മണിയന്‍പിള്ള വധം: ആട് ആന്റണിക്ക് ജീവപര്യന്തം കഠിന തടവ്

കൊല്ലം പാരിപ്പള്ളി സ്‌റ്റേഷനിലെ ഡ്രൈവറായിരുന്ന മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്ക് ജീവപര്യന്തം കഠിന തടവ്. കൂടാതെ മറ്റ് കുറ്റകൃത്യങ്ങളിലായി പത്തു വര്‍ഷവും അഞ്ചു വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. കൂടാതെ 4.45 ലക്ഷം രൂപ പിഴയായും നല്‍കണം. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
കൊലപാതകം, കൊലപാത ശ്രമം, വ്യാജ രേഖ ചമയ്ക്കല്‍, വ്യാജരേഖ അസല്‍ രേഖയാണെന്ന് വ്യാജേന ഹാജരാക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചു പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ആട് ആന്റണി നടത്തിയതായി കോടതി കണ്ടെത്തിയത്. ഓരോ കുറ്റങ്ങള്‍ക്കും പ്രത്യേകമായാണ് ശിക്ഷ നല്‍കിയത്. കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും എ.എസ്.ഐ ജോയിലെ ആക്രിഗിച്ചതിന് കൊലപാതക ശ്രമത്തിന് പത്തു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും നല്‍കണം. മറ്റു കുറ്റകൃത്യങ്ങള്‍ക്ക് അഞ്ചു വര്‍ഷം തടവും അനുഭവിക്കണം. ഇവ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയോ എന്ന് വിധി പ്രസ്താവനത്തിന്റെ പൂര്‍ണ്ണ രൂപം ലഭിച്ചാലേ വ്യക്തമാകൂ. വിധി സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പിയാണ് മാധ്യമങ്ങളെ അറിയിച്ചത്.
ഈമാസം 20നാണ് ആട് ആന്റണി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 22ന് ശിക്ഷാവിധി പറയാന്‍ നിശ്ചയിച്ചുവെങ്കിലും കോടതിയിലെ സുരക്ഷാപ്രശ്‌നം മൂലം വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2012 ജൂണ്‍ 26നാണ് മണിയന്‍പിള്ളയെ ഡ്യൂട്ടിക്കിടെ വാഹനപരിശോധന നടത്തുമ്പോള്‍ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്. സംശയകരമായ സാഹചര്യത്തില്‍ വാഹനത്തില്‍ ആയുധങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധിക്കുമ്പോഴായിരുന്നു ആക്രമണം. തടയാന്‍ ശ്രമിച്ച എ.എസ്.ഐ ജോയിയെയും കുത്തിപ്പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് രക്ഷപ്പെട്ട ആട് ആന്റണിയെ മൂന്നു വര്‍ഷത്തിനു ശേഷം 2015 ഒക്‌ടോബര്‍ 14നാണ് പാലക്കാട് ഗോപാലപുരത്തുനിന്നും പോലീസ് പിടികൂടിയത്. അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയ കേസുകൂടിയാണ്.
സംഭവസമയം മണിയന്‍പിള്ളയ്ക്ക് ഒപ്പമുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ജോയിയുടെ മൊഴിയും പ്രോസിക്യുഷന് അനുകൂല ഘടകമായിരുന്നു. പോലീസുകാരനെ വധിച്ച ശേഷം കടന്ന ആടിനെ പിടികൂടാന്‍ കഴിയാതെ വന്നത് സേനയ്ക്ക് ആകെ നാണക്കേടായിരുന്നു. ആട് ആന്റണിയുടെ വിവിധ രൂപത്തിലുള്ള ചിത്രങ്ങള്‍ പോലീസ് രാജ്യമെമ്പാടും പ്രചരിപ്പിച്ചിരുന്നു. ഇതുകണ്ട പാലക്കാടുള്ള ഒരു പോലീസുകാരനാണ് ആടിനെ തിരിച്ചറിഞ്ഞത്. ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് ആട് പോലീസിന്റെ കുരുക്കില്‍ വീണത്.
https://www.facebook.com/Malayalivartha





















