ചിന്നാർപ്പുഴയിലേയക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു... മൂന്നു പേർക്ക് പരുക്ക്, മൂന്നു വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു...

കുട്ടിക്കാനം-കട്ടപ്പന മലയോരഹൈവേയിൽ ഏറമ്പടത്തിന് അടുത്ത് ചിന്നാർപ്പുഴയിലേയ്ക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവനന്തപുരം കാഞ്ഞിരങ്കുളം കരുമാരക്കാല ബഥേൽ ഇല്ലം ജെറിൻ ഏണസ്റ്റ് (28) ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജെറിന്റെ മൂന്ന് വയസ്സുകാരൻ മകൻ ജോഹാൻ ഇമ്മാനുവേൽ ഏണസ്റ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കുട്ടിയുൾപ്പെടെ അഞ്ച് പേർ വാഹനത്തിൽ ഉണ്ടായിരുന്നു. വെള്ളത്തിൽ മുങ്ങിയ കാറിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ജെറിന്റെ ഭാര്യ ദിവ്യജ്യോതി (28), ഭാര്യാസഹോദരി നവ്യജ്യോതി (26), ഇവരുടെ ഭർത്താവ് കാരക്കോണം പി.വി.കെ. നിവാസിൽ അജിൻ രാജ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ദിവ്യയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവർക്ക് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഏറമ്പടത്തിനും, കരിന്തരുവിക്കും ഇടയിൽ ഗവ. യു.പി. സ്കൂളിനുസമീപം വ്യാഴാഴ്‌ച രാവിലെ 6.30-നാണ് അപകടം നടന്നത്. സംഘം തിരുവനന്തപുരത്തു നിന്ന് ഇടുക്കി ചേലച്ചുവട്ടിലെ ബന്ധുവീട്ടിലേക്ക് വരുകയായിരുന്നു. പെട്ടെന്ന് കാറിന്റെ നിയന്ത്രണംവിട്ട് പുഴയിലേക്ക് വീഴുകയായിരുന്നു. ഈ സമയം തൊട്ടടുത്തുള്ള കുട്ടികൾ പള്ളിയിൽ പോകാൻ ഇതുവഴി വന്നു. ഇവരാണ് അപകടം കണ്ടത്. ഇവർ ഓടിപ്പോയി വീട്ടിൽ വിവരം പറഞ്ഞു.
ഇതിനിടെ ഒഡിഷ സ്വദേശികളായ അതിഥിത്തൊഴിലാളികളും ഓടിയെത്തി. അപ്പോൾ കാർ വെള്ളത്തിൽ മുങ്ങുകയായിരുന്നു. ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. ഇവർ ജെറിനെയാണ് ആദ്യം പുറത്തെത്തിച്ചത്. ഇതിനിടെ സമീപവാസികളും എത്തി. അപ്പോഴേക്കും അജിൻ രാജ് ജോഹാനുമായി പുറത്ത് കടന്നിരുന്നു. പിന്നീട് എല്ലാവരും ചേർന്ന് മറ്റുള്ളവരെയും രക്ഷപ്പെടുത്തി. കരയിൽ എത്തിക്കുമ്പോൾ ജെറിന് ജീവനുണ്ടായിരുന്നെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
കാറിൽനിന്ന് പുറത്തെടുത്തവരെ ചാക്കിൽ കിടത്തി ചുമന്നാണ് പുഴക്കരയിൽ നിന്ന് റോഡിലെത്തിച്ചത്. വാഹനം ഓടിച്ചിരുന്ന ജെറിൻ ഉറങ്ങിപ്പോയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്. ദിനമണി-ഹെപ്സി ദമ്പതിമാരുടെ മകനാണ് മരിച്ച ജെറിൻ. സഹോദരൻ: ജെഫ്രി. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ജെറിന്റെ മൃതദേഹം വിട്ടുകൊടുത്തു. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ നടക്കും.
"
https://www.facebook.com/Malayalivartha























