ഭാര്യയെ മോശക്കാരിയാക്കാന്‍ ഭര്‍ത്താവിന്റെ പരാക്രമങ്ങള്‍: മാനന്തവാടിയില്‍ ഭര്‍ത്താവിനും കൂട്ടുകാര്‍ക്കുമെതിരെ ബലാല്‍സംഗ ശ്രമത്തിന് കേസ്

സദാചാര പൊലിസ് ചമഞ്ഞ് ആക്രമം നടത്തിയ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. തവിഞ്ഞാല്‍ സ്വദേശികളായ ഇലഞ്ഞിക്കല്‍ സുധീഷ് (36), കപ്പലുമാക്കല്‍ അഖില്‍ കെ വര്‍ക്കി (28), പഴയ വീട്ടില്‍ അനൂപ് (28), മുണ്ടുപാലത്തിങ്കല്‍ മത്തായി (60) എന്നിവരെയാണ് മാനന്തവാടി എസ്.ഐ വിനോദ് വലിയാറ്റൂരും സംഘവും അറസ്റ്റ് ചെയ്തത്.
പെരുവക വാടക കോട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയുടെയും എരുമത്തെരുവ് സ്വദേശിയായ യുവാവിന്റെയും പരാതി പ്രകാരമാണ് അറസ്റ്റ്. സംഭവത്തെ കുറിച്ച് പൊലിസിന് ലഭിച്ച പരാതി ഇങ്ങനെയാണ്. കേസിലെ ഒന്നാം പ്രതിയായ സുധീഷിന്റെ ഭാര്യയും സുധീഷും ഏഴ് വര്‍ഷങ്ങളായി പിരിഞ്ഞാണ് താമസിക്കുന്നത്. ഭാര്യയും കുട്ടിയും പെരുവകയിലെ സ്വകാര്യ വ്യക്തിയുടെ കോട്ടേഴ്‌സില്‍ താമസിച്ചുവരികയാണ്. സുധീഷിന് ഭാര്യയോടുള്ള വൈരാഗ്യം മൂലം ഭാര്യയെ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എരുമത്തെരുവ് സ്വദേശിയായ യുവാവിനെ ഭാര്യയുടെ കോട്ടേഴ്‌സിലെത്തിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
സുധീഷും മറ്റു മൂന്ന് പേരും ചേര്‍ന്നാണ് അവിഹിതം ആരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പരാതിയുള്ളത്. ഇതിനിടയില്‍ 11 വയസുള്ള കുട്ടിക്കും മര്‍ദനമേറ്റിട്ടുണ്ട്. മാനന്തവാടി ബസ് സ്റ്റാന്‍ഡിലെത്തിയ യുവാവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. അതിന് ശേഷമായിരുന്നു പീഡനം. യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയെന്നും ആരോപണം ഉണ്ട്.
തുടര്‍ന്ന് യുവാവിന്റെയും സുധീഷിന്റെ ഭാര്യയുടേയും പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് സംഭവ സ്ഥലത്തെത്തുകയും പ്രതികളെ കയ്യോടെ പിടികൂടുകയുമായിരുന്നു. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, കൊലപാതക ശ്രമം, വീട്ടില്‍ അതിക്രമിച്ച് ആക്രമണം, മാനഭംഗശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും കുട്ടിയെ മര്‍ദിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha