ജിഷയ്ക്ക് ഏല്‍ക്കേണ്ടിവന്നത് ക്രൂരപീഡനം, മാരക മുറിവുകള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു; കൊലയാളി സമീപത്തെ കല്യാണവീട് സന്ദര്‍ശിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ പൊലീസ്

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കശേരുക്കള്‍ തകരുന്ന തരത്തിലാണ് ഞെരുക്കിയിരിക്കുന്നത്. വിവിധ ശരീര ഭാഗങ്ങളില്‍ മുറിവുകളുണ്ടായിട്ടുണ്ട്. പ്രധാന അവയവങ്ങള്‍ക്കും മാരകമായ മുറിവുകളേറ്റിട്ടുണ്ട്. പുറത്ത് കടിയേറ്റ പാടുകളുണ്ട്. ഈ മുറിവുകളും കഴുത്തുഞെരിച്ചതും മരണത്തിന് കാരണമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 29-നാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയതെങ്കിലും ഇന്നലെ ഉച്ചയോടെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. അസോഷ്യറ്റ് പ്രഫസര്‍ ഡോ. ലിസ ജോണ്‍, പിജി വിദ്യാര്‍ഥി അംജത് എന്നിവരുടെ പേരിലാണ് റിപ്പോര്‍ട്ട്.
പീഡനശ്രമം നടന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിഎന്‍എ പരിശോധന നടത്തും. ജിഷയുടെ ഇരു ചുമലുകളും ശക്തമായി പിടിച്ചു തിരിച്ച അവസ്ഥയിലായിരുന്നു. പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്തുന്നതിനുള്ള ശ്രമത്തിലായിരിക്കാം പുറത്തു കടിച്ച് മുറിവേല്‍പ്പിച്ചിരിക്കുന്നത്. ശരീരം തുളഞ്ഞിറങ്ങുന്ന രീതിയിലുള്ള കടിയാണ് പുറത്തേറ്റിരിക്കുന്നത്.
തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിലായിരിക്കും ജിഷയുടെ ആന്തരികാവയവങ്ങളുടേതുള്‍പ്പെടെയുള്ള ഡിഎന്‍എ പരിശോധന നടത്തുക.
അതേസമയം, ജിഷയുടെ കൊലപാതകത്തിലെ അന്വേഷണം സംബന്ധിച്ച് എല്ലാ വിവരങ്ങളും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാത്രമല്ല, പെരുമ്പാവൂര്‍ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘത്തെ വിപുലീകരിച്ചു. എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുക. ആലുവ റൂറല്‍ എസ്പിയും നാലു ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. കൊലപാതകം നടന്ന് ഒരാഴ്ചയായിട്ടും പ്രതികളെ കണ്ടെത്താനാകാത്തതിനാലാണ് അന്വേഷണ സംഘം വിപുലീകരിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.
കുറുപ്പംപടി കനാല്‍ പുറമ്പോക്കു ഭൂമിയിലെ അടച്ചുറപ്പില്ലാത്തെ ചെറിയ വീട്ടില്‍ ഏപ്രില്‍ 28-നാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണു ഫൊറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ഈ ശ്രമം പരാജയപ്പെട്ടതിനാലാകാം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചു സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേല്‍പിച്ചതെന്നും പൊലീസ് അനുമാനിക്കുന്നു.
കൊലനടന്ന ഏപ്രില്‍ 28ന് ഉച്ചയ്ക്കു ശേഷം ഇവരുടെ വീടിന്റെ പരിസരത്തു കണ്ട യുവാവിനെക്കുറിച്ച് അയല്‍വാസി നല്‍കിയ വിവരണവും ജിഷയുടെ മാതാവ് രാജേശ്വരി (49) നല്‍കിയ മൊഴിയുമാണു പ്രതിയെക്കുറിച്ച് സൂചന കിട്ടാന്‍ പൊലീസിനെ സഹായിച്ചത്. കൊല നടത്തിയത് ഒരാളാണെന്നാണു പൊലീസ് നല്‍കുന്ന വിവരം.
കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണം പ്രദേശവാസികളായ പരിചയക്കാരിലേക്കു കേന്ദ്രീകരിക്കുകയാണ്. കൊലനടന്നതായി അനുമാനിക്കുന്ന സമയം ഈ വീട്ടില്‍ നിന്ന് ഇറങ്ങി പ്പോയ മഞ്ഞ ടീഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച യുവാവിനെ കണ്ടെത്താനാണു പൊലീസിന്റെ ശ്രമം. യുവാവിനെ നേരില്‍ കണ്ട രണ്ടുപേര്‍ നല്‍കിയ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് രേഖാ ചിത്രം തയാറാക്കിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച പ്രദേശത്തു വിവാഹം നടന്ന വീട്ടിലെ ചടങ്ങിന്റെ വിഡിയോ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. വിവാഹച്ചടങ്ങിനു മൂന്നു ദിവസം മുന്‍പാണു ജിഷ കൊല്ലപ്പെട്ടതെങ്കിലും കുറ്റകൃത്യത്തിനു ശേഷം കൊലയാളി ഈ കല്യാണവീട് സന്ദര്‍ശിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണു പൊലീസ്. സംഭവത്തിനു പിറ്റേന്നു രാവിലെ ജിഷയുടെ വീട്ടിലെത്തിയ പൊലീസ് നായ മണംപിടിച്ചു കല്യാണവീടിന്റെ സമീപമെത്തിയിരുന്നു.
കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം,
ജിഷയുടെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സഹോദരിക്ക്് എറണാകുളം ജില്ലയില്‍ ജോലി നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇവര്‍ക്ക് വീടു വച്ചുനല്‍കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായവാഗ്ദാനങ്ങള്‍ ജില്ലാ കലക്ടര്‍ ഏകോപിപ്പിക്കും. ഇക്കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശം നല്‍കി. ഇവ നടപ്പാക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















