മക്കള്‍ ഇറക്കിവിട്ട മുന്‍ എം.എല്‍.എ രോഗാതുരനായി അനാഥാലയത്തില്‍

വളര്‍ത്തിവലുതാക്കിയ മൂന്ന് മക്കള്‍ ഉന്നത നിലയില്‍ കഴിയുമ്പോള്‍ വാഴൂര്‍ മുന്‍ എം.എല്‍.എ അഡ്വ. കടയണിക്കാട് പുരുഷോത്തമന്‍ പിള്ളയ്ക്ക് വാര്‍ദ്ധക്യകാലത്ത് അനാഥാലയത്തില്‍ അഭയം തേടേണ്ടിവന്നു.
പ്രാദേശിക നേതാക്കളാണ് ,ഒരുകാലത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധേയനായിരുന്ന ഈ സി.പി.ഐ നേതാവ് മക്കള്‍ ഉപേക്ഷിച്ച നിലയില്‍ പലയിടങ്ങളില്‍ കറങ്ങി നടക്കുന്നതു കണ്ട് പത്തനാപുരം ഗാന്ധിഭവനില്‍ എത്തിച്ചത്. കടുത്ത രോഗങ്ങളോട് മല്ലിടുന്ന ഇദ്ദേഹത്തെ ഗാന്ധിഭവന്‍ പ്രവര്‍ത്തകരാണ്് ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് മാറിമാറി കൊണ്ടുപോകുന്നത്.
രണ്ട് ആണ്‍മക്കളും മകളുമാണ് പുരുഷോത്തമന്‍ പിള്ളയ്ക്കുള്ളത്. ഒരു മാസത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗാന്ധിഭവന്‍ പ്രവര്‍ത്തകര്‍ ഇക്കാര്യം പലതവണ ആണ്‍മക്കളെ വിളിച്ചു പറഞ്ഞിരുന്നു. മക്കളെ അന്വേഷിച്ച് പത്രത്തില്‍ പരസ്യംവരെ കൊടുത്തെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. മക്കളെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചെന്ന വിവരം മകനോട് അറിയിച്ച സിസ്റ്ററോട് മകന്‍ മോശമായി സംസാരിച്ചതായി ഗാന്ധിഭവന്‍ ചെയര്‍മാന്‍ പുനലൂര്‍ സോമരാജന്‍ പറഞ്ഞു.തലസ്ഥാനത്തെ അഭിഭാഷക സംഘടനാ നേതാവാണ് മകന്‍.
പിതാവ് ഇവിടെയുണ്ടെന്നും വന്നാല്‍ കൊണ്ടുപോകാമെന്നും ഗാന്ധിഭവനില്‍ നിന്ന് പലതവണ വിളിച്ചു പറഞ്ഞിട്ടും മക്കള്‍ എത്തിയില്ല. കഴിഞ്ഞ ആഴ്ച മുഴുവന്‍ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. എണ്‍പത്തിയേഴ് വയസുണ്ട്. ഓര്‍മ്മക്കുറവുണ്ട്. സംസാരിക്കാന്‍ പോലുമാവാത്ത വിധം അവശനാണ്. മകളും ഭര്‍ത്താവും ഒരുതവണ വന്നു കണ്ടിരുന്നു. എന്നാല്‍ തന്നോടൊപ്പം അച്ഛനെ താമസിപ്പിച്ചാല്‍ പ്രശ്‌നമുണ്ടാക്കുമെന്ന് സഹോദരന്മാര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.
വീട്ടില്‍ നിന്ന് ഇറക്കിവിട്ടതാണെന്നും പോകാന്‍ മറ്റിടങ്ങള്‍ ഒന്നുമില്ലെന്നുമാണ് പിള്ള പറയുന്നത്. എം.എല്‍.എ പെന്‍ഷന്‍ എടുക്കാന്‍ ഗാന്ധിഭവന് അദ്ദേഹം അനുമതി നല്‍കിയിരുന്നു. എന്നാല്‍ അത് സ്വീകരിക്കേണ്ടെന്നാണ് തീരുമാനമെന്ന് പുനലൂര്‍ സോമരാജന്‍ പറഞ്ഞു.
ഇതിനിടെ, പൊതുതാല്‍പര്യാര്‍ത്ഥം ഫയല്‍ ചെയ്ത പരാതിയില്‍ കടയണിക്കാട് പുരുഷോത്തമന്‍ പിള്ളയുടെ സ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha





















