ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും

ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും തുടങ്ങി. വാർദ്ധക്യസഹജമായ അസുഖങ്ങളും മറ്റ് രോഗങ്ങളും മൂലം സംസ്ഥാനത്ത് നാട്ടാനകൾ നിരന്തരം ചരിഞ്ഞുപോകുന്ന പശ്ചാത്തലത്തിലാണിത്. കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിലായി സംഘടിപ്പിക്കുന്ന പ്രത്യേക മെഡിക്കൽ ക്യാമ്പുകളിൽ ആദ്യത്തേതിന് തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ആരംഭമായി.
കേരളത്തിൽ നാട്ടാനകളുടെ എണ്ണത്തിൽ വലിയ ഇടിവാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷൻ സെക്രട്ടറി കെ.ജി. മഹേഷ് വ്യക്തമാക്കി. ഒരു ദശാബ്ദം മുൻപ് സംസ്ഥാനത്ത് എഴുനൂറോളം നാട്ടാനകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 360-ലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആനകളുടെ കൃത്യമായ ആരോഗ്യപരിപാലനം ഉറപ്പാക്കുന്നത് വരുംതലമുറയ്ക്കായി ഉത്സവ-ആചാര പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ പ്രമുഖരായ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പിൽ ആനകളുടെ പൂർണ്ണ ശാരീരിക പരിശോധനകൾ നടത്തിയത്. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ നിർവ്വഹിച്ചു.
"
https://www.facebook.com/Malayalivartha

























