പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത. ടോൾ നിരക്ക് വർധിപ്പിക്കാനായി കരാർ കമ്പനിക്ക് ദേശീയ പാത അതോറിറ്റി അനുമതി നൽകിയതായാണ് റിപ്പോർട്ടുകളുള്ളത്. എന്നാൽ ഹൈക്കോടതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ പുതിയ നിരക്ക് പ്രാബല്യത്തിൽ വരികയുള്ളൂ.
ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിയാതെ ടോൾ നിരക്ക് കൂട്ടാനായി പാടില്ലെന്ന് കഴിഞ്ഞവർഷം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുതിയ ടോൾ നിരക്കിന് ഹൈക്കോടതിയും പച്ചക്കൊടി കാണിച്ചാൽ കാറുകൾക്ക് നിലവിലെ നിരക്കിനേക്കാൾ 10 ശതമാനത്തിലേറെ കൂടുതൽ തുക നൽകേണ്ടതായി വരും. ഇപ്പോൾ 2024ലെ ടോൾ നിരക്കാണ് പിരിച്ചുകൊണ്ടിരിക്കുന്നത്.
സെപ്റ്റംബർ ഒന്നു മുതലുള്ള പുതിയ നിരക്ക് പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനത്തിലും ഹൈക്കോടതി നിർദേശപ്രകാരം മാത്രമേ പ്രാബല്യത്തിലാക്കൂവെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന ടോൾ നിരക്കിന്റെയും രാജ്യത്തെ മൊത്തവില സൂചികയുടെയും അടിസ്ഥാനത്തിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് പാലിയേക്കരയിലെ ടോൾ നിരക്ക് പരിഷ്‌കരിക്കുന്നത്.
പുതിയ നിരക്ക് നിലവിൽ വന്നാൽ ഒരു ഭാഗത്തേക്ക് കാറുകൾക്ക് 90 രൂപയുണ്ടായിരുന്നത് 100 രൂപയാകും. ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് 140 രൂപയായിരുന്നത് 145 രൂപയാകും. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് 160 രൂപയായിരുന്നത് 170 രൂപയാകുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























