മുഖ്യന്റെ തന്ത്രം: മന്ത്രി വാഹനത്തിലെ ക്രമനമ്പര്‍ കളഞ്ഞത് ജയരാജനും ചന്ദ്രശേഖരനും

മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് എന്ന് നമ്പര്‍ നല്‍കുന്ന കീഴ്‌വഴക്കം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതിനു പിന്നിലുള്ളത് മന്ത്രിമാരായ ഇ.പിജയരാജനും കെ ചന്ദ്രശേഖരനും തമ്മിലുള്ള സീനിയോറിറ്റി തര്‍ക്കം. സിപിഐയുടെ മന്ത്രിയായ തനിക്ക് രണ്ടാം നമ്പര്‍ വേണമെന്ന് മന്ത്രി ചന്ദ്രശേഖരന്‍ വാദിച്ചപ്പോള്‍ അത് സാധ്യമല്ലെന്ന നിലപാടാണ് മന്ത്രി ജയരാജന്‍ സ്വീകരിച്ചത്. ജയരാജനാണ് വ്യവസായ മന്ത്രി. കഴിഞ്ഞ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിക്കാണ് രണ്ടാം നമ്പര്‍ വാഹനം ഉണ്ടായിരുന്നത്. എന്നാല്‍ പി.കെ കുഞ്ഞാലിക്കുട്ടി യുഡിഎഫിലെ രണ്ടാമത്തെ ഘടകകക്ഷിയുടെ നേതാവായിരുന്നു. എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ നേതാവായ തനിക്ക് രണ്ടാംനമ്പര്‍ വേണമെന്നാണ് മന്ത്രി ചന്ദ്രശേഖരന്റെ ആവശ്യം. മാത്രവുമല്ല പൊതുഭരണം കഴിഞ്ഞാല്‍ എറ്റവും പ്രധാന വകുപ്പായ റവന്യൂ ഭരിക്കുന്നതും താനാണ്.
റവന്യൂ മന്ത്രി ചന്ദ്രശേഖരന്റെ ആവശ്യം ന്യായമാണെന്നു തന്നെയാണ് പിണറായി വിജയന്റെ നിലപാട്. എന്നാല്‍ ഇപി ജയരാജന്റെ കടുംപിടുത്തത്തിന് മുന്നില്‍ പിണറായിക്ക് മുട്ടുമടക്കാതിരിക്കാന്‍ കഴിയുന്നില്ല. ജയരാജന് രണ്ടാം നമ്പര്‍കൂടിയേ തീരൂ എന്ന നിലപാട് തുടര്‍ന്നപ്പോഴാണ് ഒന്നും വേണ്ടെ രണ്ടും വേണ്ടെന്ന നിലപാട് പിണറായി സ്വീകരിച്ചത്. ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ സഹായിച്ചത്. വിവാദം കൊഴുത്തപ്പോള്‍ തച്ചങ്കരിയുടെ സര്‍ക്കുലര്‍ മന്ത്രിമാരുടെ കാര്യത്തിലും നടപ്പിലാക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നിയമവകുപ്പിന്റെ അഭിപ്രായവും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തേടിയിരുന്നു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഒഴിവാക്കാനാവില്ലെന്നാണ് നിയമവകുപ്പും നിര്‍ദ്ദേശം നല്‍കിയത്.
നമ്പര്‍ കളയുന്നതോടെ ചന്ദ്രശേഖരനും ജയരാജനും നീരസമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നീരസത്തെക്കാളുപരി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്ന ചിന്താഗതിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കുള്ളത്.
https://www.facebook.com/Malayalivartha






















