ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം

ഇറാൻ യുദ്ധം അവസാനിച്ചെന്ന് കരുതിയെങ്കിലും എല്ലാം പെട്ടന്ന് മാറി മറിഞ്ഞു. പരസ്പരാക്രമണവും പോർവിളിയും ഇറാനും യുഎസും തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു. പശ്ചിമേഷ്യയിലെ 8 യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. ഷെൽ കഷ്ണങ്ങൾ തറച്ച് ഖത്തർ സ്വദേശി മരിച്ചതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ബോട്ടിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഒരാൾക്ക് പരുക്കേറ്റു.
തെക്കൻ ഇറാനിലെ ഖിഷം ദ്വീപിലും സിരിക്, ബന്തർലൻക തീരനഗരങ്ങളിലും യുഎസ് ബോംബിട്ടതിനുപിന്നാലെ ഇന്നലെ ബഹ്റൈനിലും കുവൈത്തിലും ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണമുണ്ടായി. 4 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനായി രണ്ടാഴ്ച മുൻപ് ഒപ്പിട്ട ധാരണാപത്രം ലംഘിച്ചതായി ഇരുപക്ഷവും പരസ്പരം ആരോപിച്ചു.
അതേസമയം തുടങ്ങിവച്ച ജോലി സൈനികമായിത്തന്നെ തീർക്കാൻ നിർബന്ധിതമാകുമെന്നും അങ്ങനെ സംഭവിച്ചാൽ ഇറാൻ ബാക്കിയുണ്ടാവില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിയുയർത്തി. ഒരുമണിക്കൂറിനകം കുവൈത്തിലെ യുഎസ് സേനാത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണമുണ്ടായി. ബഹ്റൈനിൽ രണ്ടുവട്ടവും. മുഹറാഖ് പ്രവിശ്യയിലെ പാർപ്പിടസമുച്ചയം തകർന്നതായി ബഹ്റൈൻ അധികൃതർ അറിയിച്ചു. ആളപായമില്ല. യുഎൻ രക്ഷാസമിതി അടിയന്തരയോഗം ചേരണമെന്നും ബഹ്റൈൻ ആവശ്യപ്പെട്ടു. ഇറാനിലെ സൈനികകേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളുമാണ് യുഎസ് പോർവിമാനങ്ങൾ ആക്രമിച്ചത്. വെടിനിർത്തൽ ലംഘിച്ചുള്ള യുഎസ് ആക്രമണങ്ങൾ നയതന്ത്രനടപടികളുടെ അന്ത്യത്തിൽ കലാശിക്കുമെന്ന് ഇറാന്റെ സേനാവിഭാഗമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർസ് മുന്നറിയിപ്പുനൽകി.
ഹോർമുസ് കടലിടുക്കിൽ ഒമാൻതീരത്തെ ബദൽപാതയിലൂടെ കപ്പലുകൾ കടത്തിവിടാൻ യുഎസ് സേന ശ്രമിച്ചതാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ തുടക്കം. തെക്കൻ ലബനനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറാൻ കൂട്ടാക്കാത്തതും സ്ഥിതി വഷളാക്കി.
വ്യാഴാഴ്ച ഒമാൻ തീരത്ത് ചരക്കുകപ്പലിനുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്. തുടർന്ന് ഹോർമുസിലെ ഇറാൻ സേനാത്താവളങ്ങളിൽ യുഎസ് ബോംബിട്ടിരുന്നു. ശനിയാഴ്ച പുലർച്ചെ ഖത്തറിൽനിന്നുള്ള പാനമ പതാകയുള്ള എണ്ണക്കപ്പൽ ഒമാൻതീരത്തെ ബദൽപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുമ്പോഴും ആക്രമണമുണ്ടായി. ഇതോടെ യുഎസ് തെക്കൻ ഇറാനിൽ ആക്രമണം നടത്തി.
യുഎസുമായുള്ള യുഎസുമായി ഒപ്പിട്ട ധാരണാപത്രമനുസരിച്ചു ഹോർമുസ് കടലിടുക്കിന്റെ പൂർണനിയന്ത്രണം ഇറാനാണെന്നും മറ്റാരും അവിടെ ഇടപെടരുതെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. 60 ദിവസത്തെ ഇടക്കാല വെടിനിർത്തലിനു ധാരണാപത്രം ഒപ്പിട്ടതിന്റെ തുടർച്ചയായ ഇറാൻ–യുഎസ് ചർച്ചയുടെ രണ്ടാംഘട്ടം ഈയാഴ്ച നടക്കാനിരിക്കെയാണു ഇരുപക്ഷവും വീണ്ടും കൊമ്പുകോർക്കുന്നത്.
യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾക്കു തിരിച്ചടിയായി ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങൾക്കു നേരെ ഇറാന്റെ റവല്യൂഷണറി ഗാർഡ് (ഐആർജിസി) ഡ്രോണും മിസൈലും ഉപയോഗിച്ച് ആക്രമണം നടത്തി. യുഎസ് ആക്രമണം തുടർന്നാൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ‘പൂർണമായി നിർത്തിവയ്ക്കുമെന്നും’ ഇറാൻ അറിയിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. ഹോർമുസ് കടലിടുക്കിൽ ഒമാന് സമീപത്തു കൂടെ പുതിയ കപ്പൽപ്പാത വികസിപ്പിക്കുമെന്ന് യുഎസ് നാവികസേനയുടെ മേൽനോട്ടത്തിലുള്ള ബഹുരാഷ്ട്ര സമുദ്ര സംഘടന ശനിയാഴ്ച പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണങ്ങൾ ഉണ്ടായത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കാൻ യുഎസ്-ഇറാൻ ഇടക്കാല കരാറിൽ ധാരണയായിരുന്നു. എന്നാൽ ഒമാന് സമീപത്തുകൂടിയുള്ള പാതയിലൂടെ പോകുന്ന കപ്പലുകൾക്കുനേരെ ഇറാൻ രണ്ടുതവണ ആക്രമണം നടത്തിയിരുന്നു. നിർണായക ജലപാതയുടെ നിയന്ത്രണം തങ്ങൾക്കായിരിക്കണമെന്നാണ് ഇറാന്റെ വാദം. ശനിയാഴ്ച പുലർച്ചെ കടലിൽ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാന്റെ നിരീക്ഷണ സംവിധാനങ്ങൾ, ആശയവിനിമയ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, ഡ്രോൺ സംഭരണശാലകൾ, മൈൻ വിന്യാസ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. ഈ ശത്രുതാപരമായ ആക്രമണങ്ങൾ ബഹ്റൈന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ബഹ്റൈനോട് പൂർണമായ ഐക്യദാർഢ്യം പ്രഖ്യാപിച്ച യുഎഇ, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ബഹ്റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും തങ്ങളുടെ പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു. തങ്ങൾക്കു നേരെ ഇറാന്റെ ഭാഗത്തുനിന്ന് പുതിയ ആക്രമണങ്ങൾ ഉണ്ടായതായി ബഹ്റൈൻ നേരത്തെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ശത്രുത അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയും ഇറാനും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ച് കഷ്ടിച്ച് പത്ത് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഈ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഇസ്രയേലും ലബനനും തമ്മിൽ അതിർത്തിയിലെ സംഘർഷം കുറയ്ക്കുന്നതിനായുള്ള സുരക്ഷാ കരാറിൽ ഒപ്പുവച്ച് ഒരു ദിവസം തികയും മുൻപേ വീണ്ടും ആക്രമണം. തെക്കൻ ലബനനിലെ നബാത്തിയ മേഖലയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തിയതായി ലബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. നബാത്തിയ അൽ-ഫൗഖ പ്രദേശത്തെ ഫറാ അമ്യൂസ്മെന്റ് പാർക്ക് ജംക്‌ഷനു സമീപമാണ് ഇസ്രയേലിന്റെ ഡ്രോൺ പതിച്ചത്. ആക്രമണത്തിലെ നാശനഷ്ടങ്ങളെയോ ആളപായത്തെയോ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതിനിടെ, ഇറാനെ ആക്രമിക്കുന്ന വിഡിയോ യുഎസ് സൈന്യത്തിന്റെ സെന്റർ കമാൻഡ് (സെന്റ്കോം) പുറത്തുവിട്ടു. സ്ഫോടനത്തെ തുടർന്ന് പുക ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം. ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സൈന്യം പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കുകയായിരുന്ന കപ്പലിനുനേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ കരാറിന്റെ മണ്ടൻ ലംഘനമാണ് ഇതെന്നും ട്രംപ് പറഞ്ഞു. വിലയേറിയ ഭീമൻ ചരക്കു കപ്പലിനുനേരെ 4 ഡ്രോണുകൾ ഇറാൻ തൊടുത്തു. ഇതിൽ ഒരു ഡ്രോൺ കപ്പലിൽ പതിക്കുകയും കപ്പലിന് കേടുപാടുകളുണ്ടായി. മറ്റ് മൂന്ന് ഡ്രോണുകൾ തകർത്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ആഗോളതലത്തിൽ സ്വാധീനമുള്ള ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നരേന്ദ്ര മോദിയും തമ്മിലുള്ള വ്യക്തിബന്ധം അതീവ ദൃഢമാണെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസിൽ വാർത്താ ഏജൻസിയായ ഐഎഎൻഎസിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഭരണകൂടത്തിലെ പ്രമുഖ നയതന്ത്രജ്ഞനായ മാർക്കോ റൂബിയോയുടെ പ്രതികരണം.
‘‘ഇന്ത്യ യുഎസിന്റെ വളരെ അടുത്ത പങ്കാളിയും സഖ്യകക്ഷിയുമാണ്. പ്രധാനമന്ത്രിയും പ്രസിഡന്റും തമ്മിലുള്ള ബന്ധം മറ്റെന്തിനേക്കാളും അടുത്തതാണ്. നയതന്ത്രത്തിൽ ഇത് വളരെ പ്രധാനപ്പെട്ട കാര്യമായി ഞാൻ കരുതുന്നു. ട്രംപ് ഭരണകൂടം പ്രധാനമന്ത്രി മോദിയെ ഏറെ ബഹുമാനത്തോടെയാണ് വീക്ഷിക്കുന്നത്. യുഎസിന്റെ ഏറ്റവും അടുത്ത തന്ത്രപ്രധാന പങ്കാളിയായാണ് ഇന്ത്യയെ കാണുന്നത്. പ്രധാനമന്ത്രി മോദിയുടെയും അദ്ദേഹം കൈവരിച്ച നേട്ടങ്ങളുടെയും വലിയ ആരാധകരാണ് ഞങ്ങൾ’’ – മാർക്കോ റൂബിയോ പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച സാമ്പത്തിക നേട്ടങ്ങളെയും മാർക്കോ റൂബിയോ പ്രശംസിച്ചു. ആഗോളതലത്തിലെ സുപ്രധാന തീരുമാനങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ കെൽപ്പുള്ള രീതിയിൽ ഇന്ത്യ ആഗോള ശക്തിയായി ഉയർന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളർന്നുവരുന്ന ആഗോള സ്വാധീനം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും പങ്കിടുന്ന മൂല്യങ്ങളും താൽപര്യങ്ങളുമാണ് വിവിധ മേഖലകളിലെ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ശക്തമായ അടിത്തറയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാജ്യവുമാണ് ഇന്ത്യയും യുഎസും. നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന നിരവധി പൊതുവായ കാര്യങ്ങളുണ്ട്. സാമ്പത്തികം, വിതരണ ശൃംഖല, നിർണായക ധാതുക്കൾ, ഊർജം, സുരക്ഷ, സുരക്ഷിതമായ കപ്പൽ ഗതാഗതം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും യുഎസും സഹകരണം ആഴത്തിലാക്കുകയാണെന്നും ഈ വിഷയങ്ങളെല്ലാം ഇരുരാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നുവെന്നും മാർക്കോ റൂബിയോ പറഞ്ഞു.
"https://www.facebook.com/Malayalivartha

























