കർണാടകയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന് വഴങ്ങി മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച രാജി ഗവർണർ തവർചന്ദ് ഗെലോട്ട് സ്വീകരിച്ചു...

കർണാടകയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന് വഴങ്ങി മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച രാജി ഗവർണർ തവർചന്ദ് ഗെലോട്ട് സ്വീകരിച്ചു.
ഇന്ന് വൈകുന്നേരം നാലുമണിക്ക് ബംഗളൂരുവിലെ വിധാന സൗധയിൽ എം.എൽ.എമാർ യോഗം ചേർന്ന് ഉപമുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കും. നിലവിലെ നേതാവ് സിദ്ധരാമയ്യ അദ്ധ്യക്ഷത വഹിക്കും. ജൂൺ ആദ്യവാരം പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും.
ആറുമാസം നീണ്ട അധികാരവടംവലിക്കൊടുവിൽ ഹൈക്കമാൻഡ് നിർദ്ദേശം മാനിച്ച് മേയ് 28ന് വ്യാഴാഴ്‌ച രാവിലെ എം.എൽ.എമാരുടെ യോഗം വിളിച്ചാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്.
തുടർന്ന് ലോക്‌ഭവനിൽ ഗവർണറുടെ അസാന്നിധ്യത്തിൽ സെക്രട്ടറിക്ക് രാജി സമർപ്പിക്കുകയായിരുന്നു. ഇന്നലെ ബംഗളൂരുവിൽ തിരിച്ചെത്തിയ ഗവർണർ രാജി സ്വീകരിച്ചു.മന്ത്രിസഭാ രൂപീകരണം ഉൾപ്പെടെ ചർച്ച ചെയ്യാൻ സിദ്ധരാമയ്യയെയും ശിവകുമാറിനെയും കോൺഗ്രസ് നേതൃത്വം ഇന്നലെ ഡൽഹിയിൽ വിളിപ്പിച്ചിരുന്നു. ഹൈക്കമാൻഡ് വാഗ്ദാനം ചെയ്ത രാജ്യസഭാംഗത്വം സിദ്ധരാമയ്യ നിരസിച്ചു. സംസ്ഥാന രാഷ്‌ട്രീയത്തിലാണ് താത്പര്യമെന്ന് അറിയിച്ചു. മുഖ്യമന്ത്രി പദം ഒഴിഞ്ഞതിന് പകരമായി ചില ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























