മലയാളികളെ കാണാതായ സംഭവം; മൂന്നുപേര്‍ക്കെതിരെ യു.എ.പി.എ ചുമത്തി

ദുരൂഹ സാഹചര്യത്തില്‍ യുവാക്കളെ കാണാതായ സംഭവത്തില്‍ പാലക്കാട് അന്വേഷണ സംഘം യു.എ.പി.എ ചുമത്തി. യാക്കര സ്വദേശികളായ ഈസ, യഹിയ, ഇവരുടെ ഭാര്യമാര്‍, കഞ്ചിക്കോട് സ്വദേശി ഷിബി എന്നിവരെ കാണാതായ സംഭവത്തിലാണ് പാലക്കാട് യു.എ.പി.എ ചുമത്തിയിരിക്കുന്നത്.
എറണാകുളം പാലാരിവട്ടത്ത് മെറിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ മുമ്പ് യു.എ.പി.എ ചുമത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് നിന്ന് കാണാതായവര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്, യു.എ.പി.എ ചുമത്തിയിരിക്കുന്നതും.
അന്വേഷണ സംഘത്തിന് യു.എ.പി.എ ചുമത്തുന്നതിന് ആവശ്യമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലാരിവട്ടത്ത് പൊലീസ് അറസ്റ്റിലായ ഖുറേഷിയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടാനുള്ള സാധ്യതയും പാലക്കാട്ടെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
കൊച്ചി തമ്മനം സ്വദേശിനിയായ മെര്‍ലിന്റെ സഹോദരന്‍ എബിന്‍ ജേക്കബ് സഹോദരിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയിലാണ് പൊലീസ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. പാലക്കാട് സ്വദേശി ബെസ്റ്റിന്‍ വിന്‍സന്റ് എന്ന യഹിയയുടെ ഭാര്യയാണ് മെര്‍ലിന്‍. ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷ കാണാതായ സംഭവത്തില്‍ മാതാവും തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനിയുമായ ബിന്ദു മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു.
പടന്ന, തൃക്കരിപ്പൂര്‍ മേഖലയിലെ അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ 15 മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട പരാതിയില്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സുനില്‍ ബാബു കേത്തുംകണ്ടിയുടെ നേതൃത്വത്തില്‍ 20 അംഗ സംഘം നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത ഒമ്പത് കേസുകളാണ് സംഘം അന്വേഷിക്കുന്നത്. തിരോധാനവുമായി ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികളായ ഐ.ബിയും എന്‍.ഐ.എയും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha





















