പെരുവഴിയാധാരമാകുന്ന അമ്മമാര്‍...രോഗിയായ അമ്മയെ ഗുരുവായൂര്‍ ക്ഷേത്രത്തിന് മുമ്പില്‍ ഉപേക്ഷിച്ചു മക്കള്‍ മുങ്ങി; ചികിത്സ കഴിഞ്ഞിട്ടും മക്കള്‍ക്ക് അമ്മയെ വേണ്ടാതായപ്പോള്‍ ഏറ്റെടുത്ത് നോക്കാന്‍ മനുഷ്യ സ്‌നേഹികള്‍

ഓള്‍ഡ് ഈസ് ഗോള്‍ഡ്...മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ നാട്ടില്‍ നിയമം ഉണ്ടായിട്ടും യാതൊരു കാര്യവുമില്ല. അവരുടെ ചോരയും നീരും ഊറ്റിയെടുത്ത മക്കള്‍ക്ക് പിന്നെയവര്‍ ബാധ്യതയാണ് വെറും ജീവഛവങ്ങള്‍. മാതാപിതാക്കളോട് സ്‌നേഹവും കാരുണ്യവും ഇല്ലാത്തവരായി മാറുകയാണ് മലയാളികള്‍. മാതാപിതാക്കളെ തെരുവില്‍ തള്ളുന്ന സംഭവം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഗുരുവായൂരില്‍ നിന്നാണ് കണ്ണില്‍ ചോരയില്ലാത്ത മറ്റൊരു സംഭവം കൂടി പുറത്തു വന്നിരിക്കുന്നത്. രോഗിയായ മാതാവിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉപേക്ഷിച്ചു കളഞ്ഞ മക്കള്‍ രോഗം ഭേദമായിട്ടും അമ്മയെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതോടെ ഈ മാതാവിന് അനാഥാലയമാണ ഇപ്പോള്‍ ആശ്രയമായിരിക്കുന്നത്.
പക്ഷാഘാതത്തെത്തുടര്‍ന്ന് ഒരു മാസം മുന്‍പാണ് കുമാരിയെന്ന 70 കാരിയെ ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുനിന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചത്. രോഗം ഭേദമായി ആശുപത്രി വിടുന്ന കുമാരിക്ക് ഇനി വീട്ടിലുള്ള പരിചരണമാണ് ആവശ്യം. എന്നാല്‍ മാസങ്ങള്‍ക്കു മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് കുമാരിയെ ഉപേക്ഷിച്ച മക്കളാരും ആശുപത്രിയില്‍നിന്നും അമ്മയെ കൊണ്ടുപോകാന്‍ തയ്യാറാകുന്നില്ല. വിവാഹിതരായ രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് കുമാരിക്കുള്ളത്. അമ്മയെ കൊണ്ടുപോകുവാന്‍ ഫോണിലൂടെ ആശുപത്രി അധികൃതര്‍ പറഞ്ഞെങ്കിലും ഇവരാരും കൂട്ടാക്കിയില്ല.
മക്കളാരും തന്നെ കൊണ്ടുപോകാന്‍ എത്തിയില്ലെങ്കിലും അവരെക്കുറിച്ചുള്ള വേവലാതിയാണ് ഈ അമ്മ പങ്കുവച്ചത്. കഴിഞ്ഞ ദിവസം അമ്മയെ കാണാന്‍ ഒരു മകള്‍ എത്തിയിരുന്നു. എന്നാല്‍, അമ്മയെ കൊണ്ടുപോകാന്‍ ഈ മകള്‍ കൂട്ടാക്കിയില്ല. ആരെയും കാണാതെ ഇവര്‍ മുങ്ങുകയാണ് ഉണ്ടായത്. മെഡിക്കല്‍ കോളേജില്‍ കുമാരിക്ക് ഭക്ഷണവും പരിചരണവുമെല്ലാം നല്‍കിയിരുന്ന കാരുണ്യ പ്രവര്‍ത്തകനായ ജോയിയുടേയും ഭാര്യ പുഷ്പയുടേയും നേതൃത്വത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് വടക്കുഞ്ചേരിയിലുള്ള അനാഥാലയത്തിലേക്ക് കുമാരിയെ യാത്രയാക്കും.
കുമാരിയെ മെഡിക്കല്‍ കോളേജില്‍നിന്ന് കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകളെല്ലാം ജോയി തയ്യാറാക്കിക്കഴിഞ്ഞു. മെയ് ആദ്യവാരമാണ് കുമാരിയെ ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചത്. പ്രമേഹവും രക്തസമ്മര്‍ദ്ദവുമടക്കം വിവിധ അസുഖങ്ങളുണ്ടായിരുന്ന കുമാരിയെ മക്കള്‍ ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. അവിടെ ഭിക്ഷാടനം നടത്തി ജീവിക്കുന്നതിനിടെയാണ് പക്ഷാഘാതമുണ്ടായത്.
ജൂണ്‍ 20ന് മെഡിക്കല്‍ കോളേജിലെ അനാഥരോഗികളെ കുറിച്ചുവന്ന വാര്‍ത്തയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് കുമാരിയുടെ മക്കളെ കണ്ടെത്തിയത്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചെങ്കിലും അമ്മയെ കൂട്ടിക്കൊണ്ടു പോകാന്‍ മക്കള്‍ തയ്യാറായില്ല. ഇനി അവരെ അനാഥമന്ദിരത്തിലാക്കാനാണ് പരിപാടി.
നിരവധിത്തവണ ഇത്തരം വാര്‍ത്തകള്‍ വന്നിട്ടും യാതൊരു കാര്യവും ഇല്ലെന്നറിയാം. കുറേപ്പേര്‍ ആ മക്കളെ തെറിവിളിക്കും. അത്ര തന്നെ. ആദ്യം സ്വന്തം വീട്ടില്‍ നിന്നും തുടങ്ങാം മാതാപിതാക്കളെ മാനിക്കാന്‍. എന്നിട്ടാവാം നാടു നന്നാക്കല്ലല്‍.
ഒരു കാര്യത്തില്‍ ആശ്വസിക്കാം മാതാപിതാക്കള്‍ മക്കളെ ശപിക്കില്ല. കാരണം അത്രയ്ക്കും ഇഷ്ടമാണ് നിങ്ങളെ എല്ലാത്തിനും മേല്‍. പക്ഷേ കാലവും പ്രകൃതിയും നിങ്ങള്‍ക്ക് മാപ്പുതരില്ല. സ്വന്തം മക്കളെ ജീവനു തുല്യം സ്‌നേഹിക്കുന്നവര്‍ക്കെങ്ങനെ ഇത്ര ക്രൂരമായി പെരുമാറാനാകുന്നു..ഒരിക്കല്‍ അവര്‍ നിങ്ങളെ അതിനേക്കാളേറെ അവര്‍ സ്‌നേഹിച്ചിരുന്നു. സൗകര്യങ്ങള്‍ കൂടുമ്പോള്‍ സ്‌നേഹം ബാധ്യതയാകുന്നു...
കുറവുകളുണ്ടാകാം എങ്കിലും എല്ലാം നല്‍കി നമ്മെ വളര്‍ത്തി ആളാക്കിയ കണ്‍കണ്ടദൈവങ്ങളല്ലേ അവര്‍..
പിന്നെ ജീവനോടെ വെള്ളം പോലും കൊടുക്കാതെ കൊല്ലാക്കൊല ചെയ്യുന്നതിലും ഭേദമാണ് അവര്‍ക്ക് തെരുവ്. കാരണം ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയാകും ഏതെങ്കിലും രൂപത്തില്‍.
ഒപ്പം ഒരുമാസം മുമ്പ് ഡെല്‍ഹിയില്‍ നിന്നും വന്ന വാര്‍ത്താ വീഡിയോ ചുവടെ ചേര്‍ക്കുന്നു. സ്വന്തം മകള്‍ അമ്മയെ കൈകാര്യം ചെയ്യുന്നതാണ്. അത് ചോദ്യം ചെയ്ത അയല്‍ക്കാരോട് തട്ടിക്കയറുന്നതും കാണാം..
മാതാ.. പിതാ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























