വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍. കൊല്ലത്ത് ആയൂര്‍ സ്വദേശി അമൃതയാണ് (18) ചടയമംഗലം പൊലീസിന്റെ പിടിയിലായത്. മാതാവ് അശ്വതി പറഞ്ഞതിനാലാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത പൊലീസിന് മൊഴി നല്‍കി. കേസില്‍ അശ്വതി ഇപ്പോഴും ഒളിവിലാണ്.
ഉന്നത പൊലീസും ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും കുടുങ്ങിയ ഹണിട്രാപ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി. മറ്റു പെണ്‍കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചും പല പേരുകളില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൃഷ്ടിച്ചും തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. നിലവില്‍ അശ്വതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും ഉടന്‍ പിടികൂടുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
സെപ്തംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആയൂര്‍ ഇടമുളയ്ക്കല്‍ സ്വദേശിയായ രാധാമണിക്കാണ് (61) പൊള്ളലേറ്റത്. വീട്ടിലെ സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവദിവസം രാത്രിയോടെ അശ്വതി ഭര്‍ത്താവിന്റെ വീട്ടില്‍ മകളെ കൊണ്ടുചെന്നാക്കിയിരുന്നു. അവിടെനിന്നാണ് അമൃത പിടിയിലായത്.അശ്വതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. അമ്മ അശ്വതി വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് അമൃതയുടെ മൊഴി.
https://www.facebook.com/Malayalivartha

























