നല്ല സമയം വന്നത് മാര്‍ട്ടിനോ... സര്‍ക്കാര്‍ വിവാദങ്ങളിലേക്ക്; പിണറായിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ മാര്‍ട്ടിന് അനുകൂലമായി കോടതിയില്‍ വാദിച്ചു

വാളെടുത്ത് സോഷ്യല്‍ മീഡിയ..പിണറായി നിലപാട് വ്യക്തമാക്കണമെന്നും ആവശ്യം. കാട്ടുകള്ളനൊപ്പമോ സര്‍ക്കാരെന്നും ചോദ്യശരങ്ങള്‍. വാര്‍ത്തകളില്‍ ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല എന്നു പറയുന്ന പിണറായിക്ക് അതിനവകാശം ഉണ്ട്. കാരണം അന്നദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായിരുന്നു. ഇന്നോ കേരളം ഭരിക്കുന്ന മുഖ്യന്റെ സ്ഥാനത്ത്, അതും എല്ലാം ശരിയാക്കിത്തരാം എന്ന അവകാശവാദവുമായി ഭരണത്തിലേറിയ ശേഷം. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനും സര്‍ക്കാരും തമ്മില്‍ വെട്ടിപ്പ് നടത്തിയെന്നുള്ള കേസ് നിലനില്‍ക്കെ മാര്‍ട്ടിനെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപാദേഷ്ടാവ് എം കെ ദാമോദരന്‍ കോടതിയിലെത്തി. എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് വന്‍ വിവാദത്തിന്
വഴിവെക്കുകയാണ്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം കെ ദാമോദരന്‍ ഹാജരായത്. എം കെ ദാമോദരന്‍ മാര്‍ട്ടിന് അനുകൂലമായി കോടതിയില്‍ വാദിച്ചത്.അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടി തടയണമെന്നായിരുന്നു മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി. മാര്‍ട്ടിന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐ നടപടിക്കും ഇത് അംഗീകരിച്ച കീഴ്‌കോടതി നിലപാടിനുമെതിരെ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള റിവിഷന്‍ ഹര്‍ജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ മാര്‍ട്ടിന് വേണ്ടി ഹാജരായത്. സിബിഐ നിലപാടറിയാന്‍ ഹര്‍ജി ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി.
ഹര്‍ജിക്കാരന്‍ മറ്റ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് സിക്കിം സര്‍ക്കാറിലെ ചില ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി സിക്കിം സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. എന്നാല്‍, കുടിശ്ശിക വരുത്തിയിട്ടില്ലെന്ന് സിക്കിം സര്‍ക്കാര്‍ രേഖാമൂലം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദാമോദരന്‍ വാദിച്ചു. നഷ്ടമുണ്ടാകുന്നവരാണ് ഇത്തരം കേസുകളില്‍ പരാതി നല്‍കേണ്ടത്. കേരള സര്‍ക്കാറിന് ഹര്‍ജിക്കാരന്‍ ഒരു നഷ്ടവും ഉണ്ടാക്കിയിട്ടില്ല. കേസുകള്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ദുരുപയോഗമാണെന്നും ദാമോദരന്‍ വാദിച്ചു. സിബിഐ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനധികൃത പണമിടപാടിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ ജപ്തി നടപടികള്‍ ആരംഭിച്ചത്..jpg)
ഉഗ്രമൂര്‍ത്തിയായ ഒരു അവതാരത്തെ എടുത്ത് മടിക്കീഴില്‍ വച്ചിട്ട് ചെറിയ അവതാരങ്ങളെ എന്തിനാണ് പിണറായി വിജയന്‍ വിരട്ടുന്നതെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. മനു അഭിഷേക് സിങ്വി മാര്‍ട്ടിന് വേണ്ടി ഹാജരായപ്പോള്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ് അന്ന് എതിര്‍പ്പുയര്‍ത്തിയത്. ഇക്കാര്യങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി കൊണ്ടാണ് പലരുടെയും ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസുകാരുടെ ഈ മൂല്യബോധം പോലും എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇല്ലാതെ പോയതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും ഉന്നയിക്കുന്നത്. പ്രഭാവര്‍മ്മയെയും പുത്തലത്ത് ദിനേശനെയും പോലുള്ള മാന്യന്മാരായ ഉപദേഷ്ടാക്കള്‍ നിലവിലുള്ള അവസ്ഥയില്‍ എന്തിനാണ് ഈ വലിയ അവതാരത്തെ ചുമക്കുന്നതെന്നാണ് എല്ലാവരുടെയും ചോദ്യം.
യുഡിഎഫ് സര്‍ക്കാറിന് ധാര്‍മ്മിക മൂല്യങ്ങളില്‍ സംഭവിച്ച വീഴ്ച്ചയാണ് എല്‍ഡിഎഫിന് വന്‍ വിജയം സമ്മാനിച്ചത്. അന്നത്തെ സര്‍ക്കാറിന്റെ അതേമാതൃക എല്‍ഡിഎഫ് തുടരുന്നതില്‍ ദുഃഖമുള്ളവരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി എത്തിയതും. ഇത്തരം കേസുകള്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ ഒരു നയം ഉണ്ടാകണമെന്നും നീതി നടന്നു എന്നു മാത്രമല്ല, നടന്നത് നീതിയാണ് എന്നു ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തവും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടെന്നും ഓര്‍മ്മപ്പെടുത്തുന്നവര്‍ നിരവധിയാണ്.ഐസ്‌ക്രീ കേസിലെ നിലപാട് മാറ്റത്തെയും നിരവധി പേര്‍ വിമര്‍ശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























