ദുഃഖവെള്ളിയാഴ്ചദിനത്തിലുണ്ടായ മിസൈല്‍ ആക്രമണത്തിനുശേഷം 18 മലയാളി നഴ്‌സുമാരും 11 കുട്ടികളും ലിബിയയില്‍ കുടുങ്ങിക്കിടക്കുന്നു; 15-ന് വിസാ കാലാവധി തീരും

ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്നു കുടുങ്ങിപ്പോയ 18 മലയാളി നഴ്‌സുമാരും 11 കുട്ടികളും നാട്ടിലേക്കു മടങ്ങാന്‍ വഴികാണാതെ ദുരിതത്തില്‍.ലിബിയയിലെ സാവിയ ആശുപത്രിക്കു നേര്‍ക്ക് മിസൈല്‍ ആക്രമണമുണ്ടായത് മാര്‍ച്ച് 25-നായിരുന്നു.
ആശുപത്രിയുടെ അടുത്തുതന്നെയുള്ള നാലു നില ഫഌറ്റിലേക്കുണ്ടായ മിസൈല്‍ ആക്രമണത്തില്‍ വെളിയന്നൂര്‍ സ്വദേശിയായ നേഴ്‌സും ഒന്നര വയസുള്ള കുട്ടിയും മരിച്ചിരുന്നു. ഇവരടക്കം മലയാളികളായ 31 പേര്‍ ഈ ഫഌറ്റിലുണ്ടായിരുന്നു.
ദുഃഖവെള്ളിയാഴ്ചദിനത്തിലുണ്ടായ മിസൈല്‍ ആക്രമണത്തിനുശേഷം ആശുപത്രിക്കു സമീപമുള്ള സൈനികന്റെ മൂന്നു വീടുകളിലാണു ബാക്കിയുള്ള 29 പേരും ഇപ്പോള്‍ താമസിക്കുന്നത്. ആക്രമണത്തെത്തുടര്‍ന്ന് ജീവരക്ഷാര്‍ഥം ഓടിയ ഇവരെ സൈനിക വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തി ഇവിടെ എത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ എക്‌സിറ്റ് അടിച്ച് നല്‍കുകയും ചെയ്തു. 15-ന് വിസയുടെ കാലാവധി കഴിയുമെന്നതിനാല്‍ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലാണ് നഴ്‌സുമാരും അവരുടെ കുടുംബാംഗങ്ങളും.
നിലവില്‍ ഇവര്‍ താമസിക്കുന്ന സൈനിക ഉദ്യോഗസ്ഥന്റെ മൂന്നു വീടുകളും അദ്ദേഹം വാടകയ്ക്ക് നല്‍കിയിരുന്നവയാണ്. കടല്‍ക്കരയിലുള്ള ഈ വീടുകളില്‍നിന്നു മാറിക്കൊടുക്കാന്‍ അയാള്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും വൈദ്യുതിബന്ധവും കുടിവെള്ളവും തടസപ്പെടുത്തിയതായും കോട്ടയം പാമ്പാടി കളിങ്കൂട്ടില്‍ ജേക്കബ് ഏബ്രഹാമിന്റെ മകള്‍ മഞ്ജുമേരി ജേക്കബ് ഇന്നലെ വീട്ടില്‍ അറിയിച്ചു. നഴ്‌സുമാരുടെ മൂന്നുവര്‍ഷത്തെ ശമ്പളവും ലിബിയയിലെ ബാങ്കുകളിലാണ്.
അതെല്ലാം ഉപേക്ഷിച്ച് തിരിച്ചുപോരുമ്പോള്‍ ഇവരെ ഇന്ത്യയില്‍ എത്തിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണെന്നാണ് ആക്ഷേപം. ഇവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രണ്ടുപ്രാവശ്യം നേരില്‍കണ്ടു പരാതി അറിയിച്ചപ്പോള്‍ നോര്‍ക്കയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. പിറവം സ്വദേശിയായ ഒരു ഗര്‍ഭിണിയും കുടുങ്ങിയവരോടൊപ്പമുണ്ട്. ഒന്നര വയസുമുതല്‍ 11 വയസുവരെയുള്ളവരാണ് ഒപ്പമുള്ള കുട്ടികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















