എല്ലാം പോലീസിന്റെ ഒളിച്ചുകളി....പ്രതികളായി വേഷം കെട്ടിച്ചത് രണ്ടു പൊലീസുകാരെയെന്ന് ദേശാഭിമാനി വാര്‍ത്ത; വ്യാജവേഷക്കാര്‍ കളമശേരി റിസര്‍വ് ക്യാമ്പിലെ പൊലീസുകാര്‍

പതിവില്ലാതെ പ്രതികളുടെ മുഖം മറച്ചതോടെ സംശയം മണത്തതാണ് മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ ആകെ പുലിവാലായി. പെരുമ്പാവൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ വിഷയം രാഷ്ട്രീയ വിവാദമായി മാറുന്നതിനിടെ സിപിഐ(എം) മുഖപത്രമായ ദേശാഭിമാനി പൊലീസിനെതിരെ രംഗത്തെത്തി. ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന വിധത്തില്‍ നിരവധി വിവാദങ്ങള്‍ ഉണ്ടാകുന്നതിനിടെ ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കി കൊണ്ടാണ് ദേശാഭിമാനി പത്രം ഇന്ന് പുറത്തിറങ്ങിയത്. ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെന്ന പേരില്‍ മുഖം തുണികൊണ്ടു മറച്ച് കൊണ്ടുനടന്നത് പൊലീസുകാരെയാണെന്നാണ് പത്രം വെളിപ്പെടുത്തിയത്. കളമശേരി റിസര്‍വ് ക്യാമ്പിലെ കെഎപി അഞ്ച് ബറ്റാലിയനിലെ രണ്ടു പൊലീസുകാരെയാണ് ഇത്തരത്തില്‍ വേഷംകെട്ടിച്ചതെന്നും വാര്‍ത്തയില്‍ പറയുന്നു.
സംഭവത്തെ കുറിച്ചുള്ള ദേശാഭിമാനി വാര്‍ത്ത ഇങ്ങനെയാണ്:
പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെന്നപേരില്‍ മുഖം തുണികൊണ്ടു മറച്ച് കൊണ്ടുനടന്നത് പൊലീസുകാരെ. കളമശേരി റിസര്‍വ് ക്യാമ്പിലെ കെഎപി അഞ്ച് ബറ്റാലിയനിലെ രണ്ടു പൊലീസുകാരെയാണ് ഇത്തരത്തില്‍ വേഷംകെട്ടിച്ചത്. രാജ്യത്തെയാകെ നടുക്കിയ അരുംകൊല നടന്ന് ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ അണപൊട്ടുന്ന രോഷം തണുപ്പിക്കാന്‍ ഉന്നതഭരണതല നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു പൊലീസിന്റെ പ്രഛന്നവേഷം. പ്രതികളെ പിടികൂടിയെന്നു വരുത്തിതീര്‍ക്കാനായിരുന്നു കേരളത്തെ പരിഹസിക്കുന്ന കള്ളക്കളി.
പ്രതികളായി വേഷം കെട്ടിച്ച പൊലീസുകാരെ ജനങ്ങള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും മുന്നിലൂടെ ചൊവ്വാഴ്ച പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു. ജിഷയുടെ സുഹൃത്തിനെയും അയല്‍വാസിയെയും കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസ്തന്നെയാണ് മാദ്ധ്യമങ്ങള്‍ക്ക് വിവരം നല്‍കിയത്. തിങ്കളാഴ്ച ഉച്ചയോടെ ഇവരെ ഡിവൈഎസ്പി ഓഫീസില്‍ എത്തിക്കുമെന്നും അറിയിച്ചു. വാര്‍ത്താ ചാനലുകള്‍ക്ക് വീഡിയോ എടുക്കാന്‍ പറ്റുംവിധം വളരെ സാവധാനത്തിലാണ് ഇവരെ ഓഫീസിനുള്ളിലേക്ക് കൊണ്ടുപോയത്. രൂപത്തിലും ഭാവത്തിലും രണ്ടു തരത്തിലുള്ള പൊലീസുകാരെ പ്രത്യേകം തെരഞ്ഞെടുത്തായിരുന്നു മുഖംമറച്ചുള്ള പരേഡ്. എന്നാല്‍, മുഖംമറച്ചവരോട് രൂപസാദൃശ്യമുള്ള ഒരാള്‍പോലും പരിസരത്തില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.
ചിലരെ സംശയിക്കുന്നതായി സൂചനകള്‍ പുറത്തുവിട്ട് അന്വേഷണം സജീവമാണെന്നു കാണിക്കാന്‍ പൊലീസ് നടത്തുന്ന തട്ടിപ്പുകളും മറനീക്കി പുറത്തുവന്നു. ചേച്ചിയുടെ ഭര്‍ത്താവിനെ സംശയിക്കുന്നുവെന്നായിരുന്നു ആദ്യ വെളിപ്പെടുത്തല്‍. പിന്നെ ചില അയല്‍വാസികളെയും സംശയ കണ്ണിയില്‍പ്പെടുത്തി. ജിഷ ജോലിചെയ്ത ആശുപത്രിയിലെ സുഹൃത്താണ് പ്രതിയെന്ന് പിന്നീട് പ്രചരിപ്പിച്ചു. നൃത്താധ്യാപകനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തുവെന്നും അറിയിച്ചു. എന്നാല്‍, പ്രതികള്‍ ഇവരല്ലെന്ന് വൈകിട്ടോടെ സമ്മതിച്ചു. സംഭവദിവസം പെരുമ്പാവൂരില്‍നിന്നു പോയ ഒരാള്‍ കണ്ണൂരില്‍ അറസ്റ്റിലായെന്നായി അടുത്ത വെളിപ്പെടുത്തല്‍. ഇയാള്‍ കുറ്റം സമ്മതിച്ചതായും കഞ്ചാവിന് അടിമയാണെന്നും പ്രചരിപ്പിച്ചു. എന്നാല്‍, ബുധനാഴ്ച പകല്‍ ഇയാളല്ല പ്രതിയെന്ന് പൊലീസ് ഐജിതന്നെ പറഞ്ഞു. പ്രതിയുടെ രേഖാചിത്രമെന്ന് അവകാശപ്പെട്ട് ഒരു ചിത്രവും നല്‍കി. അറസ്റ്റിന് ഇനിയും സമയമെടുക്കുമെന്നും ഐജി അറിയിച്ചു.
ഒരു കാര്യവും മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് പൊലീസ് പരിസരവാസികള്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെളിവെടുക്കാനെന്ന പേരില്‍ പരിസരവാസികളെ വിളിച്ചുവരുത്തിയും അവരുടെ വീടുകളില്‍ ചെന്നുമാണ് പൊലീസ് ഭീഷണിപ്പെടുത്തുന്നത്. അതേസമയം പൊലീസിന് ആവശ്യമുള്ളവ മാദ്ധ്യമങ്ങള്‍ക്ക് ചില ഉറവിടങ്ങളില്‍നിന്ന് യഥേഷ്ടം നല്‍കുകയും ചെയ്യുന്നു.
പത്രവാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതികരണങ്ങള്‍ പുറത്തുവന്നു തുടങ്ങി. സംഭവം സത്യമാണെങ്കില്‍ ഡിജിപി വിശദീകരണം നല്‍കണമെന്നാണ് പലരും ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ പ്രതികളെ പിടിക്കാന്‍ പൊലീസിന് ഇനിയും സാധിക്കാത്ത അവസരത്തിലാണ് പ്രതികളെന്ന വിധത്തില്‍ വേഷം കെട്ടിച്ച് എആര്‍ ക്യാമ്പിലെ പൊലീസുകാരെ കൊണ്ടുവന്നുവെന്ന ആരോപണവും ഉയരുന്നത്. ഇതിന്റെയും സത്യാവസ്ഥ ഇനി പുറത്തുവരേണ്ടിയിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















