ശബരീനാഥ് വിളിച്ചിട്ട് മധു ക്ഷണിക്കാത്ത വിവാഹത്തിനെത്തി; സെലിബ്രിറ്റികളെ പറ്റിക്കുന്ന വിരുതന്മാര്‍ രംഗത്ത്

കല്യാണത്തിന് ആളെ വിളിച്ച് പറ്റിക്കുന്നതും ഈവന്റ് മാനേജ്‌മെന്റുകാരോ. ജീവിതത്തില്‍ കാര്യമായി ഒന്നിനും പണം അടിച്ചുപൊളിക്കാത്തവനായിരുന്നു മലയാളി.എന്നാല്‍ കാലം മാറിയപ്പോള്‍ ഇത് അടിച്ചുപൊളികളുടെ കാലമാണ്. അതില്‍ മുന്‍പന്തിയില്‍ ആണ് വിവാഹ ആഘോഷം ഇന്നതിനെ വിവാഹധൂര്‍ത്തെന്നാണ് വിളിക്കുന്നത്. ഏതെല്ലാം വിധത്തില്‍ വ്യത്യസ്ത എന്ന പേരില്‍ കോലംകെട്ടുകാണിക്കുന്ന വേദിയാണിത്. അതില്‍ സെലിബ്രിറ്റികളെ എങ്ങനെ പങ്കെടുപ്പിക്കാമെന്നാണ് ഇപ്പോഴത്തെ ചിന്ത.അതും ഫോണ്‍വിളിച്ച് പറ്റിച്ച്. ഏറെ തിരക്കുകള്‍ മാറ്റിവെച്ചാണ് സിനിമാ താരം മധു കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ക്ലബ്ബില്‍ നടന്ന വിവാഹ ചടങ്ങിനെത്തിയത്. വധൂവരന്‍മാരെയോ, അവരുടെ മാതാപിതാക്കളെയോ പരിചയമില്ലെങ്കിലും കെ.എസ് ശബരീനാഥന്‍ എം.എല്‍.എയുടെ നിരന്തരമായ 'അഭ്യര്‍ഥന'യാണ് അദ്ദേഹത്തെ വിവാഹ ചടങ്ങിനെത്താന്‍ പ്രേരിപ്പിച്ചത്.
നിയമസഭാ മുന്‍ സ്പീക്കറും തന്റെ അടുത്ത സുഹൃത്തുമായിരുന്ന ജി. കാര്‍ത്തികേയന്റെ മകനാണു നിര്‍ബന്ധിക്കുന്നതെന്നു ഓര്‍ത്തപ്പോള്‍ കൂടുതലൊന്നും ആലോചിച്ചില്ല നേരെ ഓഡിറ്റോറിയത്തിലെത്തി. യാത്രയ്ക്കിടെ ഒന്നുരണ്ടു തവണ എം.എല്‍.എ തന്നെ അദ്ദേഹത്തോടു സ്ഥലത്തെത്താറായോ എന്നു അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ ഓഡിറ്റോറിയത്തിലെത്തിയ മഹാനടന് ശബരീനാഥനെ മഷിയിട്ടു നോക്കിയിട്ടു പോലും കാണാനായില്ല. ഓഡിറ്റോറിയത്തിന്റെ വാതില്‍ക്കല്‍ കാത്തുനിന്ന സുമുഖനായൊരു ചെറുപ്പക്കാരനാണ് പിന്നീട് അദ്ദേഹത്തെ അനുഗമിച്ച് വിവാഹപ്പന്തലിലെത്തിച്ചതും എല്ലാവരെയും പരിചയപ്പെടുത്തിയതും. കല്യാണത്തിന് മലയാളത്തിന്റെ പ്രിയപ്പെട്ട പരീക്കുട്ടി എത്തിയതറിഞ്ഞ വീട്ടുകാര്‍ ആദ്യമൊന്നു അമ്പരന്നു.
അമ്പരപ്പ് മാറിയതോടെ നടനൊപ്പംനിന്ന് ഫോട്ടോയെടുക്കാനായി പിന്നീടുള്ള തിരക്ക്. പറ്റിച്ച ശബരീനാഥനോടു അദ്ദേഹത്തിന് ചെറിയൊരു ഈര്‍ഷ തോന്നാതുമിരുന്നില്ല. തിങ്കളാഴ്ച വി.ജെ.ടി ഹാളില്‍ മഞ്ജു വാര്യരുടെ നാടകം കാണാനെത്തിയപ്പോഴാണ് മധു ശബരീനാഥനെ വീണ്ടും കണ്ടത്.
തന്നെ കല്യാണത്തിനു വിളിച്ചുവരുത്തി ശബരി വരാതിരുന്നതിലുള്ള വിഷമം അദ്ദേഹം നേരിട്ടു പറയുക തന്നെ ചെയ്തു. എന്നാല്‍ താന്‍ കല്യാണത്തിന് വിളിച്ചിട്ടേയില്ലെന്നു ശബരി പറഞ്ഞതോടെയാണ് കഥയിലെ വില്ലന്റെ സാന്നിധ്യം ഇരുവര്‍ക്കും മനസിലായത്.
ശബരിയുടേതായി ഫോണില്‍ സേവ് ചെയ്തിരിക്കുന്ന നമ്പര്‍ മധു എം.എല്‍.എയെ കാണിച്ചു. പാപ്പനംകോട് അന്‍സാരിയെന്നൊരാളാണ് ഇതിന് പിന്നിലെന്നു എം.എല്‍.എയുടെ അന്വേഷണത്തില്‍ മനസിലായി. ഏതായാലും വിഷയം പന്തിയല്ലെന്ന് വ്യക്തമായ ശബരീനാഥന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇനി നേരിട്ട് വിളിയുള്ള കല്യാണം വിളിക്കേ ഉള്ളൂ എന്നാണ് മധുവിന്റെ മറുപടി. അല്ലാത്തവരോട് കരുതിയിരുന്നോളാന്‍ ഉള്ള മുന്നറിയിപ്പും.
https://www.facebook.com/Malayalivartha






















