ജിഷയുടെ അമ്മയെ ബൈക്ക് ഇടിപ്പിച്ചയാള്‍ അമീറിന്റെ സുഹൃത്താണോ എന്ന അന്വേഷണം ആരംഭിച്ചു

പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ സുഹൃത്ത് അനറും കഴിഞ്ഞ വര്‍ഷം നവംബര്‍ 18നു രാത്രി ജിഷയുടെ മാതാവ് രാജേശ്വരിയെ ഇടിച്ചു തെറിപ്പിച്ച ബൈക്ക് ഓടിച്ചിരുന്ന അനര്‍ ഹസനെന്ന ഇതര സംസ്ഥാന തൊഴിലാളിയും ഒരാള്‍ തന്നെയാണോ എന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
കൊലപാതകത്തിനു ശേഷം കുറുപ്പംപടി വിട്ടുപോയ അനറിനെ കണ്ടെത്തിയാലെ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ. ബൈക്ക് ഇടിപ്പിച്ച കേസില്‍ രാജേശ്വരിയുടെ പരാതിയില്‍ കുറുപ്പംപടി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അമീറിന്റെ സുഹൃത്തായ അനര്‍ കേരളാ പൊലീസിന്റെ അന്വേഷണം അസമിലെത്തിയതോടെ അവിടെ നിന്നു കടന്നു.
2015 നവംബര്‍ 18നു രാത്രി ഏഴുമണിക്കായിരുന്നു കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ടു റോഡില്‍ രാജേശ്വരിയെ ബൈക്കിടിച്ചത്. സംഭവത്തില്‍ അസാം നൗഗാവ് സ്വദേശി അനര്‍ ഹസനെതിരെ പൊലീസ് കേസെടുത്തു. അന്ന് ജിഷയായിരുന്നു അമ്മയുടെ അടുത്തേക്ക് ഓടിയെത്തി ബൈക്ക് തടഞ്ഞു നിര്‍ത്തി താക്കോല്‍ പിടിച്ചുവാങ്ങിയത്. അനര്‍ ഹസനെ തടഞ്ഞു വച്ചു പൊലീസിനു കൈമാറാന്‍ നേതൃത്വം നല്‍കിയതും ജിഷയായായിരുന്നു. പിന്നീട് പ്രതികാര നടപടികളൊന്നും അനറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെങ്കിലും ജിഷയോടു വൈരാഗ്യം തോന്നാന്‍ ഇതു മതിയായ കാരണമാണെന്നു പൊലീസ് കരുതുന്നു.
കൊലനടന്ന 2016 ഏപ്രില്‍ 28 നു പ്രതി അമീര്‍ സുഹൃത്തായ അസാം സ്വദേശി അനറിന്റെ മുറിയിലെത്തി മദ്യപിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. ലൈംഗിക താല്‍പര്യത്തോടെ അമീര്‍ സമീപിച്ചപ്പോള്‍ ജിഷ പല തവണ ആട്ടിയോടിച്ചിരുന്നു. സംഭവദിവസം ചെരിപ്പൂരി അടിക്കുമെന്നു കാണിച്ചതിനും ശകാരിച്ചതിനും ദൃക്‌സാക്ഷിയുണ്ട്.
അതിനു ശേഷം അനറിന്റെ മുറിയിലെത്തി അമീര്‍ ഇക്കാര്യം സുഹൃത്തിനെ അറിയിച്ചു. തിരികെ ചെന്നു ജിഷയെ ചീത്ത പറയാന്‍ അനറിനെ കൂട്ടുവിളിച്ചു. 'നീയൊരു ആണല്ലേ, ഒറ്റയ്ക്കു പോയി ചോദിച്ചിട്ടുവാ' എന്നു പറഞ്ഞ സുഹൃത്ത് അമീറിനു മദ്യം പകര്‍ന്നു. ഇതാണു കൊലപാതകത്തിനു വഴിയൊരുക്കിയ സംഭവത്തെ കുറിച്ചു പൊലീസിനു ലഭിച്ച വിവരം.
അസമില്‍ നിന്നു മുങ്ങിയ അനറിനെ കണ്ടെത്തി ചോദ്യം ചെയ്താലെ കേസില്‍ അതീവപ്രാധാന്യമുള്ള ഇക്കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനു കഴിയൂ. രണ്ട് അനര്‍മാരും ഒരാളാണെന്നു തെളിഞ്ഞാല്‍ അതു ജിഷ വധക്കേസിന്റെ ഗതിതന്നെ മാറ്റും. അതിനിടെ അമീറിന്റെ സഹോദരന്‍ ബദറുല്‍ ഇസ്‌ലാമിനെ പൊലീസ് പെരുമ്പാവൂരില്‍ കണ്ടെത്തിയതായും സൂചനയുണ്ട്. ഇതുവരെയുളള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജിഷ കൊലക്കേസിലോ പിന്നീടു തെളിവു നശിപ്പിക്കുന്നതിലോ ഇയാള്‍ക്കു പങ്കില്ലെന്നാണു പൊലീസ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























 
 