ്പോൾ കൊട്ടാരം സംശയനിഴലിലായിരുന്നു. എന്നാൽ മലയാളികൾ കൊട്ടാരത്തെ വിശ്വസിച്ചു. ആ വിശ്വാസത്തിനാണോ പോലീസ് മങ്ങലേൽപ്പിച്ചിരിക്കുന്നത്?
കവടിയാർ കൊട്ടാരം മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഒന്നാണ്. അങ്ങനെയുള്ള കൊട്ടാരത്തെ പോലീസ് സംശയിക്കുന്നതിൽ കാര്യമുണ്ടോ എന്നറിയാനുള്ള അവകാശം കേരളത്തിനുണ്ട്. പക്ഷേ ഉന്നതരായ വ്യക്തികൾ സംശയനിഴലിൽ ആകുന്ന സാഹചര്യം പോലീസ് ഒഴിവാക്കാൻ തന്നെയാണ് സാധ്യത.
https://www.facebook.com/Malayalivartha























