ഭര്‍ത്താവുമായി വഴക്കിട്ട് വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി പെണ്‍വാണിഭ സംഘത്തിന്റെ കൈയ്യില്‍ നിന്നും രക്ഷപെട്ടു

കൊച്ചിയിലെ ഭാരത്മാത കോളജിനു മുമ്പിലുള്ള കൊല്ലംകുടിമുകള്‍ റോഡിലൂടെ ഇന്നലെ വെളുപ്പിനു രണ്ടുമണിക്ക് ഒരു കാര്‍ ചീറിപ്പാഞ്ഞു വരുന്നു. പതിനെട്ടു വയസു പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി കാറിനു മുന്നിലേക്ക് എടുത്തുചാടി. അവളുടെ മുഖമാകെ ഭയന്നു വിളറിവെളുത്തിരുന്നിരുന്നു. ഓടിയതിന്റെ കിതപ്പില്‍ ആദ്യം അവള്‍ക്കു സംസാരിക്കാന്‍ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ രണ്ടുപേര്‍ ഇരുട്ടത്ത് മറയുന്നത് കാറിലുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടു. തന്നെ തട്ടികൊണ്ടു പോകാന്‍ ഒരു സംഘം ആളുകള്‍ പിന്നാലെയുണ്ടെന്നു നിലവിളികള്‍ക്കിടയിലൂടെയുള്ള വാക്കുകള്‍.
ചൈന്നെക്കടുത്തുള്ള തമ്പാനം സ്വദേശിനിയാണ് ഇന്നലെ രക്ഷപ്പെട്ടത്. ഒരുമാസം മുമ്പായിരുന്നു വിവാഹം. ഇതിനിടെ ഭര്‍ത്താവുമായി തെറ്റിപിരിഞ്ഞു ചൈന്നെ റെയില്‍വേ സ്‌റ്റേഷനിലെത്തി. അവിടെവച്ചു പരിചയപ്പെട്ട മലയാളികളായ രണ്ടു യുവാക്കള്‍ ജോലി ശരിയാക്കാമെന്നു വാഗ്ദാനം നല്‍കി. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ പ്രമുഖ കമ്പനിയിലാണു ജോലിയെന്ന് അവര്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. ബി.ടെക് രണ്ടാം വര്‍ഷ പഠനത്തിനിടെയാണു പ്രണയത്തിലായിരുന്ന അടുത്ത ബന്ധുവുമായി വിവാഹം നടന്നത്.
പ്രണയ വിവാഹമായതിനാല്‍ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. ഭര്‍ത്താവിനോട് പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ നാടുവിട്ടതായിരുന്നു. പരിചയപ്പെട്ട അപരിചിതരുടെ വാക്കുവിശ്വസിച്ച് ഇവര്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തി. അവിടെനിന്നും ഓട്ടോ പിടിച്ചാണു തൃക്കാക്കര ഭാരതമാത കോളജിനടുത്തുള്ള കൊല്ലംകുടി മുകളിലെത്തിയത്. പിന്നീട് ചൈന്നെയില്‍ പരിചയപ്പെട്ട ആളെ ഫോണില്‍ ബന്ധപ്പെട്ടു. അവിടെ ഒരു ടാറ്റ സുമോ നിര്‍ത്തിയിട്ടിട്ടുണ്ടെന്നും അതില്‍ കയറിയാല്‍ ജോലി സ്ഥലത്തെത്താം എന്നും പറഞ്ഞു. ഇതനുസരിച്ച് പെണ്‍കുട്ടി കാറിനടുത്തേക്ക് നീങ്ങി. കാറില്‍ നിരവധി യുവാക്കളുണ്ടായിരുന്നു.
ഒരാള്‍ ചാടി ഇറങ്ങി യുവതിയുടെ മൊെബെല്‍ ഫോണ്‍ പിടിച്ചു വാങ്ങി. അതിലുണ്ടായിരുന്ന സിം കാര്‍ഡ് നശിപ്പിച്ചു. മറ്റുള്ളവര്‍ പുറത്തേക്ക് ഇറങ്ങിയതോടെ അവള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയവര്‍ പെണ്‍കുട്ടിയെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചെങ്കിലും വനിത പോലീസ് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ റെസ്‌ക്യൂ ഹോമിലാക്കി. ഭര്‍ത്താവിനെ വിരമറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇന്നു സ്ഥലത്തെത്തുമെന്നും രക്ഷപ്പെടുത്തിയവര്‍ പറഞ്ഞു.
തോപ്പുംപടി മുണ്ടംവേലി സ്വദേശികളായ വിവേക് വല്ലായില്‍, നൗഷാദ്, ജിബി, ജെയ്‌സണ്‍, ജനീഷ്, സാജു എന്നിവരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. തട്ടികൊണ്ടുപോകല്‍ ശ്രമം നടന്നിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. യുവതിയെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതിന്റെ ചിത്രങ്ങളും മംഗളത്തിനു ലഭിച്ചു. അതേസമയം ഇത്തരമൊരു സംഭവം നടന്നതായി പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നതും ശ്രദ്ധേയം. കൊച്ചി സിറ്റി കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തുന്നവരാണ് സംഭവത്തിനു പിന്നിലെന്നു പോലീസ് വൃത്തങ്ങള്‍ പറയുന്നു. അടുത്തിടെ ഇത്തരം സംഭവങ്ങള്‍ നിരവധി ഉണ്ടായതായും വിവരമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























