സിറ്റി, ടൗണ്‍ ബസുകളില്‍ ജൂലൈ മുതല്‍ ഡോറുകള്‍ നിര്‍ബന്ധമാക്കും

സിറ്റി, ടൗണ്‍ ബസുകളില്‍ ജൂലൈ ഒന്നുമുതല്‍ ഡോറുകള്‍ നിര്‍ബന്ധമാക്കും. ഡോര്‍ അടയ്ക്കാതെയും കെട്ടിവെച്ച നിലയിലും സര്‍വിസ് നടത്തുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും ജോയന്റ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.
വാതിലുകള്‍ അടയ്ക്കാത്ത ബസുകള്‍ അപകടങ്ങള്‍ക്കിടയാക്കുന്നെന്ന കണ്ടെത്തലിനെതുടര്‍ന്നാണ് നടപടി. ചില ബസുകള്‍ ഡോര്‍ അഴിച്ചുവെച്ച് സര്‍വിസ് നടത്തുന്നത് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. വാതിലിനരികില്‍ കൈപ്പിടി പോലും ഇല്ലാതെയാണ് ചില ബസുകള്‍ ഓടുന്നത്. ബസുകള്‍ക്ക് ഫിറ്റ്‌നസും പെര്‍മിറ്റും ലഭിക്കണമെങ്കില്‍ ഡോറുകള്‍ ആവശ്യമാണ്. ടെസ്റ്റ് സമയത്ത് മാത്രം ഡോര്‍ ഘടിപ്പിക്കുന്നതും പിന്നീട് ഊരിമാറ്റുന്നതും ശ്രദ്ധയില്‍പെട്ടിരുന്നു.
ചില ബസുകള്‍ക്ക് മുന്‍ഭാഗം ഭദ്രമാണെങ്കിലും പിന്നില്‍ ഡോറില്ലാത്ത സ്ഥിതിയുണ്ട്. ഇവിടെ ഡോര്‍ വെച്ചാല്‍ ഒരു ജീവനക്കാരനെ അധികം നിയമിക്കേണ്ടിവരുമെന്നാണ് ഉടമകളുടെ ന്യായം. ഓട്ടോമാറ്റിക് ഡോറുകളുള്ള ബസുകളില്‍ ചിലത് അത് പ്രവര്‍ത്തിപ്പിക്കാറില്ല. ഡോറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള മടി കാരണം ജീവനക്കാര്‍ അവ തുറന്നിട്ട് യാത്ര നടത്തുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. നഗരത്തില്‍ സ്‌കൂള്‍കുട്ടികളടക്കം വാതിലില്ലാത്ത ബസുകളില്‍ തൂങ്ങിയാണ് പോകാറുള്ളത്. ഡോറുകളില്ലാത്ത ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കരുതെന്ന് നേരത്തേ മനുഷ്യാവകാശകമീഷന്‍ ഉത്തരവുണ്ടായിരുന്നു. നിലവില്‍ ഓടുന്ന ബസുകളില്‍ എമര്‍ജന്‍സി വാതിലുകളും കുറവാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























