ഹൈക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ ആക്രമണം, സ്ഥലത്തു സംഘര്‍ഷാവസ്ഥ

ഗവ.പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെച്ചൊല്ലി ഹൈക്കോടതിയില്‍ വീണ്ടും സംഘര്‍ഷം. ഹൈക്കോടതിയിലെ മീഡിയ റൂം ബലമായി അടപ്പിച്ച അഭിഭാഷകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചു ഇറക്കിവിട്ടു. മൂന്ന് ദിവസത്തേക്ക് മീഡിയ റൂം തുറക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടുവെന്ന് പറഞ്ഞാണ് മീഡിയ റൂം അടപ്പിച്ചത്. ധനേഷ് മാത്യുവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകര്‍ നാണയത്തുട്ടുകളെറിഞ്ഞു. അസഭ്യവര്‍ഷവും നടത്തി. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സ്ഥലത്തു സംഘര്‍ഷാവസ്ഥയാണ്. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ്, ക്യാമറാമാന്‍ രാജേഷ് തകഴി, മീഡിയ വണ്‍ ക്യാമറാമാന്‍ മോനിഷ് എന്നിവരെ മര്‍ദിച്ച അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ പിടിച്ചുവാങ്ങി തല്ലിത്തകര്‍ത്തു. തുടര്‍ന്നും അക്രമം തുടര്‍ന്നതോടെ പൊലീസ് ലാത്തിവീശി. അഭിഭാഷകര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രശ്‌നം രൂക്ഷമായതോടെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഹൈക്കോടതിയിലെത്തിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരുടെ ധര്‍ണ്ണയ്ക്ക് നേരെ ബൈക്ക് ഇടിപ്പിക്കാനും ശ്രമം നടന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് ഉന്തും തള്ളുമായി.സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ഓട്ടോറിക്ഷാ ഡ്രൈവര്‍മ്മാര്‍ക്കുനേരെയും അഭിഭാഷകര്‍ മര്‍ദിച്ചു. മാധ്യമപ്രവര്‍ത്തകരും ഡ്രൈവര്‍മാരും സംഭവത്തില്‍ പ്രതിഷേധിക്കുന്നു. പൊലീസിനെയും വെല്ലുവിളിച്ച അഭിഭാഷകര്‍ ഹൈക്കോടതിയില്‍ അഭയം തേടി. ധര്‍ണ നടത്തിയവര്‍ക്കെതിെര കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തു.
അതേസമയം, പ്രശ്‌നം പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അഭിഭാഷകരെ ന്യായീകരിക്കാനാകില്ലെന്നു അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചു. ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി നാരായണന്‍ ആവശ്യപ്പെട്ടു. അക്രമം നടത്തിയ അഭിഭാഷകര്‍ക്കെതിരെ ബാര്‍കൗണ്‍സിലും ഹൈക്കോടതി രജിസ്ട്രാറും നടപടിയെടുക്കണമെന്നും നാരായണന്‍ ആവശ്യപ്പെട്ടു.
കൊച്ചി കോണ്‍വെന്റ് റോഡില്‍വച്ച് പെണ്‍കുട്ടിയെ കയറിപ്പിടിച്ച സംഭവത്തിലാണ് പൊലീസ് ഗവ.പ്ലീഡറായ ധനേഷിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കുകയും അതിലുറച്ചുനില്‍ക്കുകയും ചെയ്‌തെങ്കിലും സംഭവം കെട്ടിച്ചമച്ചതാണെന്നും കള്ളക്കേസാണെന്നുമാണ് അഭിഭാഷകരുടെ വാദം.
https://www.facebook.com/Malayalivartha























