ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശൂരിൽ മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുട്ടനെല്ലൂര്‍ സ്വദേശി ഷെറിന്‍ ആണ് മരിച്ചത്. തൃശൂര്‍ കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളിന് മുന്നില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് മുന്നിലേക്ക് എടുത്തതിനെ തുടര്‍ന്ന് ബൈക്ക് യാത്രികന്‍ വേഗത കുറയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഇരുമ്പ് സ്‌ക്വയര്‍ പൈപ്പുകളുമായി എത്തിയ മിനി ലോറി ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു. ഇതോടെ ലോറിയിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പുകള്‍ കെട്ടഴിഞ്ഞ് മുന്നിലെ ബൈക്ക് യാത്രികന്റെ മുകളിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഷെറിനെ നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha

























