രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവു കാണിച്ചെന്ന് പരാതി. രാജേഷിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കയറ്റിയാണ് പരിയാരം മെഡിക്കല്‍ കോളജില്‍നിന്നു അയച്ചതെന്നാണു പരാതി. കണ്ണൂരിലെത്തിയ നാട്ടുകാരും ജനപ്രതിനിധികളും ബന്ധുക്കളും ഇതുസംബന്ധിച്ചു പരാതി പറഞ്ഞെങ്കിലും കുഴപ്പമില്ലെന്നാണ് ആശുപത്രി അധികൃതരും തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും അറിയിച്ചതെന്നു സംഘത്തോടൊപ്പം ഉണ്ടായിരുന്ന വാര്‍ഡ് അംഗം കെ.മഹേഷ് പറഞ്ഞു. സംഭവത്തില്‍ റവന്യുമന്ത്രി എ.പി.അനില്‍ കുമാര്‍ കണ്ണൂര്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടി.
കണ്ണൂരില്‍നിന്നു പുറപ്പെട്ട ആംബുലന്‍സ് കോഴിക്കോട് കഴിഞ്ഞപ്പോഴേക്കും ദുര്‍ഗന്ധം വമിക്കുകയും പഴുപ്പ് പുറത്തേക്കു വരികയും ചെയ്തു. ഇത് ആംബുലന്‍സ് മുഴുവനും പരന്നു. പിന്നാലെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ കയറ്റി അവിടെനിന്നു പുലര്‍ച്ചെയോടെ മൃതദേഹം വീണ്ടും പൊതിഞ്ഞ് ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ കയറ്റിയാണു യാത്ര തിരിച്ചത്. ഈ ആംബുലന്‍സ് ചെങ്ങന്നൂരില്‍ വെള്ളക്കെട്ടില്‍പ്പെട്ടു കേടാവുകയും ചെയ്‌തെന്നാണു പരാതി. പരാതിയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പരാതി നല്‍കുന്നതു സംബന്ധിച്ച് കുടുംബം തീരുമാനം എടുത്തിട്ടില്ല.
https://www.facebook.com/Malayalivartha























