റാഗിംഗ് നടന്നിട്ടില്ല, അശ്വതിയുടേത് ആത്മഹത്യാ ശ്രമം, അല്‍ ഖമര്‍ നേഴ്സിങ് കോളേജിനെ സംരക്ഷിച്ചു കൊണ്ട് സര്‍വകലാശാല സമിതിയുടെ റിപ്പോര്‍ട്ട്

കര്‍ണാടക ഗുല്‍ബര്‍ഗയിലെ അല്‍ ഖമര്‍ നേഴ്സിങ് കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനിയായ എടപ്പാള്‍ കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി(19)യെ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ കോളജിലോ ഹോസ്റ്റലിലോ റാഗിങ് നടന്നിട്ടില്ലെന്നും കുടുംബ പ്രശ്‌നം മൂലം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും റിപ്പോര്‍ട്ട്. അല്‍ ഖമര്‍ നേഴ്സിങ് കോളേജിനെ സംരക്ഷിച്ചുകൊണ്ടാണ് സംഭവം അന്വേഷിച്ച സര്‍വകലാശാല സമിതി റിപ്പോര്‍ട്ട് നല്‍കിയത്.
കര്‍ണാടക മുന്‍ മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ഖമറുള്‍ ഇസ്ലാമിന്റെ ഉടമസ്ഥതയിലുള്ള അല്‍ ഖമര്‍ നേഴ്സിങ് കോളേജിനെ വെള്ളപൂശാനുള്ള ശ്രമമാണ് സര്‍വകലാശാല സമിതി നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.ഫാര്‍മസി കോളേജ്, പോളിടെക്നിക് കോളേജ്, എന്‍ജിനിയറിങ് കോളേജ്, വിവിധ സ്‌കൂളുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ മേധാവിയാണ് ഖമറുള്‍ ഇസ്ലാം. 2001ലാണ് മന്ത്രിയായിരിക്കെ അല്‍ ഖമര്‍ നേഴ്സിങ് കോളേജ് തുടങ്ങുന്നത്. ബംഗളൂരുവിലെ രാജീവ് ഗാന്ധി സര്‍വകലാശാലയിലാണു നേഴ്സിങ് കോളേജിന്റെ അഫിലിയേഷന്‍. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് നേഴ്സിങ് കോളേജിനെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഖമറുള്‍ ഇസ്ലാം നടത്തുന്നതെന്നാണു സൂചന.
സംഭവം അന്വേഷിച്ച കേന്ദ്ര മനുഷ്യാവകാശ കമ്മീഷനും നേഴ്സിങ് കൗണ്‍സിലും കോളേജില്‍ റാഗിങ് നടന്നതായി കണ്ടെത്തിയിരുന്നു. കേസ് അന്വേഷിച്ച പൊലീസ് സംഘവും അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇത്തരത്തിലാണു റിപ്പോര്‍ട്ടു നല്‍കിയത്. റാഗിങ് സ്ഥിരീകരിച്ച ശേഷമായിരുന്നു സംഭവത്തില്‍ ഉള്‍പ്പെട്ട നാലു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്.
അശ്വതിക്ക് ഏല്‍ക്കേണ്ടി വന്ന കൊടിയ റാഗിംങ് അനുഭവങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ കോളേജ് അധികൃതര്‍ സംഭവം നിഷേധിക്കുകയും ഇത് ആത്മമഹത്യാ ശ്രമമാണെന്ന് വരുത്തിതീര്‍ക്കുകയും ചെയിതിരുന്നു. കോളേജ് അധികൃതരുടെ ഭാഗത്തു നിന്നടക്കം സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ കടുത്ത സമ്മര്‍ദവും ഭീഷണിയും ഉണ്ടെന്നാണ് അറിയുന്നത്. കേസ് കോടതിയില്‍ എത്തുന്നതിന് മുന്‍പ് സാക്ഷികളില്ലാതാക്കി കേസ് ഒതുക്കി തീര്‍ക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം.
മെയ് 9ന് സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ ബലം പ്രയോഗിച്ച് അശ്വതിയുടെ വായയിലേക്ക് ടോയ്ലെറ്റ് ക്ലീനര്‍ ഒഴിക്കുകയായിരുന്നു.സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ കറുത്തവള്‍ എന്നു വിളിച്ച് കളിയാക്കി; ടോയ്ലറ്റ് ക്ലീനര്‍ നിര്‍ബന്ധമായി വായിലേക്ക് ഒഴിച്ചു കൊടുത്ത് രംഗം മൊബൈലില്‍ പകര്‍ത്തി ആസ്വദിച്ചു എന്നാണ് അശ്വതി പറഞ്ഞത്. 2015 ഡിസംബര്‍ ഒന്ന് മുതല്‍ മെയ് ഒമ്പത് വരെ നടന്ന വിവിധ റാഗിംങ് സംഭവങ്ങള്‍ക്കെല്ലാം ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ത്ഥിനികളും ദൃക്സാക്ഷികളായിരുന്നു. എന്നാല്‍ കുറ്റോരോപിതരായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഭവം പുറത്തു പറയരുതെന്നു പറഞ്ഞ് ഇവരെ നേരത്തെ ഭീഷണിപ്പെടുത്തുകയും പിന്‍തിരിപ്പിക്കുകയും ചെയ്യുകയായിരുന്നു.
റാഗിംങ് സംഭവങ്ങള്‍ പുറത്തറിയാതിരിക്കാന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളെ വീട്ടിലേക്ക് ഫോണ്‍ചെയ്യാനോ നാട്ടില്‍ പോകാനോ അനുവദിച്ചിരുന്നില്ലെന്ന് അശ്വതിയുടെ പരാതിയില്‍ പറയുന്നുണ്ട്. അശ്വതി മൃഗീയമായ പീഡനത്തിനിരയാവുകയും തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം നാട്ടിലേക്കു വരികയുമായിരുന്നു. വീട്ടീലെത്തി എടപ്പാളിലെയും തൃശൂരിലെയും ചികിത്സക്കു ശേഷമായിരുന്നു അശ്വതിയുടെ റാഗിങ് വിവരം പുറത്തറിയുന്നത്. ഈ സമയം കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സ. സംഭവം പുറത്തറിഞ്ഞതു മുതല്‍ കുറ്റം ആരോപിക്കപ്പെട്ടവരെല്ലാം കേസിലെ പ്രധാന സാക്ഷികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സാക്ഷി പറഞ്ഞാല്‍ തുടര്‍ന്ന് പഠിക്കാന്‍ പറ്റില്ലെന്നും ഭാവി ഇല്ലാതാകുമെന്നുമാണ് ഇവരെ ഭീഷണിപ്പെടുത്തി.
തിരൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയായിരുന്നു അശ്വതിയെ സംഭവം നടന്നയുടനെ ആശുപത്രിയിലേക്കെത്തിച്ചതും തുടര്‍ന്ന് നാട്ടിലേക്കു കൊണ്ടുവന്നതുമെല്ലാം. ഈ പെണ്‍കുട്ടിയടക്കം ഏതാനും പേര്‍ കൃത്യം നേരില്‍ കണ്ടിരുന്നു. എന്നാല്‍ കേസിലെ മുഖ്യ സാക്ഷികളായ ഇവര്‍ ഭീതിയിലാണ് കഴിയുന്നത്. ലക്ഷങ്ങള്‍ മുടക്കിയുള്ള പഠനം നിലയ്ക്കുമോ മറ്റു ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമോ എന്നുള്ളതാണ് ഇവരുടെ ആശങ്ക.
കേസിലെ ഒന്നാം പ്രതി ഇടുക്കി സ്വദേശിനിയായ ആതിര, രണ്ടാം പ്രതി കൊല്ലം സ്വദേശിനിയായ ലക്ഷ്മി, മൂന്നാം പ്രതി കൊല്ലം സ്വദേശിനി കൃഷ്ണപ്രിയ എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥരായ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണ്. വിഷയം ദേശീയ ശ്രദ്ധ നേടുകയും കേന്ദ്ര സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍, കേന്ദ്ര-സംസ്ഥാന പൊലീസ്, പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്‍, ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സില്‍ തുടങ്ങിയ അഥോറിറ്റികളെല്ലാം അശ്വതിയുടെ വിഷയം ശ്രദ്ധയില്‍പ്പെട്ട് ഇടപെടുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കര്‍ണാടകയില്‍നിന്നും ഡിവൈഎസ്പി അടക്കമുള്ള ആറംഗ സംഘം എത്തി അശ്വതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ദളിത് വിദ്യാര്‍ത്ഥിനിയായ അശ്വതിയെ ക്രൂരമായി റാഗിംങിന് വിധേയമാക്കിയ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് സാക്ഷികള്‍ വേണമെന്നതാണ് നിയമ വിദഗ്ദര്‍ പറയുന്നത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ അപൂര്‍വം സംഭവങ്ങളിലാണ് ശിക്ഷിച്ചിട്ടുള്ളതെന്നും ദൃക്സാക്ഷികള്‍ സാക്ഷി പറയാന്‍ തയ്യാറായില്ലെങ്കില്‍ അത് കേസിന്റെ ഭാവിയെ ബാധിക്കുമെന്നും നിയമ വിദ്ഗ്ദര്‍ ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ അറസ്റ്റിലായ പെണ്‍കുട്ടികളുടെ ജാമ്യാപേക്ഷ ബുധനാഴ്ച കലബുറഗി സെഷന്‍സ് കോടതി പരിഗണിക്കും. കലബുറഗി സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ഇവര്‍. കേസിലെ മറ്റൊരു പ്രതിയും കോട്ടയം സ്വദേശിനിയുമായ ശില്‍പ ജോസിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ശില്‍പയെ പിടികൂടാന്‍ കര്‍ണാടക പൊലീസിന്റെ അന്വേഷണസംഘം കേരളത്തില്‍ തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























