കേരളത്തിലെ എല്ലാ ഭവനങ്ങളിലും സമ്പൂര്‍ണ്ണ വൈദ്യുതീകരണം; ബിപിഎല്‍ ഭവനങ്ങള്‍ക്ക് സൗജന്യമായി വെതര്‍ പ്രൂഫ് കണക്ഷന്‍
2017 മാര്‍ച്ചോടെ കേരളത്തിലെ എല്ലാ ഭവനങ്ങളും വൈദ്യുതീകരിക്കാനുള്ള കര്‍മ്മപദ്ധതിയുമായി കേരള സര്‍ക്കാരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡും നടപടികള്‍ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണ ശൃംഖല വ്യാപിപ്പിക്കാനാണ് കെ എസ് ഇ ബി ഉദ്ദേശിക്കുന്നത്.
ലക്ഷ്യമിടുന്ന സമയത്തുതന്നെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം സാധ്യമാക്കുവാനായി വൈദ്യുതി ലഭിക്കാത്തവരുടെ പട്ടിക എത്രയും വേഗം തയ്യാറാക്കാനും ലൈന്‍ നിര്‍മ്മിക്കാനുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റെടുക്കാനുമുള്ള നടപടികള്‍ സെക്ഷന്‍ ഓഫീസുകളില്‍ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു.
വൈദ്യുതി ലൈനും ട്രാന്‍സ്‌ഫോര്‍മറും എത്തിയിട്ടില്ലാത്ത മേഖലകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം, എം പി മാരുടെയും എം എല്‍ എ മാരുടെയും വികസന ഫണ്ടുകള്‍, പട്ടിക ജാതി പട്ടികവര്‍ഗ്ഗ ക്ഷേമ ഫണ്ടുകള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതിവിഹിതം, വിവിധ വികസനപ്രോജക്ടുകളില്‍ നിന്നുള്ള ഫണ്ടുകള്‍ തുടങ്ങിയവ വിനിയോഗിച്ചായിരിക്കും ശൃംഖലാവ്യാപനം നടത്തുക.
ബി പി എല്‍ ഭവനങ്ങള്‍ക്ക് വെതര്‍ പ്രൂഫ് കണക്ഷന്‍ സൗജന്യമായി നല്‍കുന്നതിനും പദ്ധതിയുണ്ട് . ബി പി എല്‍ ഇതര ഉപഭോക്താക്കള്‍ വെതര്‍ പ്രൂഫ് കണക്ഷനുള്ള എസ്റ്റിമേറ്റ് തുക സ്വയം വഹിക്കേണ്ടതുണ്ട്. ശൃംഖലാ വ്യാപനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വയറിംഗ് പൂര്‍ത്തിയാക്കി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കണക്ഷന്‍ നല്‍കുന്നതാണ്.
ലൈന്‍ വലിക്കുന്നതിന് വനം വകുപ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മറ്റു പ്രായോഗിക ബുദ്ധിമുട്ടുകളും ഉള്ളതിനാല്‍ വിദൂരമായ കോളനികളിലേക്ക് നിലവിലുള്ള വിതരണ ശൃംഖല നീട്ടുന്നത് പ്രായോഗികമാവില്ല. അത്തരം സ്ഥലങ്ങളില്‍ വികേന്ദ്രീകൃതമായ ഉല്‍പ്പാദനവിതരണത്തിലൂടെയും മൈക്രോ ഗ്രിഡുകള്‍ സ്ഥാപിച്ചുമൊക്കെ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ലാത്ത ഗുണഭോക്താക്കള്‍ക്ക് നേരിട്ടോ, പഞ്ചായത്തംഗങ്ങള്‍, സന്നദ്ധസംഘടനകള്‍, ഗവണ്മെന്റിതര സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെയോ അതതു പ്രദേശത്തെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷയില്‍ ഗുണഭോക്താവിന്റെ പേര്, വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, വീടിന്റെ സ്ഥാനം തിരിച്ചറിയാനുതകുന്ന മാര്‍ഗ്ഗം, ഉപഭോക്താവ് ദാരിദ്ര്യ രേഖയ്ക്ക് താഴെയാണോ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നയാളാണോ, വീട് നിലവില്‍ വയറിംഗ് പൂര്‍ത്തിയാക്കിയതാണോ തുടങ്ങി ലഭ്യമായ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കണം.
അപേക്ഷയുടെ മാതൃക കെ എസ് ഇ ബി സെക്ഷന്‍ ഓഫീസുകളില്‍ സൗജന്യമായി ലഭ്യമാണ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഓഗസ്റ്റ് 1 നുമുമ്പ് അതത് സെക്ഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം.
വിശദവിവരങ്ങള്‍ക്ക് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനിയറെ സമീപിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha























