ഇടതുമുന്നണി അധ്യക്ഷ പദവിയില്‍ നിന്നും വി.എസ് പുറത്ത്... നഷ്ടമായത് ഒരു ദശാബ്ദത്തിലേറെയായി വഹിക്കുന്ന സ്ഥാനം, എല്‍ഡിഎഫ് പ്രാതിനിധ്യവും സംശയനിഴലില്‍

എല്‍ഡിഎഫ് അധ്യക്ഷപദവിയില്‍ നിന്നു മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പുറത്തായി. കഴിഞ്ഞ 19നു ചേര്‍ന്ന എല്‍ഡിഎഫ് നേതൃയോഗത്തില്‍ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഇക്കാര്യം വ്യക്തമാക്കി. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കുമെന്നു വിശ്വന്‍ പറഞ്ഞതു നിശബ്ദനായി വിഎസ് കേട്ടു. പിണറായി, തുടര്‍ന്ന് അധ്യക്ഷന്റെ ചുമതലയും നിര്‍വഹിച്ചു.
വിഎസ് ആണ് ഒരു ദശാബ്ദത്തിലേറെയായി എല്‍ഡിഎഫ് യോഗങ്ങളില്‍ അധ്യക്ഷത വഹിച്ചു വന്നത്. പുതിയ സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ എല്‍ഡിഎഫ് പ്രാതിനിധ്യവും സംശയത്തിന്റെ നിഴലിലാണ്. സിപിഎം അനുവദിച്ചാല്‍ മാത്രം എല്‍ഡിഎഫിലെ പാര്‍ട്ടി പ്രതിനിധികളിലൊരാളായി വിഎസിനു തുടരാം.
അധ്യക്ഷന്‍ എന്ന നിലയില്‍ സ്ഥിരം ഇരിക്കുന്ന കസേരയില്‍ തന്നെയാണു 19ലെ യോഗത്തിലും വിഎസ് ഇരിപ്പുറപ്പിച്ചത്. യോഗം നിയന്ത്രിക്കാനുള്ള ഒരുക്കത്തിലുമായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിന്നീടാണു വന്നത്. ഇതേത്തുടര്‍ന്നു, മുഖ്യമന്ത്രി അധ്യക്ഷത വഹിക്കുമെന്നു കണ്‍വീനര്‍ അറിയിച്ചു. വിഎസ് അതു കേട്ടെന്നോ, കേട്ടില്ലെന്നോ ഭാവിച്ചില്ല. പിണറായി ഇരിക്കുന്ന കസേര അധ്യക്ഷന്റെ കസേരയായി കണ്ടാല്‍ മതിയെന്ന് അപ്പോള്‍ ഘടകകക്ഷി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് പദവികള്‍ വഹിച്ചിരുന്നപ്പോഴാണു വിഎസ് മുന്നണിയുടെ അധ്യക്ഷപദവും അലങ്കരിച്ചിരുന്നത്. ആ പദവി നല്‍കുന്ന സ്ഥാനം കൂടിയാണത്. എന്നാല്‍, മുഖ്യമന്ത്രിപദത്തിനായുള്ള മല്‍സരത്തില്‍ പിന്തള്ളപ്പെട്ടതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് അധ്യക്ഷപദം വിഎസ് ആവശ്യപ്പെട്ടിരുന്നു. അതു നല്‍കില്ലെന്ന സിപിഎം തീരുമാനം കൂടിയാണു യോഗത്തില്‍ വ്യക്തമാക്കപ്പെട്ടത്. മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയും എന്ന വിശേഷണങ്ങളുടെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് യോഗങ്ങളിലെ അധ്യക്ഷപദവിയില്‍ തുടരാനായേക്കും എന്ന വിഎസിന്റെ പ്രതീക്ഷയും ഇതോടെ മങ്ങി.
അധികാരത്തിലുള്ള വേളയില്‍, എല്‍ഡിഎഫ് യോഗത്തിനു മുഖ്യമന്ത്രിയാണ് അധ്യക്ഷത വഹിക്കേണ്ടത് എന്നിരിക്കെ ഇതു സ്വാഭാവിക മാറ്റമാണെന്നു പാര്‍ട്ടി കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളില്‍ നിന്നു നേരത്തെ തന്നെ വിഎസിനെ ഒഴിവാക്കിയിരുന്നു. വിഎസ് പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും പിണറായി, കോടിയേരി ബാലകൃഷ്ണന്‍, വൈക്കം വിശ്വന്‍ എന്നിവരാണു സിപിഎമ്മിനെ പ്രതിനിധീകരിച്ചിരുന്നത്.
പാര്‍ട്ടിയുടെ താക്കോല്‍പദവികളില്‍ നിന്നു പുറത്തായപ്പോഴും അധ്യക്ഷസ്ഥാനം വഹിച്ചുകൊണ്ട് വിഎസ് എല്‍ഡിഎഫിലെ പ്രതാപം കാത്തുവെങ്കില്‍ അവിടെ നിന്നാണ് ഒഴിവാക്കപ്പെടുന്നത്. ഇതോടെ, മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാന്‍ വിഎസ് തുനിഞ്ഞില്ലെങ്കില്‍ പകരം തോമസ് ഐസക്, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍ എന്നിവരിലൊരാള്‍ക്കു നറുക്കു വീഴും. വിഎസ് അധ്യക്ഷപദമേല്‍ക്കാന്‍ പോകുന്ന ഭരണപരിഷ്‌കാര കമ്മിഷന്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ച ഇന്നത്തെ മന്ത്രിസഭാ യോഗത്തിലുണ്ടായേക്കാം.
https://www.facebook.com/Malayalivartha





















