കേരള സ്റ്റുഡന്റ്സ് യൂണിയന്റെ സ്ഥാപക നേതാവും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ തലശേരി കൈതയ്ക്കൽ കെ ഡി ദേവസ്യ അന്തരിച്ചു

കേരള സ്റ്റുഡന്റ്സ് യൂണിയന്റെ (കെഎസ്യു) സ്ഥാപക നേതാവും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ തലശേരി കൈതയ്ക്കൽ കെ ഡി ദേവസ്യ (87) അന്തരിച്ചു.
സംസ്ക്കാര ശുശ്രൂഷകൾ നാളെ രാവിലെ 10.45ന് തലശേരി കോടതിക്ക് സമീപമുള്ള വീട്ടിൽ നടക്കും. തുടർന്ന് തലശേരി സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളിയിൽ മൃതദേഹം സംസ്ക്കരിക്കും.
മുൻ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, ഉമ്മൻചാണ്ടി, മുൻ കേന്ദ്രമന്ത്രി വയലാർ രവി, വിഎം സുധീരൻ തുടങ്ങിയവർക്കൊപ്പം കെഎസ്യു സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ദേവസ്യ നിയമരംഗത്തും ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു.
പേരാവൂർ ഹൈസ്കൂളിൽ വിദ്യാർഥി നേതാവായി പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജ് ചെയർമാനും എറണാകുളം ഗവൺമെന്റ് ലോ കോളേജ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വിമോചന സമരകാലത്ത് വിദ്യാർഥി വിഭാഗത്തിന്റെ നേതാവായിരുന്ന അദ്ദേഹം തേവര മുരളി സമരത്തിന്റെ കൺവീനർ ആയിരുന്നു. കെപിസിസി അംഗം, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, ആറളം ഫാം തൊഴിലാളി യൂണിയൻ പ്രസിഡന്റ്, തലശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha






















