പെണ്‍കുട്ടിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയ പോലീസുകാരെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

സുഹൃത്തിനോടൊപ്പം ഹില്‍പാലസിലെത്തിയ പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയ പൊലീസുകാരെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡുചെയ്തു. പതിനേഴു കാരിയായ പെണ്‍കുട്ടിയും സുഹൃത്തും കഴിഞ്ഞ 23 നാണു ഹില്‍പാലസ് സന്ദര്‍ശിക്കാനെത്തിയത്. തിരികെ മടങ്ങുമ്പോള്‍ ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന പൊലീസുകാര്‍ എത്തി ഇവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും വീട്ടുകാരെ അറിയിക്കാതിരിക്കണമെങ്കില്‍ പണം തരണമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസുകാരുടെ ഭീഷണിയെ തുടര്‍ന്ന് കൈയിലുണ്ടായിരുന്ന പണം തികയാത്തതിനാല്‍ എടിഎം ല്‍ നിന്നും പണം പിന്‍വലിച്ച് പോലീസുകാര്‍ക്ക് നല്‍കുകയായിരുന്നു.
സംഭവം കേസായതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന എടയ്ക്കാട്ടുവയല്‍ മുക്കോടുങ്കല്‍ വീട്ടില്‍ അനീഷ് വിശ്വനാഥ് (32), ചേര്‍ത്തല പട്ടണക്കാട് പൊന്നാംവെളി തൈച്ചിറയില്‍ വീട്ടില്‍ രാജേഷ് (39) എന്നിവരാണ് റിമാന്‍ഡിലായത്. ഇവര്‍ നല്‍കിയിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഇവര്‍ തൃപ്പൂണിത്തുറ പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു.
എടിഎം ല്‍ നിന്നും പണം പിന്‍വലിച്ചത് മൊബൈലില്‍ നിന്നും വീട്ടുകാരറിയുമെന്നു മനസിലാക്കിയ പെണ്‍കുട്ടിയും സുഹൃത്തും മുണ്ടക്കയത് റൂമെടുത്തു ഒളിവില്‍ പോയിരുന്നു. പെണ്‍കുട്ടിയെ കാണാത്തതിനാല്‍ ചോറ്റാനിക്കര പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇവരെ മുണ്ടക്കയത് നിന്നും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പോലീസുകാര്‍ പണം തട്ടിയ വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha