സലിംരാജിനെ ഒഴിവാക്കിയതിന് കാരണമില്ല: കടകംപള്ളി ഭൂമിക്കേസില്‍ സിബിഐയുടെ കുറ്റപത്രം തള്ളി

കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ ഒഴിവാക്കി സമര്‍പ്പിച്ച സിബിഐ കുറ്റപത്രം കോടതി തള്ളി. സലിംരാജിനെ ഒഴിവാക്കിയതിന് കാരണം കാണിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.
സലിംരാജും ഭാര്യ ഷംഷാദും അടക്കം 27 പേര്‍ പ്രതികളായി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ സലിംരാജിനെതിരേ ഗുഡാലോചന, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെ ഒന്നാം പ്രതിയായിട്ടായിരുന്നു കാണിച്ചിരുന്നത്. സലിംരാജ് ഉള്‍പ്പെടെ 22 പേരുടെ പേരുകള്‍ കേസില്‍ നിന്നും ഒഴിവാക്കിയതിന് സിബിഐ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു. മൂന്ന് വര്‍ഷം അന്വേഷണം നടത്തിയ ശേഷമാണ് സലിംരാജിനെ കുറ്റവിമുക്തനാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
2005 ല്‍ നടന്ന ഭൂമി ഇടപാട് ക്രമക്കേടില്‍ ഡപ്യൂട്ടി തഹസീല്‍ദാര്‍ അടക്കം അഞ്ചുപേര്‍ പ്രതികളാണ്. കടകംപള്ളി മുന്‍ വില്ലേജ് ഓഫീസര്‍ വിദ്യോദയകുമാര്‍, വര്‍ക്കല സ്വദേശി നിസ്സാര്‍ അമ്മദ്, സുഹ്‌റാ ബീവി, മുഹമ്മദ് കാസീന്‍, റുക്കിയ ബിവീ എന്നിവരാണ് അവര്‍. ഇതിനകം കേസില്‍ അഞ്ചു കുറ്റപത്രങ്ങള്‍ സിബിഐ തിരുവനന്തപുരത്തെ സിജിഎം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കേസില്‍ പ്രതി ചേര്‍ത്തിരുന്ന സലിംരാജിന്റെ ഭാര്യ ഷംഷദിനെ പിന്നീട് ഒഴിവാക്കി എങ്കിലും സലീംരാജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി കിട്ടിയിരുന്നു. കടകംപള്ളി വില്ലേജിലെ 170 പേരുടെ 45.50 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. 14 കോടിയുടെ തട്ടിപ്പ് നടന്നതായും ഭുമിയുടെ തണ്ടപ്പേര് മാറ്റാന്‍ മാത്രം 60 ലക്ഷം ചെലവാക്കിയതായും സിബിഐ കണ്ടെത്തിയിരുന്നു. വിജിലന്‍സ് അന്വേഷിച്ച കേസ് പിന്നീട് ഹൈക്കോതി നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha