റവന്യൂമന്ത്രി വീണു ഭൂമാഫിയയുടെ കാല്‍ക്കല്‍

കലക്കി സഖാവെ കലക്കി. ഇങ്ങനെ വേണം മന്ത്രിയായാല്‍ പെരുമാറേണ്ടത്. എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം തികയുന്നതിനുമുമ്പ് വന്‍കിട ഭൂമാഫിയക്ക് മുമ്പില്‍ സാഷ്ടാംഗം വീണു. സിപിഐയുടെ റവന്യൂമന്ത്രി ചന്ദ്രശേഖരന്റെ വീഴ്ച കണ്ട് ഉമ്മന്‍ചാണ്ടി പോലും നെഞ്ചില്‍ കൈവച്ചു. ഇതറിഞ്ഞിരുന്നുവെങ്കില്‍ താന്‍ എന്നേ ഇതൊക്കെ കച്ചവടമടിച്ചേനെ എന്ന മട്ടില്‍.
പാട്ടക്കരാര്‍ കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാരില്‍ നിഷ്പക്ഷമാക്കാനുള്ള കേസുകളില്‍ ഹാജരാകുന്ന പ്രമുഖ അഭിഭാഷക സുശീലഭട്ടിനെയാണ് കഴിഞ്ഞ ദിവസം മാറ്റിയത്. പത്തു വര്‍ഷം മുമ്പാണ് സുശീലഭട്ട് റവന്യൂ വകുപ്പിന്റെ സര്‍ക്കാര്‍ പ്ലീഡറായത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവരെ മാറ്റാന്‍ ഒരുങ്ങിയെങ്കിലും പ്രതിഷേധം കാരണം വേണ്ടെന്നു വച്ചു. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് സുശീലഭട്ട് നിയമിതയായത്.
സുശീലാഭട്ടിനെ ഒഴിവാക്കിയതില്‍ സിപിഐയ്ക്ക് മാത്രമല്ല ബന്ധമുള്ളത്. സിപിഎമ്മിനും ബന്ധമുണ്ട്. സര്‍ക്കാര്‍ അഭിഭാഷകരെ നിയമിക്കുന്നത് സര്ക്കാരാണ് റവന്യൂമന്ത്രിയല്ല, എന്നാല്‍ സുശീലഭട്ടിനെ ഒഴിവാക്കണമെന്ന് നേരത്തെ തന്നെ മന്ത്രി ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് സൂചന.
സിപിഐ എംഎല്‍എ, ഇഎസ് ബിജിമോള്‍ കേസില്‍ പെട്ട മുണ്ടക്കയം റ്റി.ആര്‍.റ്റി എസ്റ്റേറ്റ് കേസിലും സുശീലാഭട്ടാണ് ഹാജരായിരുന്നത്. ബിജിമോള്‍ എഡിഎമ്മിനെ മര്‍ദ്ദിക്കാനിടയായത് മുണ്ടക്കയം ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാന്‍ ചെന്നപ്പോഴാണ്.
പണത്തിനു മീതെ പരുന്തും പറക്കില്ല. അതാണ് പണമുള്ളവരുടെ കഴിവ്. അവിടെ ഉമ്മന്‍ചാണ്ടിയെന്നോ പിണറായി വിജയനെന്നോ ഉള്ള വ്യത്യാസവുമില്ല.
https://www.facebook.com/Malayalivartha





















