മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..

മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. സി എം ആർ എൽ കേസിൽ പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയന്നാണ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നത്. എറണാകുളത്തെ ചില അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ അന്വേഷണം തടയാൻ ഹൈക്കോടതി സമ്മതിച്ചെന്ന് വരില്ല. മുഹമ്മദ് റിയാസിന്റെ അങ്കലാപ്പ് വ്യക്തമാണ്. മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ അദ്ദേഹം തയ്യാറല്ല. പ്രതിചേർത്താൽ അറസ്റ് ചെയ്യുമെന്ന സംശയം അദ്ദേഹത്തിനുണ്ട്. ആരോപണം ഹവാലാ ഇടപാടായതിനാൽ കേസ് ഏതറ്റം വരെ പോകുമെന്ന കാര്യത്തിൽ റിയാസിന് ഒരു വ്യക്തതയുമില്ല.തന്നെ മറ്റേതെങ്കിലും കേസിൽ കുരുക്കുമോ എന്ന സംശയവും മുൻമന്ത്രിക്കുണ്ട്.
പിണറായിയുടെ വീട്ടിൽ സി പി എം പ്രവർത്തകർ നടത്തിയ അഴിഞ്ഞാട്ടമാണ് ഇഡിയെ ഇത്രയും കടുത്ത നടപടികളിലേക്ക് പ്രേരിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ഇഡി റെയ്ഡ് നടക്കുമ്പോൾ റിയാസ് വീടിന് പുറത്തായിരുന്നു.തങ്ങൾക്കെതിരായ സമരം ആസൂത്രണം ചെയ്തതിന് പിന്നിൽ റിയാസുണ്ടെന്ന സംശയം ഇ ഡിക്കുണ്ട്. അതുകൊണ്ടാണ് റിയാസിനെതിരായ നീക്കങ്ങൾ കേന്ദ്ര ഏജൻസി കടുപ്പിക്കുന്നത്. തന്നെ പ്രതിചേർത്താൽ ഇ ഡി ഏതറ്റം വരെയും പോകും. സിഎംആർഎൽ– എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ടി.വീണയെ ചോദ്യം ചെയ്യുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് റിയാസിന്റെ നീക്കങ്ങൾ നിർണായകമായത്. വീണ 3.49 ലക്ഷം യുഎഇ ദിർഹം അതായത് 85 ലക്ഷം രൂപ ദുബായിലേക്കു കൈമാറിയിട്ടുണ്ടെന്ന തെളിവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുക. ഒപ്പം ഫെമ കുറ്റം ചുമത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
വിദേശത്തേക്കു പണം അയക്കാനുള്ള ചട്ടങ്ങൾ പാലിക്കാതിരുന്നതിനാണ് ഫെമ ചുമത്തുക. വീണയുടെ വീട്ടിൽനിന്നു മുൻപു കണ്ടെത്തിയ ഡയറിയിലെ കയ്യെഴുത്തു കണക്കുകളിൽ 20.05 കോടി രൂപയുടെ ഇടപാടുകളാണ് ഇ.ഡി. കണ്ടെടുത്തിട്ടുള്ളത്.അതേസമയം ടി. വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് എംഎൽഎയെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിയമോപദേശം തേടി. സിഎംആർഎൽ ഉടമകളും വീണയും നൽകിയ മൊഴികളുടെയും റെയ്ഡിൽ കണ്ടെത്തിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണിത്. സിഎംആർഎൽ നൽകിയ പണം വീണയുടെ അക്കൗണ്ടിൽനിന്നു റിയാസിന്റെ അക്കൗണ്ടിലേക്കും അവിടെനിന്നു മറ്റു പലരുടെയും അക്കൗണ്ടുകളിലേക്കും മാറ്റി ഇട്ടതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചു 2 തവണ ഫോണിൽ റിയാസിനോടു വിശദീകരണം ചോദിച്ചു. ഇതിനു കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനും പണം കൈമാറിയിട്ടുണ്ട്. ഇതിലാണ് ഇ.ഡിക്ക് സംശയം.വീണയുടെ അക്കൗണ്ടിൽനിന്ന് 2021ലെ തിരഞ്ഞടുപ്പ് സമയം റിയാസിന്റെ സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമേ റെയ്‌ഡിൽ ഇ.ഡി കണ്ടെടുത്ത സിം കാർഡിന്റെ ചിത്രവും കേസിൽ നിർണായ വഴിത്തിരിവാകും. റിയാസിന്റെ സുഹൃത്ത് നന്ദുലാലിന്റെ പേരിലാണ് സിം എടുത്തിട്ടുള്ളത്. വിദേശത്തേക്ക് ഇന്റർനെറ്റ് കോളാനായി സിം ഉപയോഗിച്ചു എന്ന് സംശയിക്കുന്നു. ഇത് എന്തിനുവേണ്ടിയാണെന്ന് ഇഡി സംശയിക്കുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരെയുള്ള ഇ.ഡി നീക്കവും അവർ പുറത്തുവിട്ട, ഹവാല ഇടപാടിലേക്കടക്കം വിരൽ ചൂണ്ടുന്ന വിവരങ്ങളും സിപിഎമ്മിനെ കുഴപ്പത്തിലാക്കുന്നു.
വീണയുടെ ഭർത്താവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ.മുഹമ്മദ് റിയാസും ഇ.ഡിയുടെ അന്വേഷണ വലയത്തിലാണെന്ന ആധിയിലാണ് പാർട്ടി. മുൻ മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ നേതാവിന്റെ മകൾക്കും മരുമകനുമാണ് അനധികൃത സാമ്പത്തിക ഇടപാടുകളുടെ പേരിൽ കുരുക്ക്. പാർട്ടിക്കു കയ്യൊഴിഞ്ഞു നിൽക്കാനാകില്ല.വീണയ്ക്കെതിരെയുള്ള ഏതൊരു നീക്കവും പാർട്ടിക്കെതിരെയുള്ള നീക്കം കൂടിയാണെന്ന മുൻ നിലപാടിൽനിന്ന്, അതേസമയം സിപിഎം തന്ത്രപരമായി പിന്നോട്ടു പോയിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ.ഡി റെയ്ഡിനു പിന്നാലെ ഉദ്യോഗസ്ഥ സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷമാണ് ഈ വീണ്ടുവിചാരം. തന്നോട് ഇ.ഡി ഒന്നുംതന്നെ ചോദിച്ചില്ലെന്നാണ് അതിനുശേഷം അന്നു പിണറായി പ്രതികരിച്ചത്. പിന്നെ ആർക്കു വേണ്ടിയാണ് ഇ.ഡിയെ ആക്രമിച്ചു നാണംകെട്ടതെന്ന ചോദ്യം സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി.
കേന്ദ്രനേതൃത്വം നടപടിയോടു വിയോജിക്കുകയും ചെയ്തു. അതിനുശേഷം വീണയെ ചോദ്യംചെയ്യാൻ വിളിച്ചപ്പോഴുൾപ്പെടെ സംയമനം പാലിക്കുകയാണ് പാർട്ടി ചെയ്തത്.ഇ.ഡിയുടെ പുതിയ നീക്കത്തെയും അവർ പുറത്തുവിട്ട വിവരങ്ങളെയും ശ്രദ്ധാപൂർവമാണ് പാർട്ടി സമീപിക്കുന്നത്. അതേസമയം, റിയാസിനെ ഉന്നമിട്ടുള്ള നീക്കത്തിനെതിരെ രംഗത്തുവരികയും ചെയ്തു. കോഴിക്കോട്ട് രാഷ്ട്രീയ വിശദീകരണ യോഗവും തീരുമാനിച്ചിട്ടുണ്ട്. റിയാസിനെ ചോദ്യം ചെയ്യാനായി ഇ.ഡി വിളിപ്പിക്കുമെന്ന സൂചന പാർട്ടിക്കുമുണ്ട്. കേന്ദ്രകമ്മിറ്റി അംഗമായ കെ.രാധാകൃഷ്ണനെതിരെ കരുവന്നൂർ കേസിൽ ഇ.ഡിയുടെ നീക്കം നടന്നപ്പോൾ പാർട്ടി പ്രതിരോധിച്ചതിന്റെ തുടർച്ചയായാണ് റിയാസിന് സംരക്ഷണം തീർക്കുന്നതെന്നു പാർട്ടി കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി. റിയാസുമായി ബന്ധമുള്ളവരുടെ വീട്ടിൽ നടന്ന റെയ്ഡിനെ അപലപിച്ചപ്പോൾ തന്നെ വീണയ്ക്കെതിരെ പുറത്തുവന്ന കാര്യങ്ങളെക്കുറിച്ച് അക്കൂട്ടത്തിൽ പറയാതിരിക്കാനുള്ള ജാഗ്രത സംസ്ഥാന സെക്രട്ടറി പുലർത്തി.
ഇതിൽ പിണറായിക്ക് അത്യപ്തിയുണ്ട്. തന്റെ മകളെ എം വി ഗോവിന്ദൻ സഹായിക്കാത്തത്തിലാണ് അദ്ദേഹത്തിന് സങ്കടം. സിപിഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റിക്ക് കോഴിക്കോട് വേദിയാകാൻ പോകുമ്പോഴാണ് അതേ നഗരത്തിൽ പാർട്ടിക്കെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ നീക്കം നടക്കുന്നത്. വീണയുടെ കയ്യെഴുത്ത് കണക്കുകളാണു തെളിവായി ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, ജയിൻ ഹവാല കേസിലും എസ്സാർ സ്റ്റീൽ ഇൻഡസ്ട്രീസ് കേസിലും, കയ്യെഴുത്ത് രേഖകളുടെ മാത്രം അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ സാമ്പത്തിക കുറ്റം ചുമത്താൻ കഴിയില്ലെന്ന നിലപാടാണ് സുപ്രീം കോടതി എടുത്തതെന്നു ചൂണ്ടിക്കാട്ടുന്ന പാർട്ടി കേന്ദ്രങ്ങളുണ്ട്. അത് സുപ്രീം കോടതിയുടെ കാര്യം. എന്നാൽ ജനങ്ങളെ എന്തു പറഞ്ഞ് വിശ്വസിപ്പിക്കും എന്ന ആശങ്കയിലാണ് പാർട്ടി.
സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ ഹവാല ഇടപാടിന് തെളിവ് ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരസ്യമാക്കി.. കേസിൽ ടി. വീണയുടെ ഭർത്താവും മുൻമന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമടക്കം കഴിഞ്ഞദിവസം ഒൻപത് ഇടങ്ങളിൽ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ, ഹവാല ഇടപാടുകളിലൂടെ പണം കൈമാറിയതിനു തെളിവു ലഭിച്ചതായി ഇ.ഡി. റിപ്പോർട്ടിൽ പറയുന്നു. ഏതാനും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 20.5 കോടിയുടെ ഇടപാട് നടന്നെന്നാണു വിവരം.മേയ് 27 ന് നടത്തിയ റെയ്ഡിൽ, വീണയുടെ കൈപ്പടയിലുള്ള ചില രേഖകൾ പിടിച്ചെടുത്തിരുന്നു. അതിൽ ചില വ്യക്തികളുടെ പേരും അവരുമായി നടത്തിയ പണമിടപാടുകളും ദുബായിലേക്കുള്ള പണമിടപാടും അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു. ദിർഹത്തിലും രൂപയിലുമാണ് ഇടപാടു രേഖപ്പെടുത്തിയിരുന്നത്.
3.49 ലക്ഷം ദിർഹം (ഏകദേശം 85 ലക്ഷം രൂപ) ദുബായിലേക്കു കൈമാറിയിട്ടുണ്ടെന്നാണ് രേഖയിലുള്ളത്. ടി.വീണയിൽനിന്നു പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ ഒരു സിം കാർഡിന്റെ ചിത്രവുമുണ്ട്. മറ്റൊരു വ്യക്തിയുടെ പേരിൽ എടുത്ത ഈ സിം വൈഫൈ റൂട്ടറിനായാണ് ഉപയോഗിച്ചിരുന്നത്. ഈ സിം ഇന്റർനെറ്റ് കോളുകൾക്കായാണ് ഉപയോഗിച്ചതെന്ന് സംശയിക്കുന്നുവെന്നും ഇ.ഡി. പത്രക്കുറിപ്പിൽ പറയുന്നു.മേയ് 27 ന് നടന്ന റെയ്ഡിൽ പിടിച്ചെടുത്ത വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെയും വീണയ്ക്ക് സിം കാർഡ് നൽകിയ വ്യക്തിയുടെയും ഉൾപ്പെടെയുള്ളവരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയതെന്ന് ഇ.ഡി. പറയുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി.നിഖിലിന്റെ ഫ്ലാറ്റ്, കെസികെ ഡെന്റൽ ഉടമയും റിയാസിന്റെ സഹപാഠിയുമായ ഷൈജലിന്റെ അപ്പാർട്മെന്റ്,
കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ(ഡിടിപിസി) ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ ആയ എൻ. നന്ദുലാലിന്റെ വീട് എന്നിവിടങ്ങൾ ഉൾപ്പെടെ ഒൻപത് ഇടത്താണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനു മുന്നോടിയായാണ് ഇ.ഡി പരിശോധന നടത്തിയതെന്നാണു വിവരം. കണ്ടുകെട്ടിയ വസ്തുക്കളിൽനിന്ന്, വരുമാനത്തിൽ കവിഞ്ഞ പണം ടി.വീണ കൈകാര്യം ചെയ്തിരുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും ഇ.ഡി.പറയുന്നു.സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖിലിനെയും ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ടി. വീണയുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം.വീണ താമസിച്ചിരുന്ന തിരുവനന്തപുരത്തെ വീട്ടിൽനിന്ന് കഴിഞ്ഞ മേയിൽ ചുവന്ന കവറുള്ള ഡയറി ഇ.ഡി. സംഘം പിടിച്ചെടുത്തിരുന്നു. നിഖിൽ, വാരിസ്, ഷൈജൽ, ഫൈജാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ടിൽനിന്ന് പണം കൈമാറിയതായി ഡയറിയിലുണ്ടായിരുന്നു.
വീണയെ ചോദ്യംചെയ്തപ്പോൾ നാലുപേരും റിയാസിന്റെ സുഹൃത്തുക്കളാണ്, ഒരാൾ തന്റെ കൂടി സുഹൃത്താണെന്നുമായിരുന്നു മറുപടി. തിരഞ്ഞെടുപ്പ് ആവശ്യത്തിനാണ് പണം കൈമാറിയതെന്നും വീണ പറഞ്ഞിരുന്നു. ചോദ്യംചെയ്യലിനിടെ വീണയെക്കൊണ്ട് ഇവരെ വിളിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. റിയാസിന്റെ സുഹൃത്തുക്കളുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകൾ അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണോ എന്നും ഇ.ഡിക്ക് അറിയേണ്ടതുണ്ട്. അതിനാണ് റിയാസിൽ നിന്നും വിവരങ്ങൾ തേടിയത്. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിൽ ഉൾപ്പെടെ ഇന്നലെ റെയ്ഡ് നടന്നിരുന്നു. രാവിലെ 6.30ന് തുടങ്ങിയ റെയ്ഡ് പലയിടത്തും രാത്രി എട്ടരയ്ക്ക് ആണ് അവസാനിച്ചത്.
നിഖിലിന്റെ ഫറോക്ക് കരുവൻതുരത്തിയിലെ വീട്ടിലും,അശോകപുരത്തെ ഫ്‌ളാറ്റിലും, കെസികെ ഡെന്റൽ ആൻഡ് സർജിക്കൽ സ്ഥാപന ഉടമ ഷൈജലിന്റെ പൊറ്റമ്മലിലെ അപാർട്ട്മെന്റ്, കെസികെ ഡെന്റൽ ആൻഡ് സർജിക്കൽ – സരോവരം റോഡ്, പന്തീരാങ്കാവ് സ്വദേശി വാരിഷ് കളത്തിങ്കലിന്റെ ഉടമസ്ഥതയിൽ ഉള്ള ക്യാപിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്, കാരപ്പറമ്പ് സ്വദേശി ഫബീഷ് മുഹമ്മദിന്റെ വീട്, മുഹമ്മദ് റിയാസിന്റെ സഹപാഠി ഫൈജാസിന്റെ വീട് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.അതേസമയം, എക്‌സാലോജിക് കേസില്‍ ഇ.ഡി. നടത്തുന്ന റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം ആരോപിച്ചു. സിപിഎമ്മിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടു കൂടി കേന്ദ്ര ഏജന്‍സികള്‍ കടന്നാക്രമണം നടത്തുകയാണെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. മുഹമ്മദ് റിയാസുമായി പരിചയമുണ്ടെന്നതിന്റെ പേരില്‍ നിരവധി പേരുടെ വീടുകളിലും ഓഫിസിലും റെയ്ഡ് നടത്തുകയാണ്.
സിപിഎം നേതാക്കളുമായി അടുത്തു ബന്ധമുള്ളവരെയെല്ലാം റെയ്ഡിന്റെ ഭാഗമാക്കി പുകമറ സൃഷ്ടിച്ച് പാര്‍ട്ടിവിരുദ്ധ മനസ് രൂപപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. മുഹമ്മദ് റിയാസിനെതിരെ പറയുന്ന കാര്യങ്ങളില്‍ ഒരു വസ്തുതയുമില്ല. എന്നാല്‍ അങ്ങനെ വരുത്തിത്തീര്‍ക്കാനാണ് ഇ.ഡിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നത്. എക്‌സാലോജിക് കേസില്‍ പാര്‍ട്ടിക്ക് പങ്കില്ല. രാഷ്ട്രീയ വേട്ടയാടല്‍ ഉണ്ടാകുമ്പോള്‍ രാഷ്ട്രീയമായി നേരിടുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഇതിൽ വീണയുടെ പേര് പറയാതിരിക്കാൻ പാർട്ടി ശ്രദ്ധിച്ചു. ആദ്യഘട്ടത്തിൽ വീണയുടെ മാത്രം സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധയൂന്നിയ ഇ.ഡി. പതിയെ പതിയെ മുഹമ്മദ് റിയാസിലേക്ക് കടന്നു വരികയായിരുന്നു. വീണയുടെ അക്കൗണ്ടിൽ നിന്നും കള്ളപ്പണത്തിന്റെ ഭയാനക സംഖ്യകൾ ഒന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മുൻ മന്ത്രി റിയാസിന്റെ വിശ്വസ്തരുടെ സ്ഥാപനങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചത് ഇതിനുള്ള നിർദ്ദേശം ഡൽഹിയിൽ നിന്നും കേരളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ലഭിച്ചു എന്നാണ് സൂചന. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിയാസിന്റെ കൂട്ടുകാരുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. ഇതിൽ ബിസിനസുകാരെ തേടിപിടിച്ചാണ് ഇഡി പരിശോധിച്ചത്. കാരണം കർത്തയിൽ നിന്നും വീണയ്ക്ക് കിട്ടിയ പടം റിയാസിന്റെ സുഹൃത്തുകളുടെ അക്കൗണ്ടിൽ എത്തിയോ എന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. അതേസമയം വീണയുടെ മൊഴികളിൽ നിന്നാണ് റിയാസിന്റെ ഉറ്റചങ്ങാതിമാരെ കണ്ടെത്തിയതെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഹവാല ഇടപാട് ഇതിൽ ഒതുങ്ങിയാൽ ഭാഗ്യം.
https://www.facebook.com/Malayalivartha
























