ജയപാലകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിച്ച് തട്ടുകട വീണ്ടും തുറന്നു; ദോശയും ചമ്മന്തിയും ഓംലെറ്റും
ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്‍ എറണാകുളം ചിറ്റൂരില്‍ നടത്തിയിരുന്ന തട്ടുകട കുടുംബം വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ജയബാലകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിച്ചുകൊണ്ടാണ് ഭാര്യയും മക്കളും ചേര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ കടയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ മകള്‍ ഭദ്രകീര്‍ത്തിയും അമ്മയും സഹോദരനും ചേര്‍ന്നാണ് ഇനി തട്ടുകട മുന്നോട്ട് കൊണ്ടുപോകുന്നത്.
ചിറ്റൂര്‍ നിവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട തട്ടുകട ജയബാലകൃഷ്ണന്‍ മുന്‍പ് നടത്തിവന്ന അതേ രീതിയില്‍, യാതൊരു മാറ്റവുമില്ലാതെ ദോശയും ചമ്മന്തിയും ഓംലെറ്റും നല്‍കിക്കൊണ്ടാണ് പ്രവര്‍ത്തിക്കുക. നാട്ടുകാരുടെയും മാധ്യമങ്ങളുടെയും പൂര്‍ണ്ണ പിന്തുണയോടെയാണ് കുടുംബം കട വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്. കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി ആളുകളാണ് കടയിലേക്ക് എത്തുന്നത്. തളരില്ലെന്നും പിതാവിന്റെ മരണത്തില്‍ നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ഭദ്രകീര്‍ത്തി മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബര്‍ 25-നായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. തട്ടുകട അടച്ച ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാഞ്ഞാലി പുത്തന്‍പറമ്പില്‍ ജയബാലകൃഷ്ണനെ (55), അഡീഷണല്‍ ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ മകനായ പതിനേഴുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച ബെന്‍സ് കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയബാലകൃഷ്ണന്‍ മരണപ്പെട്ടു.
https://www.facebook.com/Malayalivartha

























