കോടിയേരിയെപ്പറ്റിയുള്ള വാര്‍ത്ത; ഏഷ്യാനെറ്റ് ന്യൂസിനെ വിമര്‍ശിച്ച് എം.വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ നല്‍കിയ തെറ്റായ വാര്‍ത്തയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍ രംഗത്തെത്തി. കള്ളവാര്‍ത്തക്കാരന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കാകെ അപമാനം എന്ന തലക്കെട്ടോടെ തന്റെ ഫേസ്ബുക്ക് പേജായ ചുറ്റുവട്ടത്തിലാണ് ഏഷ്യാനെറ്റിനും മാധ്യമപ്രവര്‍ത്തകനുമെതിരെ എംവി ജയരാജന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
എംവി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
കള്ളവാര്‍ത്തക്കാരന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കാകെ അപമാനം
'നിങ്ങള്‍ സിപിഐഎം നേതാവോ
പ്രവര്‍ത്തകനോ ആണോ
എങ്കില്‍ നിങ്ങള്‍ക്ക് ചികിത്സ നടത്താന്‍പോലും
ഈ നാട്ടില്‍ ഞങ്ങള്‍ സമ്മതിക്കില്ല'
ഇത്തരം വാശി വച്ചുപുലര്‍ത്തുന്ന ചിലര്‍ അത് വാര്‍ത്തയായി ചമയ്ക്കുന്ന രീതികാണുമ്പോള്‍ മാധ്യമരംഗത്തെ കള്ളപ്രവര്‍ത്തനത്തെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്.26.07.2016 ന് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിക്കെതിരായ തെറ്റായ വാര്‍ത്തയാണ് ഈ കുറിപ്പിന് ആധാരം.
പ്രമേഹനിയന്ത്രണത്തിനായുള്ള ട്രീറ്റ്‌മെന്റാണ് ഏലസ്സായി ഈ മാധ്യമപ്രവര്‍ത്തകന്‍ ദൃശ്യസഹിതം തെറ്റിദ്ധരിപ്പിച്ചത്. പ്രമുഖ പ്രമേഹരോഗ വിദഗ്ദനായ ഡോ ജയദേവിന്റെ നിര്‍ദ്ദേശപ്രകാരം ശരീരത്തില്‍ ഘടിപ്പിച്ച പ്രമേഹ രോഗത്തിന്റെ തീവ്രത അളക്കാനുള്ള നവീന ഉപകരണമാണ് മാധ്യമപ്രവര്‍ത്തകന്‍ ഏലസ്സായി തെറ്റിദ്ധരിപ്പിച്ചത്. അത് തീര്‍ത്തും അന്തസ്സുകെട്ട മാധ്യമപ്രവര്‍ത്തനമായിപ്പോയി എന്ന് പറയാതെവയ്യ. 'നേരോടെ, നിര്‍ഭയം, നിരന്തരമല്ല'; 'നെറികേട്, നിര്‍ലജ്ജം, നിരന്തര'മായിപ്പോയി ഫലത്തില്‍ ഈ നേരത്തെ എഷ്യാനെറ്റ് വാര്‍ത്ത.
വസ്തുതാ പരിശോധന മാധ്യമപ്രവര്‍ത്തനത്തിന്റെ ബാലപാഠമാണ്. വാര്‍ത്ത വസ്തുതയായിരിക്കുകയും വേണം. ഒരു യഥാര്‍ത്ഥ ജേര്‍ണലിസ്റ്റ് അങ്ങനെയാണ് ചിന്തിക്കുക. എന്നാലിവിടെ ജനങ്ങളെയാകെ കള്ളദൃശ്യം കാട്ടി തെറ്റിദ്ധരിപ്പിക്കാനാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറും ചാനലും പരിശ്രമിച്ചത്. വാര്‍ത്ത നല്‍കുംമുന്നേ സ.കോടിയേരിയോട് നേരിട്ടോ അല്ലെങ്കില്‍ ചികിത്സിക്കുന്ന ഡോക്ടറോടോ ചോദിച്ചിരുന്നെങ്കില്‍ നിജസ്ഥിതി മനസ്സിലാക്കാനും ഉറപ്പിക്കാനും സാധിക്കുമായിരുന്നു. എന്നാല്‍ മലയാളികളെയാകെ തെറ്റിദ്ധരിപ്പിച്ചും വ്യക്തിഹത്യ നടത്തണമെന്നും മാധ്യമപ്രവര്‍ത്തകരെ പറയിപ്പിക്കണം എന്നും തീരുമാനിച്ചിറങ്ങിയയാള്‍ക്ക് എന്ത് വസ്തുതാ പരിശോധന..!
കമ്യൂണിസ്റ്റുകാരന് എതിരെയാണെങ്കില്‍ എന്തുപറയാം, ചെയ്യാം എന്നരീതി ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. മാധ്യമപ്രവര്‍ത്തനം എന്നല്ല ഇതിനെ വിളിക്കേണ്ടത്. രാഷ്ട്രീയ വിരോധം തീര്‍ക്കല്‍ എന്നുതന്നെയാണ്. ഒപ്പം വ്യക്തിഹത്യ കൂടിയാണിത്. സമൂഹത്തില്‍ ജനങ്ങളാകെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരെ ഇകഴ്ത്തിക്കാട്ടുന്നതിനുള്ള ഇത്തരം ശ്രമങ്ങള്‍ ഒരു മനോരോഗം തന്നെയാണെന്ന് സംശയിക്കണം. സ്വയം ചികിത്സിച്ചുഭേദമാക്കുന്നില്ലെങ്കില്‍ മാധ്യമലോകത്തിനും സമൂഹത്തിനും തീരാകളങ്കമായി അത്തരം മാധ്യമപ്രവര്‍ത്തനരീതി മാറും. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍ അത് അംഗീകരിച്ചുകൊടുക്കരുത്.
വസ്തുതാപരിശോധന പ്രവൃത്തിയുടെ ഭാഗമാക്കേണ്ടയാള്‍ അതുചെയ്യാതെ കള്ളദൃശ്യം കാട്ടി മലയാളികളെയാകെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചശേഷം അത് പിടിക്കപ്പെട്ടപ്പോള്‍ ക്ഷമാപണം നടത്തുന്നതില്‍ എന്ത് കാര്യം !?. അറിയാതെ സംഭവിച്ചതിനാണ് ക്ഷമാപണം ചേരുകയെന്ന് വിനയപൂര്‍വം ഓര്‍മ്മിപ്പിക്കട്ടെ. ഇനി ഇതില്‍, അഞ്ജനമെന്നാല്‍ എനിക്കറിയാം മഞ്ഞളുപോലെ വെളുത്തിട്ടെന്ന് വാശിപിടിച്ച് വാദിക്കാനാണ് തുടര്‍ന്നും ശ്രമമെങ്കില്‍ ഒരൊറ്റകാര്യമേ മലയാളികള്‍ അത്തരം റിപ്പോര്‍ട്ടറെ നോക്കി പറയൂ കിളിപോയിതുടങ്ങി.
മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ ശക്തിയാണ്. എന്നാലിന്ന് 'നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം' എന്നത് മാധ്യമഉടമയുടെ രാഷ്ട്രീയമായി മാറിയിരിക്കുന്നു. വിമര്‍ശിക്കാനല്ല, സംഹരിക്കാനാണ് ഇവിടെ ചിലമാധ്യമങ്ങളുടെ ശ്രമം. അത് മാറണം. അവര്‍ ചെയ്യുന്ന ഓരോ വാര്‍ത്തയും സത്യസന്ധതയുടെ അടയാളപ്പെടുത്തലുകള്‍ ആവട്ടെ.
'മാധ്യമ പ്രവര്‍ത്തനത്തിന്റെ ശക്തി, നാടുകടത്തപ്പെട്ടാലും ശരി നട്ടെല്ലുവളയ്ക്കില്ലെന്ന സ്വദേശാഭിമാനി കാട്ടിത്തന്ന പാതയില്‍ വീണ്ടെടുക്കപ്പെടട്ടെ' എന്നുപറഞ്ഞാണ് ജയരാജന്റെ പോസ്റ്റ് അവസാനിക്കുന്നത്.
ചികിത്സയുടെ ഭാഗമായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കോടിയേരി കയ്യില്‍ പ്രമേഹരോഗ തീവ്രതാ നിര്‍ണ്ണയമാപിനി കെട്ടിയത് ഏലസ്സായി ചിത്രീകരിച്ച് ഏഷ്യാനെറ്റില്‍ വന്ന വാര്‍ത്തയാണ് വിമര്‍ശിക്കപ്പെട്ടത്. തെറ്റായ വാര്‍ത്ത കൊടുക്കാനിടയായതില്‍ ഏഷ്യാനെറ്റ് രാത്രിയോടെ ഖേദം രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha





















