ഉമ്മന്‍ചാണ്ടിക്ക് കുറിയിടും ജേക്കബ് തോമസ്; ഇന്നു ഞാന്‍ നാളെ നീ...

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ലഭിച്ചെന്ന് സൂചന. പ്രസ്തുത തെളിവ് കോടതിക്ക് കൈമാറാന്‍ കാത്തിരിക്കുകയാണ് ജേക്കബ് തോമസ്. വിജിലന്‍സ് എ.ഡിജിപിയായിരിക്കെ തന്നോട് മോശമായി പെരുമാറിയ ഉമ്മന്‍ചാണ്ടിയോടുള്ള ജേക്കബ് തോമസിന്റെ മധുര പ്രതികാരമായിരിക്കും ടൈറ്റാനിയം കേസ്. രണ്ടു മാസത്തിനകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വിജിലന്‍സിന് കഴിഞ്ഞ ദിവസം കോടതി നിര്‍ദ്ദേശം നല്‍കിയത്.
അതിനിടെ കോണ്‍ഗ്രസ് നേതാവ് കെ.കെ. രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടിക്കെതിരെ രംഗത്തെത്തിയത് വിജിലന്‍സിന് വലിയൊരു പിടിവള്ളിയായി മാറിയിരിക്കുകയാണ്. ടൈറ്റാനിയത്തില്‍ അഴിമതി നടത്താനാണ് മലിനീകരണ നിയന്ത്രണത്തിന്റെ ചുമതലയില്‍ നിന്നും ഉമ്മന്‍ചാണ്ടി തന്നെ ഒഴിവാക്കിയതെന്നാണ് കെ.കെ രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍.
2005 ല്‍ തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറി മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്. 2006 ല്‍ രണ്ടു പേര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് അഴിമതി അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടത്. എന്നാല്‍ 2006ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്നും രക്ഷിച്ചിരുന്നു.
ഇറക്കുമതി ചെയ്ത മാലിന്യ നിര്‍മാര്‍ജ്ജന ഉപകരണങ്ങളുടെ മൂല്യം നിശ്ചയിക്കാനാണ് വിജിലന്‍സ് നാലു മാസത്തെ സാവകാശം ചോദിച്ചത്. ഇതിനായി കമ്പനിയില്‍ നിന്നും പ്രതിനിധികളെ വിളിച്ചു വരുത്തേണ്ടി വരും. അന്നത്തെ ടൈറ്റാനിയം മാനേജിംഗ് ഡയറക്ടര്‍ ഈപ്പന്‍ ജോസഫ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്നു. ടൈറ്റാനിയം മലിനീകരണം വിവാദമായതോടെയാണ് മാലിന്യനിര്‍മാര്‍ജ്ജന ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനെതിരെ പ്രതികരിച്ചതിനാണ് കെ.കെ. രാമചന്ദ്രനെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കിയത്.
https://www.facebook.com/Malayalivartha





















