ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍

വയനാട് ജില്ലയിലെ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി.കെ. മുരളീധരന്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടുമെന്നതിനാല്‍ അത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
കോളേജ് മാനന്തവാടിയില്‍ കൊണ്ടുവരാനാണ് പ്രഥമ പരിഗണനയെന്നും, സ്ഥലം ലഭ്യമായില്ലെങ്കില്‍ മാത്രമേ മറ്റ് മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം, മടക്കിമലയില്‍ സൗജന്യമായി ലഭിച്ച ഭൂമി ആശുപത്രി ആവശ്യങ്ങള്‍ക്ക് തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അനധികൃത നിയമനം നടന്നുവെന്ന ജി. സുധാകരന്റെ ആരോപണത്തോടും മന്ത്രി പ്രതികരിച്ചു.
ജി. സുധാകരന്‍ ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തില്‍, ഈ മാസം 18ാം തീയതി താന്‍ നേരിട്ട് വണ്ടാനം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുമെന്ന് മന്ത്രി അറിയിച്ചു. അവിടെ നേരിട്ടുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിഷയത്തില്‍ കൃത്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























