രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില

വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലാണ് ഉത്തരവിട്ടത്. സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കള്‍ എന്നിവരെയാണ് നഷ്ടപരിഹാരത്തിന് അര്‍ഹരായ ആശ്രിതരായി കോടതി പരിഗണിച്ചത്.
1,41,09,840 രൂപയാണ് ട്രൈബ്യൂണല്‍ നഷ്ടപരിഹാരമായി വിധിച്ചത്. കേസ് ഫയല്‍ ചെയ്ത ദിവസം മുതല്‍ തുക കെട്ടിവയ്ക്കുന്ന ദിവസം വരെയുള്ള 8.5 ശതമാനം പലിശ കൂടി കണക്കാക്കുമ്പോഴാണ് ആകെ തുക 1.77 കോടി രൂപയാകുന്നത്. കേസിലെ മൂന്നാം എതിര്‍കക്ഷിയായ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി 30 ദിവസത്തിനകം തുക കോടതിയില്‍ കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോട്ടയം എംഎസിടി ജഡ്ജി പ്രസൂണ്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2023 ജൂണ്‍ അഞ്ചിന് തൃശൂര്‍ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. സുധിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ എത്തിയ പിക്കപ്പ് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സുധിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍ സുധിക്കൊപ്പം സഞ്ചരിച്ചിരുന്ന ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ എന്നിവര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. സുധിയുടെ മരണത്തെ തുടര്‍ന്ന് കുടുംബത്തിനുണ്ടായ സാമ്പത്തിക നഷ്ടവും അദ്ദേഹത്തെ ആശ്രയിച്ചിരുന്നവരുടെ അവകാശങ്ങളും പരിഗണിച്ചാണ് ട്രൈബ്യൂണല്‍ നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്.
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമായിരുന്നു കൊല്ലം സുധി. മിമിക്രി വേദികളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് ടെലിവിഷന്‍ പരിപാടികളിലും റിയാലിറ്റി ഷോകളിലും സജീവ സാന്നിധ്യമായി മാറി. സിനിമയിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.
2015ല്‍ പുറത്തിറങ്ങിയ 'കാന്താരി' എന്ന ചിത്രത്തിലൂടെയാണ് കൊല്ലം സുധി സിനിമയിലെത്തിയത്. 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍', 'കുട്ടനാടന്‍ മാര്‍പാപ്പ', 'കേശു ഈ വീടിന്റെ നാഥന്‍' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ടെലിവിഷന്‍ പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമായി മാറുന്നതിനിടെയായിരുന്നു അപ്രതീക്ഷിത മരണം.
https://www.facebook.com/Malayalivartha


























