ജിഷ കൊലക്കേസ്: പ്രതി കൊല നടത്തിയ ദിവസം ധരിച്ച വസ്ത്രങ്ങള്‍ അസമില്‍

പെരുമ്പാവൂര്‍ കൊലക്കേസില്‍ പ്രതിയുടെ വെളിപ്പെടുത്തലുകള്‍ വഴിത്തിരിവിലേക്ക്. ജിഷയെ കൊലപ്പെടുത്തിയ ദിവസം ധരിച്ച വസ്ത്രങ്ങള്‍ ഉപേക്ഷിച്ചത് അസമിലെന്ന് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ മൊഴി. ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം ഇതുവരെ പോലീസിന് കണ്ടെടുക്കാനായിട്ടില്ല. ഇതും അസമിലേക്ക് കൊണ്ടുപോയതായും സൂചനയുണ്ട്. അങ്ങനെയെങ്കില്‍, പ്രതിയെ അസമിലെത്തിച്ച് തൊണ്ടി സാധനങ്ങള്‍ കണ്ടെത്തേണ്ടി വരും.
ജിഷയെ കൊല ചെയ്ത ദിവസം ധരിച്ച മഞ്ഞ ഷര്‍ട്ട് അടക്കമുള്ള വസ്ത്രങ്ങള്‍ അസമിലേക്ക് രക്ഷപ്പെട്ടപ്പോള്‍ ഒപ്പം കൊണ്ടുപോയി എന്നാണ് പ്രതി അമീര്‍ ഉള്‍ ഇസ്ലാം ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവ ദിവസം ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളില്‍ ജിഷയുടെ രക്തക്കറ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അങ്ങനെയെങ്കില്‍ കേസിലെ സുപ്രധാന തെളിവായി വസ്ത്രങ്ങള്‍ മാറും.
വസ്ത്രങ്ങള്‍ ഉപേക്ഷിച്ച സ്ഥലം സംബന്ധിച്ച് പ്രതി നല്‍കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ഇത് കണ്ടെടുക്കണം. ഇതിനായി അമീര്‍ ഉള്‍ ഇസ്ലാമിനെ അസമില്‍ കൊണ്ടുപോകുന്നതിനുള്ള സാധ്യതകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഇപ്പോള്‍ അസമിലുള്ള പോലീസ് സംഘം അമീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധന നടത്തും.
കൊലയ്ക്ക് ശേഷം താന്‍ രക്തക്കറയുള്ള കത്തികൊണ്ട് മടങ്ങിയെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ജിഷയുടെ വീടിന്റെ പരിസരം പോലീസ് അരിച്ച് പെറുക്കിയെങ്കിലും കത്തി കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അമീറിന്റെ താമസസ്ഥലത്ത് നിന്ന് ലഭിച്ച കത്തി കൊലയ്ക്ക് ഉപയോഗിച്ചതല്ലെന്ന് നേരത്തെ ശാസ്ത്രീയപരിശോധനയില്‍ വ്യക്തമായിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള അമീറിനെ ചോദ്യം ചെയ്യലിന്‍ ശേഷം ജിഷയുടെ വീട്ടിലടക്കം കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























 
 