ആംബുലന്‍സ് തീപിടിച്ചു രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കാരണം കണ്ടെത്താനാവാതെ പോലീസ്, ഫോറന്‍സിക് വിദഗ്ദര്‍ നടത്തിയ പരിശോധനയും ഫലം കണ്ടില്ല

മാനന്തവാടിയിലെ ആശുപത്രിയില്‍നിന്നു കോട്ടയത്തെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഏറ്റുമാനൂര്‍ കട്ടച്ചിറ വരവുകാലായില്‍ വി.ജെ.ജയിംസ് (78), മകള്‍ അമ്പിളി (46) എന്നിവര്‍ ആംബുലന്‍സിനു തീ പിടിച്ച് മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ കണ്ടെത്താനാവാതെ പോലീസ് കുഴയുന്നു.ന്യുമോണിയ ബാധിതനായ ജെയിസിനെ മാനന്തവാടിയിലെ ആശുപത്രിയില്‍ നിന്നും കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പൊട്ടിത്തെറിയോടെ ആംബുലന്‍സിന് തീപിടിച്ചത്. കല്‍പറ്റയില്‍ നാട്ടുചികിത്സകനായിരുന്ന ജയിംസിനെ പനിബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ ത്തുടര്‍ന്ന് മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയില്‍നിന്ന് ചൊവ്വാഴ്ച ഉച്ചയോടെ ആംബുലന്‍സില്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു.
കല്‍പറ്റ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഐ.സി.യു സൗകര്യമുള്ള ആംബുലന്‍സിലായിരുന്നു യാത്ര. ആംബുലന്‍സ് മൂവാറ്റുപുഴ മീന്‍കുന്നത്ത് എത്തിയപ്പോള്‍ രോഗി കിടക്കുന്ന ഭാഗത്തെ ഓക്സിന്‍ സിലിണ്ടറിന്റെ സമീപത്തുനിന്ന് തീയും പുകയും ഉയര്‍ന്നു. രോഗിക്കൊപ്പമുണ്ടായിരുന്ന മെയില്‍ നഴ്സ് മെല്‍വിന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മുന്‍വശത്തെ വാതില്‍ വഴി പുറത്തുചാടി ഇതുവഴി ലക്ഷ്മിയെയും രക്ഷപ്പെടുത്തി. തീ ആളിപ്പടര്‍ന്ന് പെട്ടെന്ന് വാഹനം മുന്നോട്ടുകുതിച്ച് തൊട്ടടുത്ത പറമ്പിലേക്ക് മറിയുകയായിരുന്നു. ഉടന്‍ വന്‍ ശബ്ദത്തോടെ ആംബുലന്‍സ് പൊട്ടിത്തെറിച്ചു. ജയിംസും അമ്പിളിയും അവിടെവച്ചുതന്നെ മരികുരുകയും ചെയ്തിരുന്നു.
അപകടത്തിന് ഇരയായ ആംബുലന്‍സും സ്ഥലവും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അപകടത്തിന് കാരണം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം സംഭവിച്ച തീ വ്യാപിച്ച് ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന പ്രാഥമിക നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് പൊലീസ്. ഡീസല്‍ ടാങ്ക്, വണ്ടിയില്‍ അധികമായി സൂക്ഷിച്ചിരിക്കുന്ന ഓക്സിജന്‍ സിലിണ്ടര്‍ എന്നിവയ്ക്ക് ഒരു തകരാറും സംഭവിച്ചിട്ടില്ല. വണ്ടിയുടെ ഷാസിയുടെ അടിഭാഗത്തേക്ക് തീ പടര്‍ന്നിട്ടില്ല. ടയറുകള്‍ക്കോ അടിഭാഗത്തെ ഫിറ്റിങ്ങുകള്‍ക്കോ പുറമെ കാണാവുന്ന തകരാറൊന്നും സംഭവിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. എ.സി.യിലേക്ക് തീ പടര്‍ന്നത് ജ്വലനശേഷിയേറിയ ഫ്രിയോണ്‍ വാതക ചോര്‍ച്ച ഉണ്ടാക്കിയിരിക്കാമെന്നും ഇത് ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്നതിന് സഹായിച്ചുവെന്നും കരുതുന്നു. വട്ടം പൊളിഞ്ഞ ഓക്സിജന്‍ സിലിണ്ടറിന്റെ ഭാഗം വണ്ടിയിലുണ്ട്.
ഒന്നര മണിക്കൂറോളം സമയമെടുത്താണ് വാഹനം മൂവാറ്റുപുഴ ജോയിന്റ് ആര്‍ടിഒ ജേഴ്സണ്‍ ടി.എം., എംവിഐ സി.കെ. അബ്രഹാം എന്നിവര്‍ പരിശോധിച്ചത്. എ.സി.യും മറ്റ് ആധുനിക സംവിധാനങ്ങളും ഘടിപ്പിച്ചിരുന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമീക നിഗമനം. നാലു മാസം മാത്രം മുന്‍പു വാങ്ങിയ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. ഫോറന്‍സിക് വിദഗ്ധരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വാഹന അവശിഷ്ടങ്ങള്‍ പരിശോധിച്ചെങ്കിലും കൃത്യമായ നിഗമനത്തില്‍ എത്താനായില്ലെന്നതിനാലാണ് പോലീസ് അപകടത്തിന് തീവ്രത കൂടുന്നതിന് കാരണം ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാമെന്നു പോലീസ് കരുതുന്നത്. ഡീസല്‍ ടാങ്ക് പൊട്ടിത്തെറിക്കാതിരുന്നതു ദുരന്തം വ്യാപിക്കാതിരിക്കാന്‍ സഹായിച്ചു. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഡീസല്‍ ടാങ്കിനു ചോര്‍ച്ചയും കണ്ടെത്തി.
ആംബുലന്‍സിനുള്ളിലെ ലൈറ്റ് തകരാറായതിനെത്തുടര്‍ന്നു യാത്രാമധ്യേ ഫ്യൂസ് മാറ്റിയിരുന്നു. ഇതു ഷോര്‍ട് സര്‍ക്യൂട്ടിനു കാരണമായോ വാഹനത്തിന്റെ യന്ത്രഭാഗങ്ങളിലോ, മറ്റെവിടെയെങ്കിലുമോ ഉണ്ടായ തകരാര്‍ തീപടരാന്‍ കാരണമായിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വെന്റിലേറ്റര്‍ അടക്കം ഒരുക്കിയ ആംബുലന്‍സില്‍ സാങ്കേതിക തകരാര്‍ മൂലം ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടാകാനുള്ള സാധ്യത തള്ളാനാകില്ല. സിലിണ്ടറുകള്‍ ഒഴികെ, വലിയ സ്ഫോടനത്തിനോ തീപിടിത്തത്തിനോ സാധ്യതയുള്ള ഒന്നും അപകടസ്ഥലത്തുനിന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല.
കയറ്റം കയറുമ്പോള്‍ വാഹനത്തില്‍ നിന്നും ആംബുലന്‍സിനുള്ളില്‍ പൊട്ടിത്തെറി ശബ്ദം കേട്ടന്നും മുകളിലെത്തിയിട്ട് പരിശോധിക്കാമെന്ന് വിചാരിച്ചെങ്കിലും പിറകില്‍ നിന്നും തീ പടര്‍ന്നതിനാല്‍ കൂടെയുണ്ടായിരുന്നവരെ കഴിയുന്ന വിധത്തില്‍ രക്ഷിക്കാനായിരുന്നു താന്‍ ശ്രമിച്ചതെന്നുമാണ് ഡ്രൈവര്‍ കൃഷ്ണദാസ് നല്‍കുന്ന വിവരം. ഇറങ്ങിയ ഉടന്‍ പിന്നോട്ട് പോയ ആമ്പുലന്‍സ് നൂറ് മീറ്ററോളം അകലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് മറിഞ്ഞ് മരത്തില്‍ തങ്ങിനിന്നെന്നും ഈ സമയം പത്തടി വരെ ഉയരത്തില്‍ തീആളിപ്പടര്‍ന്നും ഇയാള്‍ പൊലീസില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സംഭവംകണ്ട് ഇതുവഴിയെത്തിയ വാഹനയാത്രികരാണ് പരിക്കേറ്റ ഹോംനേഴ്സ് ലക്ഷമിയെയും ജെയിംസിന്റെ മകന്‍ അഭിലാഷിന്റെ ഭാര്യ ജോയ്സിനെയും മൂവാറ്റുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. എയര്‍ഫോഴ്സില്‍ നിന്ന് വിരമിച്ച ജെയിംസ് വയനാട് കാട്ടിക്കുളത്ത് പ്രകൃതിചികിത്സാലയം നിര്‍മ്മിക്കുന്നിടത്തായിരുന്നു. പനിയും ശാരീരിക അസ്വസ്ഥതകളുമുണ്ടായതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുപോരാനിരിക്കുന്നതിനിടെ ന്യുമോണിയ കൂടി. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മകളും മരുമകളും സ്ഥലത്തെത്തി കല്പറ്റ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലെ ആംബുലന്‍സില്‍ കോട്ടയത്തേക്ക് കൊണ്ടുവരികയായിരുന്നു. വരുന്ന വഴിക്കു മൂവാറ്റുപുഴക്കു സമീപം മീന്‍കുന്നത് വച്ചാണ് അപകടം നടന്നത്.ആംബുലന്‍സ് പൊട്ടിത്തെറിച്ചതില്‍ ഡ്രൈവര്‍ അടക്കം ഒപ്പമുണ്ടായിരുന്ന നാലു പേര്‍ക്കു പരുക്കേറ്റു. ഹോം നഴ്സ് കുമളി സ്വദേശി ലക്ഷ്മിക്ക് 15% പൊള്ളലേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
കേന്ദ്രീയവിദ്യാലയത്തില്‍ അദ്ധ്യാപികയായിരുന്ന അമ്പിളി പൂവാറിലെ എസ്ച്വറി ഐലന്‍ഡ്, കോവളത്തെ ടര്‍ട്ടില്‍ ഓണ്‍ ദ ബീച്ച് എന്നീ പഞ്ചനക്ഷത്ര റിസോര്‍ട്ടുകളുടെ ഡയറക്ടറായിരുന്നു. അമ്പിളിയുടെ ഭര്‍ത്താവ് ഷാജി തോമസാണ് രണ്ടു ഹോട്ടലുകളുടെയും എംഡി.അമ്പിളിയുടെ മൃതദേഹം ഇന്നലെ കട്ടച്ചിറയിലെ കുടുംബവസതിയില്‍ എത്തിച്ചശേഷം തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. അമ്പിളിയുടെ സംസ്‌കാരം നാളെ 11 പിഎംജി ക്നാനായ പള്ളിയില്‍ നടക്കും. ജയിംസിന്റെ സംസ്‌കാരം പിന്നീട് നടക്കും.
https://www.facebook.com/Malayalivartha





















