മുതലപ്പൊഴിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ അത്യാധുനിക റിമോട്ട് നിയന്ത്രിത ബോയ

അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു സഹായകമാകുന്ന അത്യാധുനിക റിമോട്ട് നിയന്ത്രിത ലൈഫ് ബോയ എത്തിച്ചു. അടിയന്തര ഘട്ടങ്ങളില്‍ വേഗത്തിലും സുരക്ഷിതമായും മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന ലൈഫ് ബോയ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്കു കീഴില്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചതാണ്. കേന്ദ്ര സര്‍ക്കാരിന്റെ മികച്ച സ്റ്റാര്‍ട്ടപ് പുരസ്‌കാരവും ഇന്ത്യന്‍ നാവികസേനയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
ശക്തമായ തിരമാലകള്‍ ഉള്ള മുതലപ്പൊഴിയില്‍ സുരക്ഷിതമായി സഞ്ചരിക്കാന്‍ ഇതിന്റെ ട്രിമാരന്‍ വിആകൃതിയിലുള്ള പ്രത്യേക ഘടനയ്ക്ക് സാധിക്കും. അപകടത്തില്‍പെടുന്ന ഒരാളുടെ അടുത്തേക്കു മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ കഴിയുന്ന ഇതിന്റെ ത്രസ്റ്ററുകള്‍ മറൈന്‍ ഗ്രേഡ് അലുമിനിയം ഉപയോഗിച്ചാണു നിര്‍മിച്ചിട്ടുള്ളത്. ഇതുമൂലം ബോയ തുരുമ്പിക്കുന്നത് പ്രതിരോധിക്കാം. രക്ഷാപ്രവര്‍ത്തകര്‍ക്കു കരയിലോ ബോട്ടിലോ ഇരുന്ന് ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ റിമോട്ട് ഉപയോഗിച്ചു കൃത്യമായി നിയന്ത്രിക്കാനാകും. രണ്ടു മണിക്കൂര്‍ കൊണ്ടു 90ശതമാനം വരെ ചാര്‍ജ് ചെയ്യാനാകുന്ന ബാറ്ററിയാണ് ഘടിപ്പിച്ചിട്ടുള്ളത്.
സാധാരണ വേഗത്തില്‍ അരമണിക്കൂറിലേറെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ലൈഫ്‌ബോയയ്ക്കു തകരാറുകള്‍ ഉണ്ടായാല്‍ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ കണ്ടെത്താനുള്ള സാങ്കേതികവിദ്യയും ഇതിലുണ്ട്. പുതിയ സംവിധാനം വഴി രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകട മേഖലയില്‍ നേരിട്ടു എത്താതെ റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തിലൂടെ കൃത്യസമയത്ത് ലൈഫ് ബോയ എത്തിച്ചു അപകടത്തില്‍പെട്ടവരെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കാന്‍ സാധിക്കും. പ്രതികൂല സാഹചര്യങ്ങളിലും അതിവേഗം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഈ ഉപകരണം, മുതലപ്പൊഴിയിലെ അപകടഭീഷണികള്‍ക്ക് പരിഹാരം കാണുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha
























