എല്ലാം നൽകിയ ഗൾഫ്... ഫുജൈറയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ദാരുണാന്ത്യം; ഒരുമിച്ച് ജനിച്ച് ഒരേ ക്ലാസിൽ പഠിച്ച ഇരട്ട സഹോദരങ്ങൾക്കും മൂന്ന് വയസ്സുകാരനായ കുഞ്ഞിനും ഒരുമിച്ച് മരണം, കണ്ണീരിലായി വേങ്ങരയിലെ കുടുംബം

ഒരേ ദിവസം ഈ ഭൂമിയിലേക്ക് പിറന്നുവീണവർ. ബാല്യകാലം മുതൽ ഒരേ ക്ലാസിൽ പഠിച്ചു, ഒരേ സ്വപ്നങ്ങൾ കണ്ടു, ജീവിതത്തിലെ ഓരോ സന്തോഷവും ഒരുമിച്ച് പങ്കിട്ടവർ. സഹോദരങ്ങൾ എന്നതിലുപരി പരസ്പരം താങ്ങും തണലുമായി ജീവിച്ച ഇരട്ടകൾ. പക്ഷേ, വിധി അവർക്കായി കരുതിവച്ചത് മറ്റൊന്നായിരുന്നു. ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ ഇരട്ട സഹോദരങ്ങളായ 21 വയസ്സുകാരൻ മുഹമ്മദ് അഷ്മിലും സഹോദരി മിസ്ന ജുബിനും ഒരുമിച്ച് മരണത്തിന് കീഴടങ്ങി. അവർക്കൊപ്പം വെറും മൂന്ന് വയസ്സുകാരനായ കുടുംബത്തിലെ മറ്റൊരു കുഞ്ഞിനും ജീവൻ നഷ്ടമായി. മലപ്പുറം വേങ്ങര കുന്നുംപുറം ചെപ്യാലം സ്വദേശിയായ സിദ്ദീഖിന്റെ കുടുംബത്തിലാണ് ഈ വലിയ ദുരന്തം സംഭവിച്ചത്.
സിദ്ദീഖിന്റെ നാല് മക്കളിൽ ഇളയവരായിരുന്നു അഷ്മിലും മിസ്നയും. ചെറുപ്പം മുതൽ ഇരുവരും വേർപിരിയാത്ത കൂട്ടുകാർ. നാട്ടിൽ പത്താം ക്ലാസ് വരെ ഒരേ ക്ലാസിൽ പഠനം. പിന്നീട് കുടുംബത്തോടൊപ്പം യുഎഇയിലെ ഫുജൈറയിലേക്ക്. അവിടെയും പഠനവും ജീവിതവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ബിരുദപഠനം നടത്തുന്നതിനൊപ്പം പിതാവിന്റെ കഫറ്റീരിയയിലെ കാര്യങ്ങളിലും സഹായിച്ചിരുന്നു. ഇരുവർക്കും നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു. നാട്ടിലും ഗൾഫിലും ഒരുപോലെ സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ചവർ. പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കണമെന്ന ആഗ്രഹവും ഇരുവർക്കുമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഈ കുടുംബത്തിലെ മൂന്നാമത്തെ ദുരന്തമാണ് മൂന്ന് വയസ്സുകാരൻ മുഹമ്മദ് ഫായിസിന്റെ മരണം. സിദ്ദീഖിന്റെ മകൾ ഫർസാനയുടെ മകനാണ് ഫായിസ്. കുടുംബത്തിലെ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട കുഞ്ഞ്. ദിവസങ്ങൾക്കുമുമ്പ് നാട്ടിൽനിന്ന് ഫുജൈറയിലേക്ക് മടങ്ങിയെത്തിയ കുടുംബത്തിന് ഇങ്ങനെയൊരു ദുരന്തം നേരിടേണ്ടിവരുമെന്ന് ആരും കരുതിയിരുന്നില്ല.
സിദ്ദീഖ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയ്ക്കായി നാട്ടിലെത്തിയതായിരുന്നു. ചികിത്സയ്ക്കുശേഷം ഭാര്യ ആരിഫയ്ക്കും മകൾ ഫർസാനയ്ക്കും കുട്ടികൾക്കുമൊപ്പം യുഎഇയിലേക്ക് മടങ്ങി. ബന്ധുവിനെ ഷാർജയിൽ എത്തിച്ചശേഷം കുടുംബം ഫുജൈറയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഫുജൈറ കോടതിക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ ഓടിച്ചിരുന്നത് അഷ്മിലായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ അഷ്മിൽ, മിസ്ന, ഫായിസ് എന്നിവർക്ക് ഗുരുതരമായി പരുക്കേൽക്കുകയും മൂന്നുപേരുടെയും ജീവൻ നഷ്ടമാകുകയും ചെയ്തു.
കാറിലുണ്ടായിരുന്ന സിദ്ദീഖിന്റെ ഭാര്യ ആരിഫയ്ക്കും മകൾ ഫർസാനയ്ക്കും ഫർസാനയുടെ മറ്റു രണ്ടു കുട്ടികൾക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും കുടുംബത്തെ കാത്തിരുന്നത് താങ്ങാനാവാത്ത വേദനയായിരുന്നു. സ്വന്തം മക്കളെയും കൊച്ചുമകനെയും ഒരുമിച്ച് നഷ്ടപ്പെട്ട സിദ്ദീഖിന്റെയും ആരിഫയുടെയും അവസ്ഥ പറഞ്ഞറിയിക്കാനാകാത്തതാണ്.
അപകടവിവരം അറിഞ്ഞതോടെ വേങ്ങരയിലെ കുടുംബവീട്ടിലും നാട്ടിലും ദുഃഖം തളംകെട്ടി. അഷ്മിലിന്റെ സുഹൃത്തുക്കളും നാട്ടുകാരും ഈ വേർപാട് വിശ്വസിക്കാനാകാതെ കഴിയുകയാണ്. എപ്പോഴും പുഞ്ചിരിയോടെ മാത്രം കണ്ടിരുന്ന സുഹൃത്ത് ഇനി തിരിച്ചുവരില്ലെന്ന യാഥാർഥ്യം പലർക്കും ഉൾക്കൊള്ളാനാകുന്നില്ല. ഇരട്ടകളുടെ വേർപിരിയാനാകാത്ത ബന്ധത്തെക്കുറിച്ചാണ് ബന്ധുക്കളും സുഹൃത്തുക്കളും ഓർത്തെടുക്കുന്നത്.
മൂന്നുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുപകരം ഫുജൈറയിൽ തന്നെ സംസ്കരിക്കാനാണ് കുടുംബം തീരുമാനിച്ചതെന്നാണ് പുറത്തുവന്ന ഏറ്റവും പുതിയ വിവരം. സംസ്കാരത്തിനുള്ള നടപടികളിൽ ഫുജൈറയിലെ മലയാളി സമൂഹവും സാമൂഹിക പ്രവർത്തകരും കുടുംബത്തിന് പിന്തുണയുമായി രംഗത്തുണ്ട്.
ഒരുമിച്ച് പിറന്നവർ, ഒരുമിച്ച് വളർന്നവർ, ഒരേ ക്ലാസിൽ പഠിച്ചവർ... ജീവിതത്തിൽ ഒരിക്കലും വേർപിരിയില്ലെന്ന് തോന്നിപ്പിച്ച ആ ഇരട്ടകൾ ഒടുവിൽ മരണത്തിലും ഒന്നിച്ചുപോയി. അവർക്കൊപ്പം ഒരു കുഞ്ഞുജീവനും. ഒരു കുടുംബത്തിന്റെ സന്തോഷവും പ്രതീക്ഷകളും സ്വപ്നങ്ങളും ഒരൊറ്റ അപകടത്തിൽ തകർന്നപ്പോൾ കണ്ണീരിലായത് വേങ്ങരയിലെ ഒരു നാട് കൂടിയാണ്.
https://www.facebook.com/Malayalivartha


























