പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....

പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം (കെ. രാധാകൃഷ്ണൻ - 58) അന്തരിച്ചു. അസുഖബാധിതനായി ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയവെയായിരുന്നു അന്ത്യം സംഭവിച്ചത്.
കണ്ണൂർ ജില്ലയിലെ കണ്ണപുരം കുന്നുമ്മൽ വീട്ടിൽ ചന്ദ്രമതിയുടെയും പരേതനായ ചുള്ളേരി വീട്ടിൽ കൃഷ്ണന്റെയും മകനാണ്.
മികച്ച നാടകാഭിനയത്തിനും സംവിധാനത്തിനുമായി മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ പ്രമുഖ ബഹുമതികളും അംഗീകാരങ്ങളും അദ്ദേഹം സ്വന്തമാക്കി. കഴിഞ്ഞ 40 വർഷത്തോളമായി കേരളത്തിലെ നാടകരംഗത്ത് സജീവ സാന്നിധ്യമായിരുന്നു രാധൻ കണ്ണപുരം.
. പെരുന്തച്ചൻ, തീപ്പൊട്ടൻ, നവരസനായകൻ, കോടീശ്വരൻ, കിനാവിലൊരു കളിവീട്, ഉള്ളത് പറഞ്ഞാൽ തുടങ്ങിയവ അദ്ദേഹം പ്രധാന വേഷങ്ങളിൽ എത്തി ജനശ്രദ്ധയാകർഷിച്ച വിഖ്യാത നാടകങ്ങളിൽ ചിലതാണ്. കോഴിക്കോട് ചിരന്തന, വള്ളുവനാട് നാദം, കൊല്ലം കാളിദാസ കലാകേന്ദ്രം, തിരുവനന്തപുരം സോപാനം, കോഴിക്കോട് സങ്കീർത്തന തുടങ്ങി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പല പ്രമുഖ പ്രൊഫഷണൽ നാടക സമിതികളിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
നാടകപ്രവർത്തനത്തിനൊപ്പം പ്രാദേശിക രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായി ഇടപെട്ടിട്ടുണ്ടായിരുന്നു. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് പദവി അദ്ദേഹം ദീർഘകാലം വഹിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























