അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ മറവില്‍ നടന്ന സ്‌പോണ്‍സര്‍ഷിപ് തട്ടിപ്പ്.. മുന്‍ കായികമന്ത്രി വി.അബ്ദുറഹിമാനെ സി പി എമ്മും പിണറായി വിജയനും ബലികൊടുത്തോ?

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ മറവില്‍ നടന്ന സ്‌പോണ്‍സര്‍ഷിപ് തട്ടിപ്പില്‍ മുന്‍ കായികമന്ത്രി വി.അബ്ദുറഹിമാനെ സി പി എമ്മും പിണറായി വിജയനും ബലികൊടുത്തോ? നടപടിക്രമങ്ങള്‍ പാലിക്കാതെ സ്വകാര്യ സ്‌പോണ്‍സറെ തിരഞ്ഞെടുത്തതും മന്ത്രിസഭയുടെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോയതുമാണ് മുന്‍മന്ത്രിക്കു കെണിയായത്. എന്നാൽ പിണറായിമന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിയുമോ എന്ന സംശയത്തിലാണ് രാഷ്ട്രീയ നേതൃത്വം. മന്ത്രി അബ്ദുറഹ്മാൻ പിണറായിമന്ത്രിസഭയിലെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ വിശ്വസ്തതായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭയിലെ എല്ലാവരുമായി കൂടിയാലോചിച്ചാണ് മന്ത്രി പ്രവർത്തിച്ചതെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തർ ആണയിടുന്നു. എന്നാൽ എ.ഡി ജി പി വിജയന്റെ നേതൃത്വത്തിലുള്ള സംഘം മുൻ കായിക മന്ത്രിയിൽ മാത്രമാണ് കുറ്റം കണ്ടെത്തിയിരിക്കുന്നത്. കാരണം ഫയലുകൾ മുഖ്യമന്ത്രി ഉൾപ്പെടെ കണ്ടിട്ടില്ല.
മെസിയുടെ വരവുമായി ബന്ധപ്പെട്ട് നടപടികളുമായി മുന്നോട്ടു പോകാൻ മുൻ മുഖ്യമന്ത്രി മുൻ കായിക മന്ത്രിക്ക് നിർദ്ദേശം നൽകിയിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ശബരിമല സ്വർണ്ണകൊള്ളക്ക് സമാനമായ സംഭവങ്ങളാണ് ഇതിലും നടന്നത്. സ്പോൺസർഷിപ്പിന്റെ മറവിൽ കോടികൾ കൊള്ളയടിക്കപ്പെട്ടു. സർക്കാർ പണം വിനിയോഗിക്കാത്ത സാഹചര്യത്തിൽ ഫയലുകൾ മുഖ്യമന്ത്രിക്ക് അയക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. ഒരു സ്വകാര്യ വ്യക്തിക്ക് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് കോടാനുകോടികൾ സമ്പാദിക്കാൻ തങ്ങൾ അവസരം ഒരുക്കി കൊടുക്കുകയാണെന്ന കാര്യം മന്ത്രി മനസ്സിലാക്കാതെ പോയി. ഇല്ലെങ്കിൽ അതിന്റെ ഒരു പങ്ക് മന്ത്രിക്കും ലഭിച്ചിരിക്കണം. ഏതായാലും മന്ത്രി കുഴിയിൽ വീണപ്പോൾ നിലവിളിക്കാൻ മന്ത്രി മാത്രമാണുള്ളത്.
അന്ന് കായിക മന്ത്രിക്ക് കയ്യടിക്കാൻ ഉണ്ടായിരുന്ന ഒരൊറ്റ സഹമന്ത്രിമാരും ഇപ്പോൾ ഇതിനെക്കുറിച്ച് മിണ്ടുന്നില്ല.കഴിഞ്ഞ 10 കൊല്ലവും കേരളത്തിൽ നടന്നത് സ്പോൺസർഷിപ്പ് തട്ടിപ്പുകളാണ്. അ മുതൽഅംവരെയുള്ള എല്ലാ കാര്യങ്ങളിലും സ്പോൺസർഷിപാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. മെസി തട്ടിപ്പിൽ തങ്ങളുടെ പങ്ക് മുൻമന്ത്രി പുറത്തുപറയുമോ എന്ന സംശയത്തിലാണ് പല സി പി എം നേതാക്കളും. മുൻമന്ത്രിക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാന്‍ എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു സര്‍ക്കാര്‍ ഉടന്‍ നിര്‍ദേശം നല്‍കുമെന്നാണ് മനസിലാക്കുന്നത് . കേസെടുക്കാന്‍ ഗവര്‍ണര്‍ ഓംപ്രകാശ് മാഥൂര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.
തട്ടിപ്പിലെ സാമ്പത്തിക ക്രമക്കേടുകളില്‍ കളമശേരി സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അടുത്ത കേസ്.അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് കോടികള്‍ നല്‍കാന്‍ സ്‌പോണ്‍സര്‍ക്കു പണം നല്‍കിയ ധനകാര്യസ്ഥാപനങ്ങളുടെ ഇടപാടുകളും അന്വേഷണപരിധിയിലാണ്. കേസില്‍ മുന്‍മന്ത്രി ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കണമെന്ന് എസ്‌ഐടി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്ത പശ്ചാത്തലത്തില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അനുമതി തേടിയിരുന്നത്. അനുമതി ലഭിച്ചതോടെ അടുത്ത ദിവസം തന്നെ മന്ത്രിയെ പ്രതിചേര്‍ത്ത് പുതിയ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യും. ആര്‍ബിസി, ഉടമ ആന്റോ അഗസ്റ്റിന്‍, അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു.ഷറഫലി എന്നിവരെയും പ്രതികളാക്കും.
അര്‍ജന്റീന ഇടപാടില്‍ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ മുന്‍ മന്ത്രി അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നാണു പ്രധാന കണ്ടെത്തല്‍. അര്‍ജന്റീന ഇടപാടിന്റെ മറവില്‍ കോടികളുടെ സാമ്പത്തികത്തട്ടിപ്പും കള്ളപ്പണ ഇടപാടും ചൂണ്ടിക്കാട്ടി കായികവകുപ്പ് സെക്രട്ടറി എന്‍.പ്രശാന്ത് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്ത് പ്രോസിക്യൂട്ട് ചെയ്യുന്നതിനാണ് ഗവർണർ ഓംപ്രകാശ് മാത്തൂർ അനുമതി നൽകിയത്. നേരത്തെ സർക്കാരും മുഖ്യമന്ത്രിയും അനുമതി തേടി രാജ്ഭവന് കൈമാറിയ ഫയലിലാണ് ഗവർണറുടെ ഈ സുപ്രധാന തീരുമാനം ഉണ്ടായത്.
കഴിഞ്ഞ ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഭരണകാലത്താണ് വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി സർക്കാർ രാജ്ഭവനെ സമീപിച്ചിരുന്നത്. എന്നാൽ, സ്ഥാനം ഒഴിയുന്നതുവരെ ഫയലിൽ തീരുമാനമെടുക്കാതെ, വിഷയം പഠിക്കുകയാണെന്ന നിലപാടിലായിരുന്നു മുൻ ഗവർണർ. തുടർന്ന് പുതിയ ഗവർണറായി ചുമതലയേറ്റ ഓംപ്രകാശ് മാത്തൂർ വിഷയം പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്തു.കേസിൽ ആഭ്യന്തര വകുപ്പിന്റെ അനുമതി മാത്രം മതിയെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിർദ്ദേശിച്ചിരുന്നെങ്കിലും, കൂടുതൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവന്റെ പ്രോസിക്യൂഷൻ അനുമതി തേടിയത്.മാനദണ്ഡങ്ങളും കൃത്യമായ നടപടിക്രമങ്ങളും ലംഘിച്ച് അനധികൃതമായി ടെൻഡർ നൽകി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സ്പോൺസർഷിപ്പ് അനുവദിച്ചു,
വകുപ്പുകളെ ഇരുട്ടിൽ നിർത്തി,ഔദ്യോഗിക പദവിയും സർക്കാർ രേഖകളും ദുരുപയോഗം ചെയ്തു തുടങ്ങി നിരവധി ഗുരുതരമായ വീഴ്ചകളാണ് എസ്.ഐ.ടി അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതോടൊപ്പം ജി.എസ്.ടി തട്ടിപ്പും കോടികളുടെ ക്രമക്കേടും നടന്നതായി എസ്.ഐ.ടി വിലയിരുത്തിയിട്ടുണ്ട്.അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളുടെ മറവിൽ, സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി കോടികളുടെ ധനസമാഹരണം നടത്തിയെന്ന് എസ്ഐടിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സ്പോൺസറുടെ 7 ബാങ്ക് അക്കൗണ്ടുകളിലൂടെ കഴിഞ്ഞ 2 വർഷത്തിനിടെ 1098 കോടി രൂപയുടെ പണമിടപാട് നടന്നതായി എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഇതിൽ 6 അക്കൗണ്ടുകൾ, ആർബിസി ഔദ്യോഗികമായി വെളിപ്പെടുത്താത്തവയാണെന്നും കണ്ടെത്തി.അർജന്റീന ടീമിന്റെ കേരള സന്ദർശനം മുൻ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചശേഷമുള്ള, കമ്പനിയുടെ സാമ്പത്തിക ഇടപാടുകളാണ് എസ്ഐടി പരിശോധിച്ചത്. സ്പോൺസറുടെ അക്കൗണ്ടുകളിലെത്തിയ പണത്തിന്റെ ഉറവിടം, അവയുടെ കൈമാറ്റം, ഇതിന്റെ മറവിൽ നടന്ന കള്ളപ്പണ ഇടപാടുകൾ എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.അർജന്റീന ഡീലിന്റെ മറവിലെ സ്പോൺസർഷിപ് തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി കഴിഞ്ഞയാഴ്ച സർക്കാരിനു കൈമാറിയിരുന്നു.റജിസ്ട്രാർ ഓഫ് കമ്പനീസ്, ജിഎസ്ടി, ഇൻകം ടാക്സ് വകുപ്പുകൾ എന്നിവയിൽ സമർപ്പിച്ച രേഖകൾ പ്രകാരം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് എസ്ബിഐ കാക്കനാട് ബ്രാഞ്ചിൽ ഒരു അക്കൗണ്ട് മാത്രമാണുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ മറ്റു ബാങ്കുകളിലായി പുറത്തു വെളിപ്പെടുത്താത്ത 6 അക്കൗണ്ടുകൾകൂടി കമ്പനിയുടെ പേരിലുണ്ടെന്ന് ജിഎസ്ടി വകുപ്പ് സർക്കാരിനു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുൾപ്പെടെ 7 അക്കൗണ്ടുകളുടെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തെളിവുലഭിച്ചതെന്ന് എസ്ഐടി റിപ്പോർട്ടിലുണ്ട്.അക്കൗണ്ടുകളിലെത്തുന്ന കോടികൾ മറ്റു വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്ക് ഉടനടി മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ടിലെ പരാമർശം. ആർബിസിയുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് യുഎസ് ഡോളറായും ഓസ്ട്രേലിയൻ ഡോളറായും വിദേശത്തുനിന്നു പണം പിൻവലിച്ചെന്നു കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ആർബിസിയുടെ പേരിലുള്ള സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലൊന്ന് യുഎസിൽനിന്ന് ഓപ്പറേറ്റ് ചെയ്തെന്നാണ് മറ്റൊരു കണ്ടെത്തൽ.അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെയും മെസിയുടെയും കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏകദേശം 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പും ക്രമക്കേടും നടന്നതായാണ് വിവരം. ചട്ടങ്ങള്‍ പൂര്‍ണ്ണമായും കാറ്റില്‍പ്പറത്തി മന്ത്രിക്ക് വേണ്ടിയും അദ്ദേഹത്തിന്റെ അറിവോടെയും പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലനാണ് വഴിവിട്ട കത്തിടപാടുകള്‍ നടത്തിയത്. പ്രതിരോധ തട്ടിപ്പ്, വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം എന്നിവ നിലനില്‍ക്കുന്നതിനാല്‍ നിലവിലെ അന്വേഷണത്തിന് പുറമെ ക്രൈംബ്രാഞ്ച്, വിജിലന്‍സ് അന്വേഷണങ്ങള്‍ക്കും സാധ്യതയേറെയാണ്. വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ (ഫെമ) നഗ്‌നമായ ലംഘനം നടന്നിട്ടുള്ളതിനാല്‍ വിഷയം സി.ബി.ഐയുടെ പരിധിയിലേക്കും നീങ്ങിയേക്കും.
ഇതിനകം തന്നെ കേസില്‍ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജി.എസ്.ടി. വെട്ടിപ്പിലും സമാന്തര അന്വേഷണം നടക്കുന്നുണ്ട്. ഇഡി അന്വേഷണം സി ബി ഐയിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളി കളയാനാവില്ല. ചട്ടങ്ങളും സുതാര്യതയും പൂര്‍ണ്ണമായി ഒഴിവാക്കി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കരാറിലേര്‍പ്പെടാന്‍ ഒരു സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയതാണ് മുന്‍ മന്ത്രി വി. അബ്ദുറഹിമാന് പ്രധാന തിരിച്ചടിയായത്. താല്പര്യപത്രം ക്ഷണിക്കാതെയോ, കമ്പനിയുടെ വിപണിമൂല്യവും സാമ്പത്തിക ശേഷിയും ഫണ്ടിന്റെ സ്രോതസ്സും പരിശോധിക്കാതെയുമായിരുന്നു ഈ വഴിവിട്ട ഇടപാട്. സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നായി 206 കോടി രൂപ ലഭിച്ചതായും 22.68 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ഇതിൽ ഒരു പ്രമുഖ സി പി എം നേതാവിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നേതാവിന് നേരത്തെ ആരോപണത്തിലുള്ള ചാനലുമായി ബന്ധമുണ്ടായിരുന്നു.അതുകൊണ്ടുതന്നെ ഇത് ഒരുകൂട്ടുകച്ചവടമാണെന്ന് കരുതുന്നവർ നിരവധിയാണ്. മെസിയുടെ പേരിലുണ്ടായ വന്‍ തട്ടിപ്പില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേസിന്റെ വിവരങ്ങളും അന്വേഷണ പുരോഗതിയും സംബന്ധിച്ച് എത്രയും വേഗം സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ എത്ര ഉയര്‍ന്ന പദവിയിലുള്ളവരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവും നടത്തിയതായി കായികമന്ത്രി ഒ.ജെ. ജനീഷ് തുറന്നുപറഞ്ഞിരുന്നു .
ഒരു സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാൻ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തശേഷം സർക്കാരിന് ചില്ലിക്കാശ് നഷ്ടമുണ്ടായിട്ടില്ല എന്നുപറയുന്നതിൽ അർഥമില്ല. ഇതിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്നും മന്ത്രി വിമർശിച്ചു. കേന്ദ്ര അനുമതിക്കായി അപേക്ഷകൾ നൽകുന്നതിലടക്കം മന്ത്രിയുടെ വകുപ്പ് നേരിട്ട് ഇടപെട്ടതായും ഇത് ഔദ്യോഗിക ചാനലുകളിലൂടെയായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗോട്ട് ആഡ് എന്ന പരസ്യ കമ്പനി ഇ മെയിൽ അയച്ചതിൽനിന്നാണ് ഈ നീക്കങ്ങളുടെ തുടക്കം. ഇ മെയിൽ അയക്കുന്നതിന് 20 ദിവസംമുൻപ് മാത്രമാണ് ഈ കമ്പനി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. വെറും ഒരുലക്ഷം രൂപമാത്രം പെയ്ഡ് ക്യാപിറ്റലുള്ള, രജിസ്റ്റർ ചെയ്ത് 20 ദിവസംമാത്രം പിന്നിട്ട ഈ കമ്പനിയുടെ വിശ്വാസ്യതയോ മുൻപരിചയമോ പരിശോധിക്കാതെയാണ് ലോകപ്രശസ്തനായ ഒരു താരത്തെ കൊണ്ടുവരാനുള്ള ചർച്ചകൾ ആരംഭിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
മന്ത്രിയുടെ ഔദ്യോഗികവും വ്യക്തിപരവുമായ ഇ മെയിലുകൾവഴി രണ്ടുവർഷത്തോളം നീണ്ട ഈ കത്തിടപാടുകൾവകുപ്പിലെ ഉന്നതോദ്യോഗസ്ഥർ അറിഞ്ഞിരുന്നില്ല. ഇത്രയും കാലം ഈ കമ്യൂണിക്കേഷൻ മറച്ചുവെച്ചതിൽ സ്വകാര്യ താത്പര്യങ്ങളുണ്ടെന്ന ആരോപണമുണ്ടെന്നും ജനീഷ് അറിയിച്ചു.ഇതിലാണ് സി പി എം നേതാവ് കൂടിയായ മന്ത്രിയുടെ പി എസിന് വിഷമം. ഈ കമ്യൂണിക്കേഷനുകളിൽ അമീറ ആയിഷ ബീഗം എന്ന സ്ത്രീയുടെ പേര് പരാമർശിക്കപ്പെട്ടതും അവർക്ക് മന്ത്രി കത്തുകളുടെ കോപ്പി അയച്ചതും ദുരൂഹത വർധിപ്പിക്കുന്നു. കേരള ഫുട്‌ബോൾ അസോസിയേഷനേയോ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനേയോ ഈ ചർച്ചകളിൽ ഒരിടത്തും പങ്കാളികളാക്കിയില്ല എന്നതും ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.
മുൻ മന്ത്രിയുടെ സ്‌പെയിൻ യാത്രയ്ക്കായി 14 ലക്ഷം രൂപയോളം സർക്കാർ ഖജനാവിൽനിന്ന് ചെലവായത് സാമ്പത്തിക നഷ്ടമായിത്തന്നെ കണക്കാക്കാവുന്നതാണ്. 126 കോടി രൂപയുടെ സ്‌പോൺസർഷിപ്പ് കരാറിനെക്കുറിച്ച് പറയുമ്പോഴും അതിൽ നിയമപരമായോ ഭരണഘടനാപരമായോ ഉള്ള ബാധ്യതകൾ സർക്കാർ ഗൗരവമായി പരിഗണിച്ചിട്ടില്ല. സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള സ്വകാര്യ ഏജൻസികൾക്കായി സർക്കാർ സംവിധാനത്തെ ദുരുപയോഗംചെയ്തത് അതീവ ഗൗരവതരമാണെന്നും ഇക്കാര്യത്തിൽ ധന, നിയമ വകുപ്പുകളുടേയും മറ്റു ഏജൻസികളുടേയും വിശദമായ അന്വേഷണമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളിൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ രേഖകൾ പുറത്തു വന്നു. കേരളത്തിൽ സൗഹൃദ മത്സരങ്ങൾ കളിക്കാൻ അർജന്റീന ടീം സമ്മതിച്ചെന്ന് അറിയിച്ച്
2024 ഫെബ്രുവരി 2നു മന്ത്രിയുടെ ഓഫിസ് അന്നത്തെ കായികവകുപ്പ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ച കുറിപ്പ് പുറത്തായി. അർജന്റീനയിൽനിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെയാണ് അബ്ദുറഹിമാൻ ടീമിന്റെ വരവ് പ്രഖ്യാപിച്ചത്. അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ കായികവകുപ്പിനു നൽകിയ ഈ കുറിപ്പിന്റെ ചുവടുപിടിച്ചാണു മന്ത്രിയും സംഘവും ടീമിനെ ക്ഷണിക്കാനെന്ന പേരിൽ സ്പെയിൻ സന്ദർശിച്ചതും പദ്ധതിക്കു സ്പോൺസറെ കണ്ടെത്തിയതുമെല്ലാം.മന്ത്രിയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിനിധിയുമായി നടത്തിയ ഇ–മെയിൽ സന്ദേശങ്ങളുടെ പകർപ്പാണ് ഇതിനൊപ്പം സമർപ്പിച്ചത്. ഈ സന്ദേശങ്ങളിലൊന്നും കേരളത്തിൽ എത്തുമെന്ന് അർജന്റീന ടീം ഉറപ്പുനൽകുന്നില്ല. എഎഫ്എ പ്രതിനിധികളുമായി 2 വർഷം അബ്ദുറഹിമാൻ തന്റെ ഇ–മെയിലിലൂടെയാണു കത്തിടപാടുകൾ നടത്തിയത്. പിന്നീട് ചില കത്തുകൾ ഫയലിൽ ചേർത്തെങ്കിലും ഭൂരിഭാഗവും കാണാനില്ല. അർജന്റീന വിഷയത്തിൽ കരാറോ ധാരണാപത്രമോ
കായികവകുപ്പിന്റെ പക്കലില്ലെന്നാണു സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടു നടന്ന ശ്രമങ്ങളെല്ലാം നടപടിക്രമങ്ങൾ പാലിച്ചാണെന്ന മുൻ കായികമന്ത്രി വി.അബ്ദുറഹിമാന്റെ വാദം സംശയത്തിലാക്കുന്ന രേഖകളും പുറത്തു വന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി മന്ത്രി നടത്തിയെന്നു പറയുന്ന പല കത്തിടപാടുകളും സർക്കാർ ഫയലിൽ കാണാനില്ലെന്നാണ് കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്. സർക്കാരിനെ മറികടന്ന് സ്പോൺസർ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നേരിട്ട് കരാർ ഒപ്പിട്ടു. ഇതിനായി സർക്കാർ ഉത്തരവ് കായികവകുപ്പ് തിരുത്തി. അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്കു ക്ഷണിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചെന്നു കാട്ടി 2024 ഡിസംബർ 24ന് കായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു
. ഇതിന്റെ മേൽനോട്ടത്തിനായി കായികവകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനെ നിയമിച്ചെന്നും 2 പ്രദർശന മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള അനുമതി സ്പോൺസർക്കു നൽകിയെന്നുമായിരുന്നു ഉത്തരവ്- എന്നാൽ ഇതിനും 4 ദിവസം മുൻപ് സ്പോൺസർ എഎഫ്എയുമായി കരാർ ഒപ്പുവച്ചിരുന്നു. ഇക്കാര്യം സർക്കാർ രേഖകളിൽ വന്നിട്ടില്ല. 2024 ഡിസംബർ 20ന് സ്പോൺസർ ഒപ്പുവച്ച കരാർ, കായിക വകുപ്പിൽ ഇല്ലെന്ന് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 210 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ടെൻഡറില്ലാതെ സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ കായികവകുപ്പ് നേരിട്ടു തിരഞ്ഞെടുത്തെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. 2025 ജനുവരി 7ന് ആദ്യ ഉത്തരവ് കായികവകുപ്പ് തിരുത്തി. എഎഫ്എയുമായി കരാർ ഒപ്പിടാൻ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ ചുമതലപ്പെടുത്തിയെന്നായിരുന്നു പുതിയ ഉത്തരവ്.
പിണറായി സർക്കാരിലെ ഒരു മന്ത്രിയും ഇത്രയധികം നിയമലംഘനങ്ങൾക്ക് കൂട്ടുനിന്നിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തന്നിഷ്ടപ്രകാരം പ്രവർത്തിക്കാനുള്ള മുൻമന്ത്രിയുടെ താത്പര്യം മാത്രമായി ഇതിനെ കാണുന്നവർ കുറവാണ്. മന്ത്രിസഭയുടെപൂർണ പിന്തുണ ഇക്കാര്യത്തിൽ മുൻ കായികമന്ത്രിക്ക് ഉണ്ടായിരുന്നു എന്നാണ് നിലവിളി.കേസായപ്പോൾ എല്ലാവരും കൈവിട്ടത്രേ.ഇനി ഇത്തരത്തിലുള്ള നിലവിളികളിൽ അർത്ഥമില്ലെന്നാണ് സി പി എമ്മുകാർ പോലും പറയുന്നത്.
https://www.facebook.com/Malayalivartha

























