അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 8 പേരും കൊല്ലപ്പെട്ടു.
രണ്ട് പൈലറ്റുമാർ, യു.എസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയേഴ്സിലെ 2 ജീവനക്കാർ, 4 കോൺട്രാക്ട് തൊഴിലാളികൾ എന്നിവരാണ് മരിച്ചത്. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തുള്ള സൈനിക കേന്ദ്രത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ആങ്കറേജിൽ നിന്ന് 725 കിലോമീറ്റർ പടിഞ്ഞാറുള്ള 'കേപ് ന്യൂവെൻഹാം ലോംഗ് റേഞ്ച് റഡാർ സെന്ററിന് സമീപത്താണ് ദാരുണമായ അപകടം സംഭവിച്ചത്. റഡാർ കേന്ദ്രത്തിൽ അറ്റകുറ്റപ്പണിക്കായി വിദഗ്ധരെ കൊണ്ടുവന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
'സെക്യൂരിറ്റി ഏവിയേഷൻ' കമ്പനിയുടെ ഡബിൾ എഞ്ചിൻ 'സെസ്ന 441 എന്ന ചാർട്ടർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കനത്ത മൂടൽമഞ്ഞ് കാരണം പൈലറ്റുമാർക്ക് റൺവേ നേരിട്ട് കാണാനായി സാധിച്ചിരുന്നില്ല. പൂർണ്ണമായും ഇൻസ്ട്രുമെന്റ് സംവിധാനങ്ങളെ ആശ്രയിച്ചാണ് ലാൻഡിംഗിന് ശ്രമിച്ചത്. കാഴ്ചപരിധി തീരെ കുറവായതിനാൽ ആദ്യത്തെ ലാൻഡിംഗ് ശ്രമം പൈലറ്റുമാർ ഉപേക്ഷിച്ചിരുന്നു.
തുടർന്ന് രണ്ടാം തവണ ലാൻഡ് ചെയ്യാനായി ശ്രമിക്കവെ, റൺവേയിൽ നിന്ന് അര കിലോമീറ്റർ മാത്രം അകലെ വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയും പർവതനിരകൾക്ക് സമീപം തകർന്നു വീഴുകയുമായിരുന്നു. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
"
https://www.facebook.com/Malayalivartha

























